ആലപ്പുഴ: എൽഡിഎഫിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ഗുണം ചെയ്‌തെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഉദ്യോഗാർഥികളുടെ സമരം സർക്കാരിന് തിരിച്ചടിയാകില്ലെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മാധ്യമങ്ങൾ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയത്. ദുരിത കാലത്ത് സർക്കാർ മികച്ച പ്രവർത്തനം കാഴ്‌ച്ച വെച്ചു. ഇതാണ് വോട്ടായി മാറിയതെന്ന് വെള്ളാപ്പാള്ളി പറഞ്ഞു.

ചേർത്തലയിൽ പി തിലോത്തമനെ ഒഴിവാക്കിയാൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുതവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ. നടപടി നല്ലതാണ്. എന്നാൽ ജയസാധ്യത നോക്കണം. ചെറുപ്പക്കാരേയോ, പുറത്തുനിന്ന് ആളുകളെയോ കൊണ്ടുവന്നാൽ ജനം അംഗീകരിച്ചെന്ന് വരില്ല- വെള്ളാപ്പള്ളി പറഞ്ഞു.

ആരെ സ്ഥാനാർത്ഥി ആക്കിയാലും ജനങ്ങൾ ഉൾക്കൊള്ളണമെന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.മതനേതാക്കളെ കാണണ്ട എന്നു തീരുമാനിച്ച യു ഡി എഫ് ഇപ്പോൾ മത മേലദ്ധ്യക്ഷന്മാരെ കാണുന്നു. എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് സത്യമാണ്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് മാഷ് പറഞ്ഞത്. വിശ്വാസികളെ മാറ്റി നിർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പോകുന്നില്ല. ഗോവിന്ദൻ മാസ്റ്ററെ ക്രൂശിക്കാൻ ശ്രമം നടന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.മാണി സി കാപ്പൻ പാലാ സീറ്റ് ചോദിച്ചതിൽ എന്താണ് തെറ്റെന്ന ചോദിച്ച അദ്ദേഹം കാപ്പൻ നന്ദി ഉള്ളയാളാണെന്നും പറഞ്ഞു.

കുട്ടനാട് സീറ്റ് കുടുംബ സ്വത്തല്ല. ചാണ്ടിയുടെ അനിയന് എന്താണ് യോഗ്യതയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ക്രിസ്ത്യാനി അല്ലാത്ത ഒരാളെ അവിടെ എന്തു കൊണ്ട് സ്ഥാനാർത്ഥി ആക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.ബി ഡി ജെ സി ന് ബിജെപി നൽകിയ വാഗ്ദ്ധാനങ്ങൾ പാലിച്ചില്ല. ബിജെപി.യുടെ വായിലെ ചോക്ലേറ്റ് ആകാതെ ബി ഡി ജെ എസ് നോക്കണം. കേരളത്തിൽ തുടർ ഭരണത്തിന് സാദ്ധ്യതയുണ്ടെന്നും പി എസ് സി സമരം സർക്കാരിന് തിരിച്ചടിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.