തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നു. അതിനിടെ കേസിലെ സാക്ഷിയെ കണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം സമ്മതിച്ചു. ഡിവൈഎഫ്‌ഐക്കാരനായ സാക്ഷിയെ കാണാൻ പോയത് സ്വാഭാവികമെന്നും റഹീം പറഞ്ഞു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന അടൂർ പ്രകാശിന്റെ ആരോപണം വ്യാജമാണ്. അന്വേഷണം തന്നിലേക്കെത്തുന്നത് തടയാനാണ് അടൂർ പ്രകാശിന്റെ ശ്രമമെന്നും റഹീം പറഞ്ഞു. റഹിം രാത്രിയിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിയെന്നും സാക്ഷിയെ കണ്ട് സംസാരിച്ചെന്നും ആറ്റിങ്ങൽ എംപി കൂടിയായ അടൂർ പ്രകാശ് ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് റഹിം.

അർധരാത്രി സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂർ സംസാരിച്ചുവെന്ന് അടൂർ പ്രകാശ് ആരോപിച്ചിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന് വേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത് റൂറൽ എസ്‌പിയാണ്. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമെന്നും അടൂർ പ്രകാശ് എംപി ആവശ്യപ്പെട്ടു. ഇതിനിടെയാണ് സാക്ഷിയുമായി സംസാരിച്ചുവെന്ന് റഹിം പറയുന്നത്. വെഞ്ഞാറമൂട്ടിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎംകോൺഗ്രസ് നേതാക്കൾ എത്തുമ്പോൾ രാഷ്ട്രീയം ചർച്ചകളിലും നിറയുന്നു. പ്രതികളുടെ രാഷ്ട്രീയ ബന്ധവും സംരക്ഷണവും ചർച്ചയാക്കിയാണ് രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമം.

അതിനിടെ അടൂർ പ്രകാശ് എംപിയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ആസൂത്രിത കൊലപാതകമാണു നടന്നത്. ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അടൂർ പ്രകാശിനോ കോൺഗ്രസ് നേതാക്കൾക്കോ ഒഴിഞ്ഞു മാറാനാകില്ല. പ്രതികളിൽ സിപിഎമ്മുകാരുണ്ടെന്ന ആരോപണം കേസ് വഴി തിരിച്ചുവിടാനാണ്. ഡി.കെ.മുരളി എംഎൽഎയുടെ മകനെതിരായ ആരോപണം ഇതിന്റെ ഭാഗമാണെന്നും കടകംപള്ളി പറഞ്ഞു.

പ്രകോപനപരമായ പ്രസ്താവനകൾ നടത്തി സിപിഎം നേതാക്കൾ പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരിച്ചടിച്ചു. ഇരട്ടക്കൊലപാതകത്തിന്റെ മറവിൽ സംസ്ഥാന വ്യാപകമായി സംഘടിത അക്രമങ്ങളാണു സിപിഎം ഗുണ്ടകൾ കോൺഗ്രസ് ഓഫിസുകൾക്കും നേതാക്കൾക്കുമെതിരെ നടത്തുന്നത്. 142 ൽപരം കോൺഗ്രസ് ഓഫിസുകൾ തല്ലിത്തകർത്തു. കുറ്റവാളികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും മുല്ലപ്പള്ളി പറഞ്ഞു.

അപവാദ പ്രചാരണങ്ങളിലൂടെ അടൂർ പ്രകാശ് എംപിയെ ഒറ്റപ്പെടുത്താമെന്നു കരുതേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അദ്ദേഹത്തെ കുറ്റവാളിയാക്കാനുള്ള ഏതു നീക്കവും കോൺഗ്രസ് ചെറുക്കും. കോൺഗ്രസ് കൊലപാതകികളെ സംരക്ഷിക്കുകയോ കൊലപാതകങ്ങൾ നടത്തുകയോ ഗുണ്ടകളെ പോറ്റിവളർത്തുകയോ ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് എന്നും പ്രേരണാശക്തി നൽകിയിട്ടുള്ള സിപിഎം, വെഞ്ഞാറമൂട് സംഭവം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. വെഞ്ഞാറമൂട് കേസ് സിപിഎം നിയമപരമായി നേരിടുകയാണു വേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽവിളിച്ചെന്ന് മന്ത്രി ഇ.പി. ജയരാജൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കോടിയേരി ബാലകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും അടൂർ പ്രകാശിനെതിരേ രംഗത്തെത്തി. അടൂർ പ്രകാശിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരുവിചാരിച്ചാലും നടക്കില്ലെന്നും പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതൃത്വം പ്രതിരോധം തീർത്തു.

അടൂർ പ്രകാശിനെതിരായ ആരോപണം തെളിയിക്കാൻ ജയരാജൻ തയ്യാറാവണമെന്നും ഇല്ലെങ്കിൽ രാജിവെക്കണമെന്നും കെ. മുരളീധരനും ആവശ്യപ്പെട്ടു. കൊലപാതകത്തിന്റെ കാരണങ്ങൾക്ക് തുടക്കം ഡി.കെ. മുരളി എംഎ‍ൽഎയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ് അടൂർ പ്രകാശിന്റ ആരോപണം.

തേമ്പാമൂടിന് സമീപമുള്ള വേങ്കമലയിൽ വെച്ചുണ്ടായ ചിലപ്രശ്നങ്ങളാണ് കൊലപാതകത്തിന് അടിസ്ഥാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തന്റെ മകന് അത്തരം ബന്ധങ്ങളൊന്നുമില്ലെന്നും തന്നെയും കുടുംബത്തെയും വർഷങ്ങളായി നാട്ടുകാർക്ക് അറിയാമെന്നുമുള്ള മറുപടിയുമായി ഡി.കെ. മുരളിയും രംഗത്തെത്തി. ഏത് അന്വേഷണവും നേരിടാമെന്നും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പുലർച്ചെ 2.35-ന് വെഞ്ഞാറമ്മൂട് സ്റ്റേഷനിലെത്തി കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന ഷഹിന് ക്ലാസെടുത്തെന്നും ഇത് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു. കേസന്വേഷണത്തിൽ പ്രശ്നത്തിന് തുടക്കംകുറിച്ചവരെക്കൂടി ഉൾപ്പെടുത്തണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഇതാണ് റഹിമും ഭാഗികമായി ശരിവയ്ക്കുന്നത്.

അതേസമയം കൊലപാതകക്കേസിൽ മാണിക്കൽ പഞ്ചായത്ത് അംഗം ഗോപന് ബന്ധമുണ്ടെന്ന് സിപിഎം. ആരോപിച്ചെങ്കിലും ഗോപൻ ഇത് തള്ളി. കേസിലെ മൂന്നു പ്രതികൾ സിഐ.ടി.യുക്കാരാണെന്നു കോൺഗ്രസ് ആരോപിച്ചതിനൊപ്പം പ്രതികൾക്ക് കോൺഗ്രസ് ഭാരവാഹിത്വമുണ്ടെങ്കിൽ പറയാനും വെല്ലുവിളിച്ചു. അതിനിടെ സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കു പങ്കുണ്ടോയെന്നു പൊലീസ് അന്വേഷണം തുടങ്ങി. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.