തിരുവനന്തപുരം: പഞ്ച്ഷീറിലെ ചെറുത്തുനിൽപ്പിന്റെ ഭാവി പ്രവചിക്കാനാവില്ലെന്ന് മുൻ അംബാസിഡർ വേണു രാജാമണി. പരാജയപ്പെട്ടാലും അവർ പൂർണമായും തോറ്റുപിന്മാറുമെന്ന് ആരും കരുതണ്ട. യുദ്ധങ്ങളിൽ തിരിച്ചടികൾ ഉണ്ടായപ്പോഴും പതുങ്ങിയിരുന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവരുന്ന ചരിത്രമാണ് അഫ്ഗാനിസ്ഥാനിലെ ഗോത്രവർഗങ്ങൾക്ക് ഉള്ളതെന്ന് അദ്ദേഹം മറുനാടനോട് പറഞ്ഞു. താലിബാനുള്ളിലെ വിഭാഗീയതകളും ജിഹാദി ഗ്രൂപ്പുകൾക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വർദ്ധിച്ചുവരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതൊരു ആഭ്യന്തരയുദ്ധത്തിലേയ്ക്ക് പോകാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ലോകമെമ്പാടുമുള്ള ജിഹാദികൾക്ക് ഉണർവും ഉത്തേജനവുമാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലൊട്ടാകെ ഭീകരപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനോ ഭീകരാക്രമണങ്ങൾ അഴിച്ചുവിടാനോ ഉള്ള സാധ്യതകൾ നിലനിൽക്കുന്നു. ഇന്ത്യയെ എതിർക്കുന്ന ജയ്ഷെ മുഹമ്മദും ലഷ്‌ക്കർ ഇ തോയ്ബയുമൊക്കെ താലിബാനുമായി അടുത്തബന്ധം പുലർത്തുന്ന സംഘടനകളാണ്.

ഇന്ത്യയെ എതിർക്കുന്ന, ഇന്ത്യയെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന സംഘടനകളൊക്കെ അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തെ അവസരമായി കാണുന്നവരാണ്. അവരോടൊക്കെ താലിബാൻ എന്ത് നിലപാട് സ്വീകരിക്കും, സർക്കാരിന്റെ തീരുമാനങ്ങൾ താഴെത്തട്ടിലെത്തിക്കാൻ സാധിക്കുമോ? ഇതെല്ലാം കണ്ട് മനസിലാക്കേണ്ടിയിരിക്കുന്നു. ജാഗ്രത വർദ്ധിപ്പിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. സെപ്റ്റംബർ 11 ലെ ആക്രമണത്തിന് ശേഷം ഇനിയൊരു ഭീകരാക്രമണം ഇവിടെ അനുവദിക്കില്ല എന്ന നിശ്ചയദാർഢ്യത്തോടെ അമേരിക്ക സുരക്ഷാകരുതലുകൾ കൈക്കൊണ്ടപോലെ ഇന്ത്യയും പല നടപടികളും എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്റെ കാശ്മീർ പരാമർശത്തെ പറ്റിയുള്ള ചോദ്യത്തിന് അവരുടെ നിരവധി വക്താക്കളിൽ ഒരാളാണ് കശ്മീരിനെ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളത്. അത് താലിബാന്റെ നിലപാടാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ അഭിപ്രായത്തെ ഇന്ത്യ അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. താലിബാൻ പാക്കിസ്ഥാന്റെ സൃഷ്ടിയാണ്. കശ്മീരിൽ മാത്രമല്ല, ഇന്ത്യയിലുടമിളം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാക്കിസ്ഥാൻ താലിബാനെ ഉപയോഗിക്കാനുള്ള സാധ്യത ഉണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

 ഗവൺമെന്റുമായുള്ള ഇന്ത്യൻ സമീപനം എത്തരത്തിൽ ആയിരിക്കണം എന്നതിനെ പറ്റി തീരുമാനം ആയിട്ടില്ല. നിലവിൽ അഫ്ഗാനിസ്ഥാനിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് കൃത്യമായി പുറംലോകം അറിയുന്നില്ല എന്നതൊരു സത്യമാണ്. അതുകൊണ്ട് താലിബാൻ ഗവൺമെന്റിന്റെ പ്രവർത്തനം എങ്ങനെയായിരിക്കും, എന്തായിരിക്കും അവരുടെ നയങ്ങൾ എന്നിവയെ പറ്റിയൊന്നും വ്യക്തത വന്നിട്ടില്ല.

നമ്മളത് കാത്തിരുന്ന് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പരിഗണന അഫ്ഗാനിൽ അകപ്പെട്ടുകിടക്കുന്ന ഇന്ത്യാക്കാരെയും അവിടെ നമ്മുടെ പ്രവർത്തനങ്ങളെ സഹായിച്ച അഫ്ഗാനികളെയും ഇന്ത്യയിലേയ്ക്ക് എത്തിക്കുന്ന എന്നതാണ്. അഫ്ഗാൻ വീണ്ടും ഭീകരവാദികളുടെ അഭയകേന്ദ്രമാകരുത് എന്ന ആഗ്രഹവും ഇന്ത്യയ്ക്കുണ്ട്. മാത്രമല്ല പാക്കിസ്ഥാൻ അവിടെ എത്രത്തോളം ഇടപെടലുകൾ നടത്തുന്നുവെന്ന കാര്യവും നമ്മൾ വീക്ഷിക്കുന്നുണ്ട്- വേണു രാജാമണി മറുനാടനോട് പറഞ്ഞു.