തിരുവനന്തപുരം: മലയാളം ചാനൽ മാധ്യമ രംഗത്തു നിന്നും മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയാണ് വീണാ ജോർജ്ജ്. ഇന്ത്യാവിഷൻ ന്യൂസ് ചാനലിലൂടെ മലയാളികൾക്കെല്ലാം പരിചിതമായ മുഖമായിരുന്നു വീണയുടേത്. സൗമ്യമായി കർക്കശമായും ചോദ്യങ്ങൾ ഉന്നയിച്ചു ചാനലിൽ തിളങ്ങിയ വ്യക്തിത്വം. അവിടെ നിന്നും മലായളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയുമായി അവർ.

പഠനത്തിനും പഠനേതര കാര്യങ്ങളിലും മിടുക്കിയായിരുന്നു വീണ. സ്‌കൂൾ കലോത്സവത്തിൽ കലാ തിലകമായിരുന്നു വീണാ ജോർജ്. പഠനമായാലും കലയായാലും പൊതുപ്രവർത്തനമായാലും മാറ്റുരച്ചതിലെല്ലാം മിടുക്കിയെന്ന പേരു നേടി. ദൃശ്യ മാധ്യമ രംഗത്തെ പരിചിത മുഖമായിരുന്നു വീണ. ഒരു മാധ്യമ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയ കേരളത്തിലെ ആദ്യ വനിതാ ജേണലിസ്റ്റ്.

1992 ൽ സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, നാടോടി നൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നിവയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി പത്തനംതിട്ട ജില്ലയിൽ കലാതിലകമായി. 1992 ൽ കലോത്സവ വേദികളുടെ കണ്ടെത്തൽ എന്നു മാധ്യമങ്ങൾ വാഴ്‌ത്തിയ 2 പേരിൽ ഒരാൾ വീണയും മറ്റേയാൾ മഞ്ജു വാരിയരുമാണ്.

എംഎസ്സി ഫിസിക്‌സ്, ബിഎഡ് എന്നിവ റാങ്കോടെയാണു നേടിയത്. കൈരളി, ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, റിപ്പോർട്ടർ, ടിവി ന്യൂ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2012 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു റിപ്പോർട്ട് ചെയ്തു. 2016 ൽ ആറന്മുളയിൽ മത്സരിക്കാൻ മാധ്യമ പ്രവർത്തനത്തിൽ നിന്നു വിരമിച്ചു. സിപിഎം. സ്ഥാനാർത്ഥിയായി ആറന്മുളയിൽ മത്സരിച്ച വീണാ ജോർജ് അട്ടിമറി വിജയത്തിലൂടെയാണ് നിയമസഭയിൽ എത്തിയത്. 7646 വോട്ടായിരുന്നു ഭൂരിപക്ഷം. 2021-ലും കൂടുതൽ ഭൂരിപക്ഷത്തോടെ അത് ആവർത്തിച്ചു.

നിയമസഭയിലെ ചർച്ചകളിലും സമ്മേളനങ്ങളിലും ഉറച്ച ശബ്ദമായിരുന്നു വീണ ജോർജ്. 2018-ലെ മഹാപ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻനിരയിൽ അണിനിരന്നു. ആറന്മുളയിലും പത്തനംതിട്ടയിലും കനത്ത നാശം വിതച്ച പ്രളയത്തിൽ ജനങ്ങൾക്ക് എല്ലാസഹായവും ഉറപ്പുവരുത്തി. 2019-ൽ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും യു.ഡി.എഫിലെ ആന്റോ ആന്റണിയോട് പരാജയപ്പെട്ടു. പിന്നീട് 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാമങ്കം. ഇത്തവണ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

കേരള സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വീണാ ജോർജ് പഠനകാലത്ത് എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു. രണ്ട് വർഷം പത്തനംതിട്ട കതോലിക്കേറ്റ് കോളേജിൽ അദ്ധ്യാപികയായി ജോലിചെയ്തു. പരേതനായ അഡ്വ. പി.ഇ. കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭാ മുൻ കൗൺസിലർ റോസമ്മ കുര്യാക്കോസിന്റെയും മൂത്ത മകളായി ജനനം. തിരുവനന്തപുരം വിമൻസ് കോളജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐ പ്രവർത്തക. നിയമസഭാ ടിവിയുടെ ആശയ രൂപീകരണ സമിതിയുടെ അധ്യക്ഷ, കേരള സാങ്കേതിക സർവകലാശാല സിൻഡിക്കറ്റംഗം അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭർത്താവ്: മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ് (വിദ്യാർത്ഥികൾ).