കോട്ടയം: പശുവിനെ വാങ്ങാൻ സബ്‌സിഡിയോടെ ക്ഷീര കർഷകന് അനുവദിച്ച തുകയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടർ വിജിലൻസ് പിടിയിൽ. പണം കൈപ്പറ്റുന്നതിനിടെ മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടർ അജോ ജോസഫിനെയാണ് വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

റീ ബിൽഡ് കേരള വഴി പശുവിനെ വാങ്ങുന്നതിന് അനുവദിച്ച 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ മുളക്കുളം സ്വദേശിയായ ക്ഷീര കർഷകൻ ഉൾപ്പെട്ടിരുന്നു. പശുവിനെ വാങ്ങുമ്പോൾ കർഷകർക്ക് 60000 രൂപ സബ്‌സിഡി ഇനത്തിൽ ലഭിക്കും.

പശുവിനെ അതത് പ്രദേശത്തെ മൃഗ ഡോക്ടർ പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു സബ്‌സിഡി നൽകിയിരുന്നത്. ഇതിനായി കർഷൻ മൃഗ ഡോക്ടറെ സമീച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

മക്കളുടെ വിദ്യാഭ്യാസ കാര്യം അടക്കം നോക്കണമെന്നും പണമില്ലെന്നും കൈക്കൂലി തുക അയ്യായിരമായി കുറയ്ക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു. എന്നാൽ , പണം നൽകിയില്ലെങ്കിൽ പദ്ധതി മറ്റാർക്കെങ്കിലും മറിച്ച് നൽകുമെന്നായിരുന്നു ഡോക്ടറുടെ ഭീഷണി.

ഇതേ തുടർന്ന് കർഷകൻ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന്, വിജിലൻസ് എസ്‌പി വി ജി വിനോദ്കുമാറിന്റെ നിർദ്ദേശാനുസരണം വെള്ളിയാഴ്ച ഉച്ചയോടെ മൃഗാശുപത്രിയിൽ വച്ച് ക്ഷീര കർഷകന്റെ പക്കൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിൽ വിജിലൻസ് കിഴക്കൻ മേഖല ഡിവൈ.എസ്‌പി എ.കെ വിശ്വനാഥൻ , ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ് , രാജൻ കെ.അരമന, എസ്‌ഐമാരായ വിൻസന്റ് കെ മാത്യു , സ്റ്റാൻലി തോമസ് , തുളസീധരക്കുറുപ്പ് , സുരേഷ് കുമാർ , തോമസ് , എഎസ്ഐമാരായ വിനു ഡി , കെ.ജി സുരേഷ് കുമാർ ,രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് കെ.എ , അനൂപ് പി എസ്, രഞ്ജിത്, അനൂപ് വിജേഷ് നായർ , സൂരജ് , ശോഭൻ , ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.