മലപ്പുറം: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് ഡിവഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നേക്കും. വഴിക്കടവ് ഡിവിഷനിൽ നിന്നും വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി സുധീഷിന് പൊലീസിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്.

ഏഷ്യയിലെ തന്നെ പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയാണ് സുധീഷ്. സുധീഷിന്റെ സ്ഥാനാർത്ഥിത്വം ഏറെ വാർത്ത പ്രാധാന്യം നേടുകയും ചരിത്രത്തിൽ ഇടം നേടുകയും ചെയ്തിരുന്നു. സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് സുധീഷ് മത്സരിച്ച് വിജയിച്ചത്. ജോലി ലഭിച്ചതോടെ ബ്ലോക്ക് മെമ്പർ സ്ഥാനം രാജിവെക്കാനുള്ള ഒരുക്കത്തിലാണ് സുധീഷ്.

ചോലനായ്ക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയെന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയ സുധീഷിന് ഇപ്പോൾ ജോലി ലഭിച്ചതും മറ്റൊരു ചരിത്ര സംഭവമാണ്. ഈ വിഭാഗത്തിൽ നിന്നുള്ള ആദ്യ പൊലീസുകാരനെന്ന ബഹുമതിയും ഇതോടെ സുധീഷിനെ തേടിയെത്തിയിരിക്കുകയാണ്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ടാഴ്ച പിന്നിടും മുമ്പെയാണ് സുധീഷിനെ തേടി ജോലി ലഭിച്ചുവെന്ന വാർത്തയുമെത്തിയത്.

വനത്തിനകത്തും വനത്തിനോട് ചേർന്നും താമസിക്കുന്ന പ്രാക്തഗോത്ര വിഭാഗങ്ങളായ ചോലനായ്ക്കർ, കാട്ടുനായ്ക്കർ, പണിയർ വിഭാഗത്തിൽ പെട്ട ഉദ്യാഗർത്ഥികൾക്ക് വേണ്ടി കേരള പൊലീസ് നടത്തിയ പ്രത്യേക റിക്രൂട്ട്മെന്റ് വഴിയാണ് സുധീഷിന് ജോലി ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തയ്യാറാക്കിയ ഈ നിയമനത്തിന്റെ റാങ്ക് പട്ടികയിൽ സുധീഷിനായിരുന്നു രണ്ടാം റാങ്ക്. കഴിഞ്ഞ ദിവസം വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് ജോലി ലഭിച്ച കാര്യം സുധീഷിനെ അറിയിച്ചത്.

വഴിക്കടവ് ഉൾവനത്തിൽ അളക്കൽ കോളനിയിലെ മൂപ്പന്റെയും ബീനയുടെയും മകനാണ് 21 വയസ്സുള്ള സുധീഷ്.1096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി സുധീഷ് വഴിക്കടവ് ഡിവിഷനിൽ നിന്നും വിജയിച്ചത്.

അതേ സമയം ജോലി ലഭിച്ചാൽ മെമ്പർ സ്ഥാനം രാജിവെക്കുമെന്നും ജോലിയിൽ പ്രവേശിക്കുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയെ അറിയിച്ചിരുന്നതായി സുധീഷ് പറഞ്ഞു.പിഎസ്‌സിയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറക്ക് പൊലീസ് ട്രെയിനിംഗിന് പോകുമെന്നും സുധീഷ് അറിയിച്ചു.