തിരുവല്ല: തിരുവല്ല സീറ്റ് 2016 ൽ ജോസഫ് പുതുശേരിക്ക് മത്സരിക്കാൻ കൊടുക്കുമ്പോൾ മാണി സാർ പറഞ്ഞിരുന്നു 2021ൽ ഇത് വിക്ടറിനുള്ളതാണെന്ന്...ആറന്മുളയിലോ തിരുവല്ലയിലോ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. കാത്തു സൂക്ഷിച്ച തിരുവല്ല സീറ്റ് കുഞ്ഞുകോശി പോൾ കൊണ്ടു പോയപ്പോൾ കേരളാ കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ല ചെയർമാനുമായ വിക്ടർ ടി തോമസ് വിലപിച്ചത് ഇങ്ങനെയാണ്.

തിരുവല്ല സീറ്റ് തനിക്ക് അവകാശപ്പെട്ടതാണ്. ഇക്കാര്യത്തിൽ പാർട്ടി നീതി കേടാണ് കാട്ടിയത്. ഇക്കാര്യങ്ങൾ വിശദമായി പാർട്ടി വർക്കിങ് ചെയർമാൻ പിജെ ജോസഫിനോട് സംസാരിച്ചശേഷം തുടർ നടപടികൾ ആലോചിക്കും. മാണിസാറിന്റെ 2016 ലെ വാഗ്ദാനം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ അണികളില്ലാത്ത ഉന്നതാധികാര സമിതി അംഗങ്ങളുടെ വാക്ക് കേട്ടാണ് ചെയർമാൻ തീരുമാനം മാറ്റിയത്. സീറ്റ് പ്രഖ്യാപനത്തിന് അൽപ്പം മുൻപ് മാത്രമാണ് ചെയർമാൻ ഇക്കാര്യം ജില്ലാ പ്രസിഡന്റായ തന്നെ വിളിച്ചറിയിച്ചത്. യാതൊരു കൂടിയാലോചനകളും ഉണ്ടായിട്ടില്ല.

സ്വാർഥ താത്പര്യങ്ങളാണ് ദീർഘകാലമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന തന്നെ ഒഴിവാക്കാൻ കാരണം. ജൂനിയറായ നിരവധി പേർക്ക് അവസരം നൽകിയപ്പോഴും താൻ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. അതാണ് ഇപ്പോഴും തനിക്ക് പറ്റിയത്. ആറന്മുളയിലോ തിരുവല്ലയിലോ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളുന്നില്ല. ഇതു സംബന്ധിച്ച് നാട്ടിൽ പരക്കുന്ന വാർത്തകളോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും വിക്ടർ പറഞ്ഞു. ഏതായാലും ബിജെപി കേന്ദ്രങ്ങൾ ചർച്ച തുടരുകയാണ്. കേന്ദ്ര മന്ത്രിമാർ തന്നെ വിക്ടറിനെ വലയിലാക്കാൻ രംഗത്തുണ്ട്.

പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് സംവിധാനത്തിൽ വേണ്ടത്ര ആലോചനകൾ നടക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും നിയമ സഭാ മണ്ഡലങ്ങൾ നഷ്ടപ്പെടാൻ കാരണം യുഡിഎഫിലെ ചർച്ചകളുടെ കുറവാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇത് തന്നെയാണ് സംഭവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു യോഗവും ജില്ലയിൽ ചേർന്നിട്ടില്ലെന്നും യുഡിഎഫ് ചെയർമാൻ പറഞ്ഞു.