തിരുവനന്തപുരം: വർക്കലയിൽ വീടിനുള്ളിൽ അച്ഛനും അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് ഇത്. വെട്ടൂർ സ്വദേശി ശ്രീകുമാർ(60) , ഭാര്യ മിനി (55) , മകൾ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്.

സാമ്പത്തികമായി ചിലർ വഞ്ചിച്ചുവെന്നു കുറിപ്പിൽ പറയുന്നു. വ്യക്തികളുടെ പേരും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. കരാർ ജോലികൾ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരൻ ചതിച്ചുവെന്നും പറയുന്നുണ്ട്. ഉപകരാറുകാരൻ ജോലികൾ കൃത്യമായി ചെയ്തു തീർക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികൾ തീർത്തു കൊടുക്കേണ്ടിവന്നു. ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും വിശദീകരിക്കുന്നു. ഇത് കാരണം ശ്രീകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് നിഗമനം.

സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. കടബാധ്യതയെ തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. പുലർച്ചെ 3.30 ന് വീട്ടിൽ നിന്ന് നിലവിളി കേട്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് പുകയുയരുന്നതും കണ്ടു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു.

മാന്യമായ ജോലിയും ആരെയും പിണക്കാത്ത പെരുമാറ്റവും കൊണ്ട് വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനായിരുന്നു ശ്രീകുമാർ. അതുകൊണ്ടു തന്നെ നാട്ടുകാർക്ക് നടക്കുന്ന ദുരന്തമായി ഇത് മാറി. കുറച്ചുനാളായി ശ്രീകുമാർ കടബാധ്യതയിൽ കുടുങ്ങി മാനസിക വൈഷമ്യം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ ശ്രീകുമാറും ഭാര്യയും ഒപ്പുവെച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എം.ഇ.എസ് കോൺട്രാക്ടറായിരുന്ന ശ്രീകുമാറിനെ ഒരു സബ് കോൺട്രാക്ടർ പണിയെടുത്തശേഷം ചതിച്ചെന്നും അയാളെക്കുറിച്ച് ആത്മഹത്യാ കുറിപ്പിലുണ്ടെന്നും പൊലീസ് സൂചന നൽകുന്നുണ്ട്. അതേസമയം സബ് കോൺട്രാക്ടർ ഏറ്റെടുത്ത പണി ചെയ്യാതെ ചതിച്ചതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു.

ചതിയിൽപ്പെട്ട ശ്രീകുമാർ വീടും പുരയിടങ്ങളും ബാങ്കിൽ പണയപ്പെടുത്തി ലോൺ എടുത്താണ് കോൺട്രാക്ട് പണികൾ തീർത്തത്. ബില്ലുകൾ മാറിവരുന്ന തുകയെല്ലാം ബാങ്കിലടച്ചു വരികയായിരുന്നത്രെ. എന്നാൽ, നാളുകളായി അടച്ച തുകയെല്ലാം ബാങ്ക് പലിശയിനത്തിൽ വരവുവെക്കുകയും ലോൺ തുക അതേപോലെ നിലനിൽക്കുകയുമായിരുന്നു. അടച്ചാലും അടച്ചാലും തീരാത്ത ലോണിൽനിന്ന് കരകയറാനായി ഭൂമി വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഭൂമി കച്ചവടമൊന്നും ശരിയാകാതെ പോകുകയായിരുന്നത്രെ. പഠിക്കാൻ മിടുക്കിയായിരുന്ന അനന്തലക്ഷ്മി എം.ടെകിനുശേഷം ഗവേഷക വിദ്യാർത്ഥിയുമായിരുന്നു. മിലിറ്ററി എൻജിനീയറിങ് സർവീസ് 'എ' ക്ലാസ് കരാറുകാരനാണ് ശ്രീകുമാർ.

കടബാധ്യത തളർത്തിയ ശ്രീകുമാർ മരിക്കാൻ തീരുമാനിച്ചപ്പോൾ മകളെ ഒഴിവാക്കിയില്ലെന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ എംടെക്കിന് ശേഷം അദ്ധ്യാപികയായി ജോലി ചെയ്ത മകൾ അനന്തലക്ഷ്മി പഞ്ചാബ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്‌തെങ്കിലും ലോക്ക് ഡൗൺ കാരണം ഏതാനും മാസങ്ങളായി വീട്ടിലുണ്ടായിരുന്നു.

പ്രതിരോധ സ്ഥാപനങ്ങൾ, എയർപോർട്ട്, റെയിൽവേ എന്നിവയുടെ നിർമ്മാണ കരാറുകൾ ഏറ്റെടുത്ത നടത്തുന്ന ശ്രീകുമാറിന് ബാധ്യത കാരണം ബാങ്കിൽ നിന്നു സമ്മർദം നേരിട്ടിരുന്നുവെന്നും ആത്മഹത്യ അല്ലാതെ വഴിയില്ലെന്നു പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ സൂചന നൽകി.