കണ്ണൂർ: വിജയ് ബാബുവിനെതിരെ നടപടി എടുക്കാൻ അമ്മയ്ക്ക് പോലും പേടിയാണ്. ദിലീപിനെ നിമിഷ നേരം കൊണ്ട് പുറത്താക്കിയവർ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതായത് നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുന്നുവെന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിച്ചു. അതാണ് വിജയ് ബാബു. സൂര്യാ ടിവിയിലുടെ മലയാള സിനിമയിലെ പ്രധാന നിർമ്മാതാവായ കൊല്ലത്തുകാരൻ.

സൂര്യ ടി.വി യിലെ ' ഡീൽ ഓർ നോ ഡീൽ ' എന്ന ഷോ വിജയിച്ചതോടെ ഗൾഫിലെ ബിസിനസുകാരനായ വിജയബാബുവിന്റെ തലവര തെളിയുകയായിരുന്നു. 2009 ൽ ഇന്നത്തെ യൂ ട്യൂബ് ഏഷ്യാ പസഫിക് റീജണൽ ഡയരക്ടർ അജയ് വിദ്യാസാഗറാണ് വിജയബാബുവിനെ സൂര്യാ ടി.വി. യുമായി ബന്ധപ്പെടുത്തിയത്. സൺ നെറ്റ് വർക് ചെയർമാൻ കലാനിധിമാരൻ ദുബായിൽ വെച്ച് അജയ് വിദ്യാസാഗറെ തന്റെ ഉടമസ്ഥതയിലുള്ള സൺ നെറ്റ് വർക്കിന്റെ സി. ഇ. ഒ ആയി ചുമതലയേൽക്കാൻ ക്ഷണിക്കുകയായിരുന്നു.

ചുമതല ഏറ്റെടുത്ത അജയ് വിദ്യാസാഗർ ദുബായിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഏഷ്യാനെറ്റ് ഉദ്യോഗസ്ഥനായ വിജയ്ബാബുവിനോട് സൂര്യാ ടി.വി യിൽ ചുമതലയേൽക്കാമോ എന്ന് ചോദിച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനം ഓഫർ ചെയ്തതോടെ മലയാളം ശരിക്കും അറിയാത്ത വിജയ്ബാബു അത് ഏറ്റെടുക്കുകയായിരുന്നു. കലാനിധിമാരനും അജയ് വിദ്യാസാഗറിനും പറ്റിയ നോട്ടപിശകായിരുന്നു വിജയ് ബാബുവിന്റെ നിയമനം എന്ന് പിന്നീട് സൂര്യ ടിവി തിരിച്ചറിഞ്ഞു. അങ്ങനെയാണ് സൂര്യയിൽ നിന്ന് വിജയ് ബാബു പടിയിറങ്ങുന്നത്.

' ഡീൽ ഓർ നോ ഡീൽ ' എന്ന അന്താരാഷ്ട്ര ഷോ യുടെ റേറ്റിങ് സൂര്യ ടി.വി.യിൽ കൂടിയപ്പോൾ വിജയ് ബാബു മതി മറന്നു. എന്നാൽ ഈ ഷോയുടെ പരസ്യം സൂര്യാ ടി.വി.യിൽ സ്‌ക്രോളിങ് ആയിപ്പോകുമ്പോൾ അതിലെ പിശക് പോലും തിരിച്ചറിയാൻ വിജയ്ബാബുവിന് ആയില്ല. മലാബാറിൽ നിന്നും ഒരു സൂര്യ ടി.വി. ലേഖകൻ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് തിരുത്തി അയക്കാൻ അയാളെ തന്നെ നിയോഗിക്കുകയായിരുന്നു.

