പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് ആറന്മുള പള്ളിയോട സേവാസംഘം പിന്തുണ നൽകുന്നുവെന്ന രീതിയിലുള്ള പ്രചാരണത്തിനെതിരേ കരകളിൽ ബഹളം. സേവാസംഘം സെക്രട്ടറിയുടേതെന്ന പേരിൽ പാർട്ടി പത്രത്തിൽ അടക്കം വന്ന പ്രസ്താവന നിഷേധിച്ച് പള്ളിയോട സേവാ സംഘം രംഗത്ത്. ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച വീണ മാത്രമല്ല, മറ്റുള്ള എംഎൽഎമാരും എംപിമാരും പള്ളിയോട സേവാസംഘത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ടെന്നും വിശദീകരണം വന്നു.

പള്ളിയോട സേവാസംഘം ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് വ്യാജപ്രചാരണം ആരംഭിച്ചത്. പള്ളിയോട സേവാസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യം നിഷേധിച്ചു. മഹാപ്രളയം മൂലം പള്ളിയോട സേവാസംഘത്തിന് നേരിട്ട നഷ്ടം നികത്തുന്നതിന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ധനമന്ത്രി 2019 ഫെബ്രുവരി ആറിന് നിയമസഭയിൽ പ്രഖ്യാപനം നടത്തിയെങ്കിലും ഒരു സഹായവും ലഭിച്ചില്ല. വസ്തുതകൾ ഇതായിരിക്കേ പള്ളിയോടസേവാസംഘം ഒരു സ്ഥാനാർത്ഥിയെ മാത്രം പിന്തുണച്ചതായി വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്.

പള്ളിയോട സേവാസംഘം ഒരു സാംസ്‌കാരിക സംഘടനയെന്ന നിലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്നു. പിന്തുണ നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് സെക്രട്ടറി പിആർ രാധാകൃഷ്ണൻ അറിയിച്ചു. ഇദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പാർട്ടി പത്രം വാർത്ത നൽകിയത്. കാലാകാലങ്ങളിൽ പള്ളിയോട കരകളെ പ്രതിനിധീകരി ച്ചിരുന്ന ജനപ്രതിനിധികളെല്ലാം തന്നെ സഹായിച്ചിട്ടുണ്ട്. മന്ത്രിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും നേരിൽ കാണുന്നതിനും എല്ലാക്കാലത്തും ഇവർ സഹായിച്ചിട്ടുമുണ്ട്.

പമ്പയിലെ പുറ്റുകൾ നീക്കുന്നതും റാമ്പുകളും കടവുകളും നിർമ്മിക്കുന്നതും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ കാലാകാലങ്ങളായി ഉണ്ടായിട്ടുണ്ട്. എംപിമാരും എംഎൽഎ മാരും എല്ലാക്കാലത്തും സഹായിച്ചിട്ടുമുണ്ട്. മഹാപ്രളയം മൂലം പള്ളിയോട സേവാസംഘത്തിന് നേരിട്ട നഷ്ടം നികത്തുന്നതിന് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. 2015 ൽ കേന്ദ്ര മന്ത്രി മഹേഷ് ശർമ ജലോത്സവത്തിനെത്തിയ പുരുഷാരംസാക്ഷിയാക്കി 51 ലക്ഷം രൂപ ഗ്രാന്റ് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലഭിച്ചില്ല.

സംസ്ഥാന ടൂറിസം വകുപ്പ് ശിപാർശ ഒരു വർഷം വൈകി അയച്ചതാണ് കേന്ദ്ര സഹായം നഷ്ടമാകാൻ ഇടയാക്കിയതെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ 2017 ൽ ഓരോ പള്ളിയോടത്തിനും 25000 രൂപ വീതവും വാർഷിക ഗ്രാന്റായി 10 ലക്ഷം രൂപയും അനുവദിച്ചെങ്കിലും നേരിട്ട് തുക കൈമാറുന്നത് നിർത്തലാക്കി. വാർഷിക ഗ്രാന്റ് 10 ലക്ഷം നൽകിയെങ്കിലും വള്ളംകളിക്ക് പന്തൽ നിർമ്മിക്കാൻ വർഷം തോറും ചെലവഴിച്ചിരുന്ന അഞ്ചു ലക്ഷം രൂപയുടെ ബാധ്യത പള്ളിയോട സേവാസംഘത്തിന്റെ തലയിലായി.

മാത്രമല്ല, പ്രളയത്തെ തുടർന്ന് പള്ളിയോടങ്ങൾക്ക് മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും ബജറ്റിൽ സഹായം പ്രഖ്യാപിച്ചിട്ടും ഒരു രൂപ പോലും ലഭിച്ചില്ല. ഇതിലെല്ലാം സർക്കാർ നിലപാടുകൾക്ക് എതിരെ കടുത്ത പ്രതിഷേധം നടത്തുന്നതിനിടയിലാണ് ഇപ്പോൾ ഇടത് മുന്നണിക്ക് പിന്തുണ എന്ന പേരിൽ വാർത്ത പ്രചരിക്കുന്നത്.

ഈ മാസം നടക്കാനിരിക്കുന്ന പള്ളിയോട സേവാസംഘം തെരഞ്ഞെടുപ്പിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ മത്സരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇപ്പോഴത്തെ പ്രസ്താവന ഇതിന്റെ ഭാഗം കൂടി ആണെന്നും കരക്കാർ പറയുന്നുണ്ട്.