തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഒരാളെ ഓടിച്ച് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അഞ്ചോളം പേരെ ദൃശ്യങ്ങളിൽ കാണാം. ബെക്കിൽ സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൂന്ന് ബൈക്കിലെത്തിയ സംഘവും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നു. തുടർന്ന് സംഘം റോഡിലിറങ്ങി ഒരാളെ ഓടിക്കുന്നതും വളഞ്ഞിട്ട് വെട്ടുന്നതും വ്യക്തമാണ്. കൃത്യം നടന്നിടത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ച നിലയിലായിരുന്നു. അതിനാൽ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളിൽ ചിലരെ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്‌ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റും പാർട്ടി അംഗവുമാണ്.

തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തവരിൽ രണ്ട് പേർ മെയ്‌ മാസത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുൻപാണ് ഇവർ ജയിലിൽനിന്ന് ഇറങ്ങിയത്.

അതിനിടെ, പട്ടത്ത് പിഎസ് സി ഓഫീസിന് മുന്നിൽ യുത്ത്‌കോൺഗ്രസ്-ഡിവൈഎഫ്‌ഐ സംഘർഷമുണ്ടായി. പിഎസ് സി ഉദ്യോഗാർത്ഥി എസ് അനു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് പട്ടിണി സമരം നടത്തുകയായിരുന്ന യൂത്ത്‌കോൺഗ്രസ് സമരപ്പന്തലിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രകടനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ സമരപ്പന്തലിലേക്ക് മാർച്ച് നടത്തിയത്. സംഘർഷസ്ഥലത്തുനിന്ന് എംഎൽഎ ഷാഫി പറമ്പിൽ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.