കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പ്രകീർത്തിച്ചു കൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിദൂരമല്ലാത്ത ഭാവിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി പരിണമിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാമക്ഷേത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണെന്നും ഭാവി ഭാരതത്തിന്റെ ശ്രേയസ്സിന് കാരണമായി മാറുമെന്നും എസ്.എൻ.ഡി.പി മുഖപത്രമായ യോഗനാദത്തിലും മറ്റൊരു പത്രമാധ്യമത്തിലും എഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.

1947 ഓഗസ്റ്റ് 15 ഇന്ത്യൻ ദേശീയതയിൽ എത്ര മഹനീയമാണോ അത്രതന്നെ സുപ്രധാനമായൊരു ദിനമായിരുന്നു അയോദ്ധ്യ ശിലാന്യാസം നടന്ന 2020 ഓഗസ്റ്റ് 5. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ശ്രീനാരായണ ഗുരു ലോകത്തിന് സംഭാവന ചെയ്തിട്ട് 100 വർഷങ്ങൾ തികയുന്ന 2020 ൽ ആ സന്ദേശം ഉൾക്കൊള്ളുന്ന വിധത്തിൽ സർവ്വരും ജാതിഭേദമന്യേ ശിലാന്യാസത്തിൽ ഒത്തുകൂടിയെന്നും വെള്ളാപ്പള്ളി നടേശൻ എഴുതിയ പത്രലേഖനത്തിൽ പറയുന്നു. രാമക്ഷേത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന വിശ്വമാനവിക സന്ദേശത്തിന്റെ ശ്രീകോവിൽ ആണ് രാമക്ഷേത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭഗവാൻ ശ്രീരാമചന്ദ്രന്റെ നയവും നടപടികളുമാണ് നിരവധി വർഷങ്ങളായി ഭാരതത്തെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ വൻശക്തിയായി വളരാനുള്ള ഭാരതത്തിന്റെ പ്രചോദനവും മറ്റൊന്നല്ല. ശിലാന്യാസ വേളയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ഭാരതത്തിന്റെ യശസ്സിനും പുരോഗതിക്കും രാമക്ഷേത്രത്തിന്റെ പങ്ക് അടിവരയിടുന്നതാണ്. കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം വർത്തമാന കാല ഭാരതത്തിന്റെ പുരോഗതിയും ഭാവി ഭാരതത്തിന്റെ പ്രതീക്ഷയുമാണ് പ്രധാനമന്ത്രി തന്റെ വാക്കുകളിലൂടെ പങ്കുവച്ചതെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ വ്യക്തമാക്കി.

അതേസമയം രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമാകുമെന്നും രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിലൂടെ കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരമാണ് നിറവേറ്റപ്പെട്ടതെന്നും നേരത്തെ തുഷാർ വെള്ളാപ്പള്ളിയും അഭിപ്രായപ്പെട്ടിരുന്നു. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിർത്തിരുന്നവർ പോലും ഇന്ന് അനുകൂലിക്കുകയും ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരു നല്ല തുടക്കത്തിന്റെ തെളിവാണെന്ന് തുഷാർ പറയുന്നു.

അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും പ്രതീകമാകുമെന്നും രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിലൂടെ കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്കാരമാണ് നിറവേറ്റപ്പെട്ടതെന്നും തുഷാർ അഭിപ്രായപ്പെട്ടു.