കോഴിക്കോട്: യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ മനോരമയെ കടന്നാക്രമിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. കോൺഗ്രസുകാരുടെ പ്രിയപ്പെട്ട പത്രമായ മനോരമയെ വിമർശിക്കാൻ കോൺഗ്രസ് നേതാക്കളാരും തയ്യാറാവുമായിരുന്നില്ല. പുതിയ നേതൃത്വം വന്നതോടെ വീക്ഷണത്തിനും ധൈര്യം കൂടിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. മനോരമ ദേശാഭിമാനിക്ക് പഠിക്കുകയാണെന്നും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് വീക്ഷണം ഓൺലൈനിന്റെ മുന്നറിയിപ്പ്.

യൂത്ത് കോൺഗ്രസ് പുനഃസംഘടന മാറ്റിവെക്കാൻ കെ പി സിസി പ്രസിഡന്റ് ഇടപെട്ടു എന്ന വാർത്തയാണ് വീക്ഷണത്തെ പ്രകോപിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പുനഃസംഘടന മാറ്റിവെക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയതോടെയാണ് യൂത്ത് കോൺഗ്രസ് പുനഃസംഘടന നിർത്തിവെച്ചു എന്ന വാർത്തക്കെതിരെ വീക്ഷണം രംഗത്തെത്തിയത്.

കെ സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ഈ കടന്നാക്രമണമെന്നാണ് അറിയുന്നത്. കോൺഗ്രസിനെതിരെയുള്ള വാർത്തകളെ അതേ രീതിയിൽ നേരിടാനാണ് കെ സുധാകരന്റെ നിർദ്ദേശം. മനോരമയെ അമിതമായി ആശ്രയിക്കുന്ന കോൺഗ്രസുകാരെയും വീക്ഷണം വിമർശിക്കുന്നുണ്ട്.കോൺഗ്രസ്സ് ആഭ്യന്തരകാര്യങ്ങൾ തീരുമാനിക്കുന്നതും അത് ജനങ്ങളെ അറിയിക്കുന്നതും ദേശാഭിമാനിയായിരുന്നെങ്കിൽ അതിപ്പോ ഏറ്റെടുത്തിരിക്കുന്നത് മലയാള മനോരമയാണെന്ന് വീക്ഷണം പറയുന്നു.

വ്യാജവാർത്തകൾ നല്കി മനോരമ കോൺഗ്രസ്സ് പ്രസ്ഥാനത്തെ തകർക്കാൻ ആരിൽ നിന്നാണു അച്ചാരം വാങ്ങിയതെന്ന് വെളിപ്പെടുത്തണം. കോൺഗ്രസ്സ് പാർട്ടിക്കുള്ളിൽ നടക്കുന്നതും നടക്കാത്തതും മാത്രമല്ല നടക്കാൻ പോകുന്നതുമൊക്കെ ഭാവനയിൽ കണ്ട് വാർത്തയാക്കുമ്പോൾ വിശ്വാസ്യത നഷ്ടപെടുന്നത് മനോരമ മനസിലാക്കുന്നില്ലയെന്നത് ഖേദകരം. മനോരമ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും കോൺഗ്രസ്സ് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അത് വഴി പ്രചാരം വർദ്ധിപ്പിക്കുകയും ചെയ്യുന്ന രീതി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണു. പക്ഷേ മനോരമയ്ക്കും തെറ്റി കോൺഗ്രസ്സ് പാർട്ടിയും പ്രവർത്തകരും മനോരമയെ അന്ധമായി വിശ്വസ്സിച്ചിരുന്ന കാലഘട്ടമൊക്കെ മാറി ഇപ്പോൾ കോൺഗ്രസ്സുകാരെ പറ്റിയും മനോരമ നല്ലത് പറഞ്ഞാൽ കോൺഗ്രസ്സുകാർക്ക് തെറ്റുപറ്റിയെന്ന് മനസിലാക്കാനുള്ള ബോധമൊക്കെ പ്രവർത്തർക്കും നേതാക്കൾക്കും ഉണ്ടായിട്ടുണ്ട്.

വാർത്തയും ചിത്രയും മനോരഹരമായി കൊടുത്ത് അകത്തെ പേജിലും വരികൾക്കിടയിലും വമ്പൻ ട്വിസ്റ്റ് കാത്തുവയ്ക്കുന്ന രീതിയൊന്നും ഇനി കോൺഗ്രസ്സുകാർക്കിടയിൽ ചെലവാക്കില്ല. പിണറായി സ്തുതിയും മോദി സ്തുതിയുമൊക്കെ ആകാം പക്ഷേ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ ഒരു മാധ്യമ മുതലാളിക്കും അവകാശമില്ലെന്നും വീക്ഷണം വ്യക്തമാക്കുന്നു.

യൂത്ത് കോൺഗ്രസ്സ് പുനഃസംഘടന നിർത്തിവച്ച വാർത്ത കൊടുക്കുമ്പോൾ അതിൽ വാസ്തവത്തിന്റെ കണിക പോലുമില്ലയെന്നത് മനോരമയും വ്യാജവാർത്ത നല്കിയ ലേഖകനും മനസിലാക്കണം അല്ലെങ്കിൽ അതിന്റെ വാസ്തവസ്ഥിതി പാർട്ടിയിലെ ഉത്തരവാദിത്വപെട്ടവരോട് ചോദിക്കണം. കെപിസിസി അങ്ങനെയൊരു ഇടപെടൽ നടത്തിയിട്ടില്ലയെന്നും പുനഃ സംഘടന വേണ്ടയെന്ന് പറഞ്ഞിട്ടില്ലയെന്നും പ്രസിഡന്റ് തന്നെ പത്രപ്രവർത്തകരോട് പറയുമ്പോൾ ഇങ്ങനെയൊരു വ്യാജവാർത്ത ലേഖകനു എവിടെനിന്ന് കിട്ടിയെന്ന് മനോരമ വെളിപെടുത്താൻ തയ്യാറാകണം. മാധ്യമപ്രവർത്തനം സുതാര്യവും സത്യസന്ധവുമാകണം അല്ലെങ്കിൽ തലകെട്ടിലെ ചിത്രത്തിലുള്ള ധർമ്മോസ്തക് കുലദൈവകം എന്ന വചനം ഒഴിവാക്കി അച്ചടിക്കണമെന്നും വീക്ഷണം മനോരമ മാനേജ്‌മെന്റിനോട് വ്യക്തമാക്കുന്നുണ്ട്.