തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേകം പ്രോട്ടോക്കോൾ ഉണ്ടോ എന്ന ചോദ്യമാണ് പൊതുവിൽ ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി സൈബർ ഇടത്തിലൂടെ വിമർശനവുമായി വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായർ രംഗത്തുവന്നു. മുഖ്യമന്ത്രി പ്രവർത്തിച്ചതു പോലെ പ്രവർത്തിച്ചത് താനായിരുന്നെങ്കിൽ ഇന്ന് സിപിഎമ്മുകാർ വീടു തകർക്കില്ലേ എന്ന ചോദ്യമാണ് വീണ ഉയർത്തിയിരിക്കുന്നത്.

വീണയുടേ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: 'എനിക്ക് ഏപ്രിൽ നാലിന് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ നാലിന് ഞാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഏപ്രിൽ ആറിന് ജനങ്ങൾക്ക് ഇടയിൽ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കൽപ്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടോക്കോളും കാറ്റിൽ പറത്തി എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ എന്റെ വീട് അടിച്ചു തകർക്കുകയില്ലായിരുന്നോ സഖാക്കളേ?' വീണ ചോദിക്കുന്നു.

അതേസമയം പിണറായി മുമ്പ് നടത്തിയ മരണത്തിന്റെ വ്യാപാരികൾ പ്രയോഗവും വീണ്ടും സൈബർ ഇടത്തിൽ ചർച്ചയായി. ഈ പ്രയോഗം പ്രതിപക്ഷ പാർട്ടികളാണ് കുത്തിപ്പൊക്കിയത്. പ്രവാസികളും പ്രതികരിച്ചു കൊണ്ട് രംഗത്തുണ്ട്. ഈ മാസം നാലുമുതൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ആരോപണം ശക്തമായത്. നാലാം തീയതിക്കുശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ആൾക്കൂട്ടത്തിനൊപ്പം വോട്ടുചെയ്യാനെത്തുകയും ചെയ്തിരുന്നു.

കുടുംബാംഗങ്ങൾ കോവിഡ് ബാധിതരായതിനെ തുടർന്നാണ് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഈ മാസം എട്ടിന് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, വിശദമായി പരിശോധനയിൽ ഈ മാസം നാലു മുതൽ രോഗലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ മനസിലാക്കിയിരുന്നു.

ലക്ഷണങ്ങളുള്ള രോഗികളെ പത്തു ദിവസത്തിനു ശേഷം വീണ്ടും രോഗ മുക്തമായോ എന്ന് ടെസ്റ്റ് ചെയ്യണമെന്നാണു പ്രോട്ടോക്കോൾ. മുഖ്യമന്ത്രിക്ക് ഈ മാസം നാലിന് രോഗലക്ഷണങ്ങൾ വന്നത് കണക്കാക്കിയാണ് പത്തു ദിവസത്തിനു ശേഷം ഇന്നലെ വീണ്ടും പരിശോധന നടത്തിയത്. നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിടുകയും ചെയ്തു. നാലിനു രോഗ ലക്ഷണങ്ങൾ കാണിച്ച മുഖ്യമന്ത്രി ടെസ്റ്റ് നടത്തുന്നത് വരെയുള്ള നാലു ദിവസം നിരവധി പൊതു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണിച്ചിട്ടും ടെസ്റ്റ് നടത്താൻ എട്ടുവരെ കാത്തിരുന്നു എന്നും ആരോപണങ്ങൾ ഉയരുന്നു.