ചെന്നൈ: രജനീകാന്തിന്റെ പാർട്ടിയുടെ ആശയവും ലക്ഷ്യവും ചോദ്യം ചെയ്ത് സിപിഎമ്മും വിടുതലൈ മക്കൾ കക്ഷി (വിസികെ)യും. ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണ് രജനീകാന്തിന്റെ പാർട്ടിയെന്ന വിമർശനം വി സി.കെ നേതാവ് തിരുമാവഴകൻ ഉയർത്തിയപ്പോൾ സ്വകാര്യ കമ്പനി പോലെയാണ് രാഷ്ട്രീയ പാർട്ടി രൂപീകരണം എന്നാണ് സ്‌റ്റൈൽ മന്നൻ വിചാരിച്ചിരിക്കുന്നതെന്നായിരുന്നു സിപിഎം വിമർശനം.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ നില നിൽക്കുമ്പോൾ പോലും രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് പിന്നിൽ ബിജെപി, ആർഎസ്എസ്. ശക്തികളാണ്. അദ്ദേഹം ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണെന്ന് കാഞ്ചീപുരത്ത് മാധ്യമപ്രവർത്തകരോട് തിരുമാവളകൻ പറഞ്ഞു. ആർക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാം. എന്നാൽ അതിനായി തെരഞ്ഞെടുക്കുന്ന സമയം സംശയാസ്പദമാണെന്നായിരുന്നു സിപിഎം തമിഴ്‌നാട് തലവൻ ബാലകൃഷ്ണൻ പറഞ്ഞത്. ''അദ്ദേഹത്തോട് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ആരും പറയുന്നില്ല. ആർക്കും രാഷ്ട്രീയത്തിലേക്ക് വരാം. എന്നാൽ ഈ രീതിയിലാണെങ്കിൽ സംസ്ഥാനത്തിന് ഒരു മാറ്റവും വരില്ല. ഒരു കമ്പനി തുടങ്ങുന്നത് പോലെ നിങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാകില്ല. എന്നാൽ അദ്ദേഹം പറയുന്ന അത്ഭുതപ്പെടുത്തലും വിസ്മയപ്പിക്കലുമെല്ലാം സ്വപ്‌നങ്ങളിൽ മാത്രമേ ഉണ്ടാകൂ.

തമിഴ്‌നാട്ടിലെ ചെറുപാർട്ടികളെയെല്ലാം ചേർത്ത് രജനീകാന്ത് ഒരു മൂന്നാം മുന്നണിക്കായി ശ്രമിക്കുന്നു എന്ന ഊഹാപോഹവും പ്രചരിക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടിലെ ചെറു കക്ഷികളായ ഇവർ രംഗത്ത് വന്നിരിക്കുന്നത്. 2021 തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ അടുത്ത വർഷം ജനുവരിയിൽ രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ രജനീ മക്കൾ മൺട്രം വഴി പാർട്ടിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ രജനീകാന്ത് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ 60 ഭാഗമായി തിരിച്ച് ആർഎംഎം നേതാക്കളെ ഓരോ ഏരിയയുടെയും ചുമതല നൽകിയിരിക്കുകയാണ്. അതു പോലെ തന്നെ തന്റെ മുഖ്യ സംഘടകരായി ബിജെപി അനുഭാവികളായ അർജുന മൂർത്തിയേയും തമിളരുവി മണിയനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.