ചെന്നൈ: അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഏഴ് ഡോക്ടർമാരും. ഈ ഏഴു ഡോക്ടർമാരിൽ നാല് പേർ മലയാളികളാണ്. പ്രഫ.ടി.ജേക്കബ് ജോൺ, ഡോ.കെ.എസ്.ജേക്കബ്, പ്രഫ. ഗഗൻദീപ് കാങ്, ഡോ.പ്രതാപ് തര്യൻ, പ്രഫ.വേദാന്തം രാജശേഖർ, പ്രഫ. അലോക് ശ്രീവാസ്തവ, ഡോ.കുര്യൻ തോമസ് എന്നിവരാണു സിഎംസിക്ക് അഭിമാനമായത്.

പകർച്ചവ്യാധി, ക്ലിനിക്കൽ വൈറോളജി, വാക്‌സിനോളജി, എപ്പിഡിമിയോളജി എന്നിവയിൽ രാജ്യത്തെ ആധികാരിക ശബ്ദമാണു ഡോ. ജേക്കബ് ജോൺ. രാജ്യത്തെ ആദ്യത്തെ വൈറോളജി ലബോറട്ടറി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ അദ്ദേഹം ആലുവ സ്വദേശിയാണ്. മനോരോഗ വിദഗ്ധനായ ഡോ.പ്രതാപ് തര്യൻ ഒട്ടേറെ വിദേശ മെഡിക്കൽ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കര പറമ്പിൽ കുടുംബാംഗമാണ്.

ഡോ.കുര്യൻ തോമസ് തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ പുതുച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജനറൽ മെഡിസിൻ വകുപ്പ് മേധാവി. സൈക്യാട്രി വിഭാഗം പ്രഫസറായിരുന്ന ഡോ.കെ.എസ്.ജേക്കബ് തൃശൂർ സ്വദേശിയാണ്. മാനസികാരോഗ്യം, രോഗം എന്നിവയിൽ സംസ്‌കാരത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ജേക്കബ് ജോൺ, കുര്യൻ തോമസ്, പ്രതാപ് തര്യൻ, കെ.എസ്.ജേക്കബ് എന്നിവർ നിലവിൽ സിഎംസിയിൽ നിന്നു വിരമിച്ചു.