തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് രാത്രികാലങ്ങളിൽ മാത്രം വെള്ളം ഒഴുക്കിവിടുന്നത് തുടരുന്നതിനിടെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.

മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലങ്ങളിൽ വെള്ളം ഒഴുകി വിടുന്നു. ആദ്യം തുറന്നു വിട്ടപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി ചെയ്തത്. ആ കത്ത് ചെന്നൈയിൽ കിട്ടിയോ ഇല്ലയോ എന്നറിയില്ല.

രാത്രിയിൽ ഡാം തുറന്നാൽ വെളുപ്പിന് രണ്ടര- മൂന്ന് മണിക്ക് പെരിയാർ തീരത്തുള്ളവരുടെ വീടുകളിൽ വെള്ളം കേറുകയാണ്. തുടർച്ചയായി ഇത് ആവർത്തിക്കുകയാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശൻ വിമർശിച്ചു.

ജലവിഭവവകുപ്പ് മന്ത്രിയുടെ ഇന്ന് രാവിലെയുള്ള പ്രസ്താവന കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു പോയി. തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നത് വേദനാജനകമാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇവിടൊരു മേൽനോട്ടസമിതിയുണ്ട്. 2014-ലെ സുപ്രീംകോടതി വിധിയിലൂടെ രൂപീകരിച്ച സമിതിയാണത്. കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു അത്. സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാനും കേരളത്തിന്റേയും തമിഴ്‌നാടിന്റേയും പ്രതിനിധികളും ആ സമിതിയിലുണ്ട്. ആ സമിതിയിലുണ്ടായ പ്രധാന ധാരണകളിലൊന്ന് തമിഴ്‌നാട് ഷട്ടർ തുറന്ന് വെള്ളമൊഴുക്കി വിടും മുൻപ് കേരളത്തെ അറിയിക്കുമെന്നാണ്. രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കി വിടില്ലെന്നും ധാരണയിലുണ്ട്.

കഴിഞ്ഞ ദിവസം ഞാൻ അവിടെ പോയതാണ്. ഡീൻ കുര്യാക്കോസിന്റെ ഉപവാസ സമരത്തിൽ പങ്കെടുക്കാൻ. അതീവദയനീയമാണ് അവിടുത്തെ സ്ഥിതി. രാത്രിയിൽ ഡാം തുറന്നാൽ വെളുപ്പിന് രണ്ടര- മൂന്ന് മണിക്ക് പെരിയാർ തീരത്തുള്ളവരുടെ വീടുകളിൽ വെള്ളം കേറുകയാണ്. തുടർച്ചയായി ഇത് ആവർത്തിക്കുകയാണ്.

എന്തു കൊണ്ട് ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കുന്നില്ല. ചീഫ് സെക്രട്ടറി തല ചർച്ച നടക്കുന്നില്ല. എന്തു കൊണ്ടു മേൽനോട്ട സമിതി കൂടുന്നില്ല. എന്തു കൊണ്ട് സുപ്രീംകോടതിയെ ഈ വിവരം അറിയിക്കുന്നില്ല. ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സർക്കാർ ആരെയോ ഭയപ്പെടുകയാണ്. എന്തു കൊണ്ടാണ് സർക്കാർ രാത്രികാലങ്ങളിൽ വെള്ളം തുറന്നു വിടുന്നതിൽ ശക്തമായ പ്രതിഷേധം അറിയിക്കാത്തത്. മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു കാര്യവും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മിണ്ടാതിരുന്നാൽ ഈ പ്രശ്‌നത്തിൽ നിന്നും ഒളിച്ചോടാൻ സാധിക്കുമോ. യഥാർത്ഥ പ്രശ്‌നങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പാവപ്പെട്ട ജനങ്ങൾ വീട്ടിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന ഈ സമയത്തെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം.

സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ വീണ്ടും വെള്ളം തുറന്നുവിടുന്നത് തമിഴ്‌നാട് തുടരുകയാണ്. മുല്ലപ്പെരിയാർ സ്പിൽവേയുടെ ഒൻപത് ഷട്ടറുകളും തുറന്ന തമിഴ്‌നാട് 12654 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വലിയ തോതിൽ വെള്ളം എത്തിയതോടെ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്‌ലതന്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി.

കേരളം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുലുങ്ങാതെ തമിഴ്‌നാട്. മുഖ്യമന്ത്രി കത്തെഴുതിയ ശേഷം അഞ്ചാം തവണയും മുല്ലപ്പെരിയാർ രാത്രിയിൽ തന്നെ തുറന്നുവിട്ടത്. അതും കഴിഞ്ഞ പ്രളയത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ. രാത്രി എട്ടരയ്ക്ക് ഡാം തുറക്കുമെന്ന അറിയിപ്പ് തമിഴ്‌നാട് നൽകിയത് അര മണിക്കൂർ മുൻപേയാണ്. വണ്ടിപ്പെരിയാറിൽ ഓടിയെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ രൂക്ഷമായി തന്നെ തമിഴ്‌നാടിനെ വിമർശിച്ചു.

മുല്ലപ്പെരിയാറിന്റെ കാച്ച്‌മെന്റ് ഏരിയയായ പെരിയാർ കടുവാ സങ്കേതത്തിലും തമിഴ്‌നാട്ടിലെ അപ്പർ മണലാർ, ശിവഗിരി, രാജപാളയം മേഖലകളിലും വൈകീട്ട് പെയ്ത മഴയാണ് വലിയ തോതിൽ വെള്ളം തുറന്നുവിടാൻ ഇടയാക്കിയത്. എന്തുവില കൊടുത്തും ഡാമിൽ 142 അടിയിൽ വെള്ളം നിലനിർത്താൻ ശ്രമിക്കുന്ന തമിഴ്‌നാട് ഉദ്യോഗസ്ഥർ പതിവ് തെറ്റിച്ചില്ല. അവസാനം വരെ കാത്തിരുന്ന ശേഷമാണ് വെള്ളം തുറന്നുവിട്ടത്. വിഷയം വീണ്ടും തമിഴ്‌നാടിന് മുന്നിൽ ഉന്നയിക്കാൻ സർക്കാർ ഒരുങ്ങുന്നുണ്ടെങ്കിലും ഫലം എന്തായിരിക്കുമെന്ന് വണ്ടിപ്പെരിയാറുകാർക്ക് ഇപ്പോൾ നല്ല നിശ്ചയം ഉണ്ട്.

മുല്ലപ്പെരിയാറിൽ നിന്ന് അധികജലം എത്തിയ സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നു. ഒരു ഷട്ടർ 60 സെന്റീമീറ്റർ ഉയർത്തി ഉയർത്തി സെക്കൻഡിൽ അറുപതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആവശ്യമെങ്കിൽ ഇത് 150 ക്യൂമേക്‌സ് വരെ ഉയർത്തും. ഈ വർഷം ഇത് നാലാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. അതും ഒന്നര മാസത്തിനിടെ. ജലനിരപ്പ് 2401 അടിയിലേക്ക് ക്രമീകരിക്കുന്നത് വരെ വെള്ളം തുറന്നു വിടും എന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാറിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല എങ്കിലും തീരങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടവും പറഞ്ഞു. 2401.58 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്