തന്റെ തെറ്റുകൾ സൺ നെറ്റ് വർക്ക് മേധാവികൾ തിരിച്ചറിയരുതെന്ന് വിജയ്ബാബുവിന് നിർബന്ധമുണ്ടായിരുന്നു. ഡീൽ ഓർ. നോ ഡീൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്തത് വിജയ് ബാബുവിന് സൺ നെറ്റ് വർക് മേധാവികളിൽ ഇല്ലാത്ത മതിപ്പുണ്ടാക്കി. അതോടെ ചെന്നൈയിൽ സൂര്യ ടി.വി.യുടെ പ്രോഗ്രാം വൈസ് പ്രസിഡണ്ടായ എസ്.ജെ. ക്ലമന്റിനെ മാറ്റാൻ വിജയ് ബാബു അണിയറ നീക്കം നടത്തി. അതോടെ ക്ലമന്റിനെ സൂര്യ ടി.വി.യിൽ നിന്നും മാറ്റി പ്രതിഷ്ടിച്ചു.

വിജയ് ബാബുവിന്റെ കയ്യിൽ സൂര്യ ടി.വി.യുടെ പ്രോഗ്രാം വിഭാഗം വന്നുപെട്ടതോടെ അയാൾ മതിമറന്നു. ചലച്ചിത്ര നടൻ ദിലീപുമായാണ് വിജയ്ബാബുവിന്റെ അടുപ്പം ആരംഭിച്ചത്. സൂര്യ ടി.വി.യിൽ സംപ്രേഷണം ചെയ്യേണ്ട മലയാളം സിനിമകൾ വിജയ് ബാബു തനിച്ച് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്ന് മുതൽ രണ്ട് കോടിരൂപ വരെ അക്കാലത്ത് വാങ്ങിക്കൂട്ടിയ സിനിമകൾ സൂര്യ ടി.വി.യുടെ ചെന്നൈ ലൈബ്രറിയിൽ പാഴായി കിടക്കുകയാണ്.

150 ഓളം കോടി രൂപയുടെ സിനിമകളാണ് വിജയ് ബാബു സാമ്പത്തിക ലാഭം നേടി വാങ്ങിക്കൂട്ടിയത്. ഇവയൊന്നും പ്രക്ഷേപണ യോഗ്യം പോലുമല്ല. സൺ നെറ്റ് വർക്ക് മേധാവികൾ വിശ്വസിച്ച വ്യക്തിക്കെതിരെ അഴിമതി ആരോപണവും ഉയർന്നു. എന്നാൽ അന്വേഷണമൊന്നും നടന്നില്ല. എന്നാൽ ഇക്കാലത്ത് വാങ്ങിക്കൂട്ടിയ സിനിമകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. ചലച്ചിത്ര നിർമ്മാതാക്കൾ അപ്രധാന സിനിമകളുമായി അപ്പോയ്ന്റ്മെന്റിന് വേണ്ടി കൊച്ചിയിലെ സൂര്യ ഓഫീസ് കവാടത്തിൽ കാത്തു നിൽക്കുന്നത് കാണമായിരുന്നു.

ബോക്സോഫീസിൽ കലക്ഷൻ ലഭിക്കാതെ തകർന്നു തരിപ്പണമായ ചിത്രങ്ങൾ കോടികൾ നൽകി സാറ്റലൈറ്റ് അവകാശം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് വിജയ് ബാബുവിന് സൂര്യയിൽ നിന്നും പുറത്ത് പോകേണ്ടി വന്നു. എന്നാൽ ചലച്ചിത്ര നിർമ്മാതാവ് കൂടിയായ മാരനെ വെല്ലു വിളിച്ചു കൊണ്ട് ചലച്ചിത്ര നിർമ്മാണവും അഭിനയവും വിജയ് ബാബു ആരംഭിച്ചു. ഇതെല്ലാം വിജയിക്കുകയും ചെയ്തു.

അമ്മയുടെ ഷോയും സൂര്യ ഫിലിം അവാർഡും നടത്തി സ്ലോട്ടുകളുടെ തിരിമറി എന്നിവ വഴിയും വിജയ്ബാബു വൻ സാമ്പത്തിക ലാഭം നേടിയതായും ആരോപണമുണ്ടായിരുന്നു. ഏത് ഉന്നതനേയും നോട്ടം കൊണ്ടും സംസാരം കൊണ്ടും വശീകരിക്കാനുള്ള കഴിവാണ് വിജയ്ബാബുവിന്റെ പ്രത്യേകത. ഇത് തന്നെയാണ് സൂര്യാ ടിവിയിലേയും പ്രധാനിയായി വിജയ് ബാബുവിനെ മാറ്റിയത്.