കൊച്ചി: വാട്സാപ്പിൽ വരുന്ന അപരിചിതരുടെ വീഡിയോ കോളുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോൾ പോലും എടുക്കരുതെന്നാണ് നിർദ്ദേശം. ഐ.പി. വിലാസം പോലും ചോരാതെ തട്ടിപ്പുകാരുടെ ഇടപെടൽ. അതുകൊണ്ട് തന്നെ ബ്ലാക് മെയിലിംഗിന് പുതിയ തലം നൽകുന്ന തട്ടിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ഇത്തരം വിളികളിൽ പെട്ടുപോകാതെ ഇരിക്കാനുള്ള വിവേകവും ജാഗ്രതയുമാണ് വേണ്ടതെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

10 സെക്കൻഡ് സമയം വീഡിയോ കോളിൽ കിട്ടിയാൽ പോലും തട്ടിപ്പുകാർ ചതിയിൽ വീഴ്‌ത്തും. വീഡിയോ എടുക്കുന്ന നിമിഷമോ, അതല്ലായെങ്കിൽ തൊട്ടടുത്ത നിമിഷമോ വിളിക്കുന്ന സ്ത്രീ നഗ്‌നയായി മാറും. ഫോൺ കട്ട് ചെയ്ത് പോയാലും രക്ഷയില്ല. അടുത്ത ദിവസം പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം വരും. നഗ്നമായ വീഡിയോയും ഫോട്ടോയോ സഹിതമാകും ഇത്.

ഭീഷണി സന്ദേശത്തിന്റെയൊപ്പം വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടോ അതല്ലായെങ്കിൽ ലഘു വീഡിയോ ആകും അയച്ചു നൽകുക. വീഡിയോ കോളിലൂടെ നഗ്‌നത വീക്ഷിക്കുന്ന തരത്തിലായിരിക്കുമിത്. വീഡിയോ സമൂഹ മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അതല്ലായെങ്കിൽ പണം വേണമെന്നും ആകും ആവശ്യം. ഇതിൽ തീർത്തും പെട്ടുപോകും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ എങ്ങും സജീവമാണ്.

ആദ്യം ചെറിയ ഭീഷണി. അതിൽ വീണില്ലെങ്കിൽ ഭീഷണിയുടെ സ്വഭാവം മാറും. യു ട്യൂബ് ചാനലിൽ വീഡിയോ ഇട്ട ശേഷം ഇതിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചു നൽകും. ഇതിന്റെ ലിങ്ക് സമൂഹ മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയച്ചു നൽകുമെന്ന് ഭീഷണി എത്തും. ഇതോടെ തട്ടിപ്പുകാരുടെ ആവശ്യം അംഗീകരിച്ച് തുക കൊടുക്കും. അവിടെ തീരില്ല പ്രശ്‌നം.

പിന്നെയും പണം ചോദിക്കുമ്പോഴാണ് പരാതിയുമായി വരാൻ ആളുകൾ തയ്യാറാകുന്നതു പോലും. വിദേശ നമ്പറുകളിൽ നിന്നും ഇന്ത്യക്ക് അകത്തുതന്നെയുള്ള മൊബൈൽ നമ്പറുകളിൽ നിന്നും വാട്സാപ്പിൽ ഇത്തരത്തിൽ തട്ടിപ്പുകാരുടെ വിളികൾ വരുന്നുണ്ട്. പത്തോളം പരാതി എറണാകുളം റൂറൽ ജില്ലയിൽ തന്നെ കിട്ടിയിട്ടുണ്ട്. 25 പേരെങ്കിലും ഈ വിവരം വിളിച്ച് പൊലീസിനെ അറിയിക്കുകയും ചെയ്തു.

തട്ടിപ്പുകാർ യു ട്യൂബിൽ ഇടുന്നുവെന്ന് പറയുന്ന വീഡിയോയുടെ ലിങ്ക് തന്ത്രപൂർവം അയച്ചു നൽകില്ല. ലിങ്ക് ലഭിച്ചാൽ ഇതിലൂടെ ഐ.പി. വിലാസം കണ്ടെത്തി പ്രതികളിലേക്ക് എത്താൻ പൊലീസിനു സാധിക്കും. ഈ അന്വേഷണം പ്രതികൾ ആദ്യമേ മുടക്കും. ആകെ പ്രതിയെ പിടിക്കാനുള്ള തെളിവ് മൊബൈൽ നമ്പറാണ്. ഇത് നിരപരാധികളുടെ പേരിൽ എടുത്തിരിക്കുന്നതിനാൽ കണ്ടെത്താൻ കഴിയുകയുമില്ല.