തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത 10 രൂപയെ കോടി രൂപയെക്കുറിച്ചു അന്വേഷണം വേണമെന്ന് വിജിലൻസ്. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമാണ് എന്നാണ് വിജിലൻസിന്റെ വാദം. ഈ തുകയ്ക്ക് പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറി. ഇഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ പണമിടപാടിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു. അതേസമയം, സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

മന്ത്രി വികെ ഇബ്രാഹീം കുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകൾ കണ്ടെത്തിയതായായിരുന്നു റിമാൻഡ് റിപ്പോർട്ട്. നിർമ്മാണ കരാർ ആർഡിഎസിന്‌ നൽകാൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. ആർഡിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടായിരുന്നു ഇടപാടുകളെന്നും മന്ത്രിക്ക് കമ്മീഷൻ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതയിൽ സമർപ്പിച്ച റിമാർഡ് റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. പാലം നിർമ്മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടിയുടെ നഷ്ടമുണ്ടാക്കിയതായും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആർബിഡിസികെ, കെആർഎഫ്ബി, കിറ്റ്‌കോ ഉദ്യോഗസ്ഥരുമായി 2013ൽ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നത്. ചട്ടവിരുദ്ധമായി ടെൻഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാൽ കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് ആർഡിഎസ് പ്രൊജക്ട് ലിമിറ്റഡിനു നൽകി. 13.5 ശതമാനം പലിശയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലോൺ നൽകുമ്പോൾ ആർഡിഎസിന് അഡ്വാൻസ് നൽകിയത് ഏഴ് ശതമാനം പലിശയ്ക്കാണെന്നും ഇതുവഴി 85 ലക്ഷം രൂപ നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നാലര കോടിയുടെ കണക്കിൽ പെടാത്ത നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ൽ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിപ്പിച്ച ഐടി വകുപ്പിന്റെ പ്രൊഹിബിഷൻ ഓർഡർ മന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു. നടപടി ഒഴിവാക്കാനായി ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ പ്രധാന്മന്ത്രി ഗരീബ് കല്യാൺ ഡിപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ചു.

നികുതി വെട്ടിച്ചതിൽ പിഴ ഒടുക്കിയതിന്റെ രസീതുകളും ഇബ്രാഹിം കുഞ്ഞിന്റെ വീട്ടീൽ നിന്നും വിജിലൻസ് കണ്ടെത്തി. രണ്ടേകാൽ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചു. നാലേകാൽ കോടിയുടെ ഉറവിടം എവിടെന്നു പറയാൻ ഇബ്രാഹിംകുഞ്ഞിന് ഇനിയും കഴിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ആണോ ഇതൊന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.