കൊല്ലം: ചിറക്കലിൽ യുവതി ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതിന് കാരണം ഭർത്താവിന്റെ ദുർനടപ്പ് എന്ന് ആരോപണം. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മുരളീഭവനത്തിൽ വിജയ ലക്ഷ്മി (ഉണ്ണിയാർച്ച-33)യാണ് ചിറക്കൽ ക്ഷേത്രത്തിലെ കുളത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.

പതിവു പോലെ പുലർച്ചെ 5.30 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിന് പോയ വിജയ ലക്ഷ്മിയെ 7 മണിയായിട്ടും കാണാതാകുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും വിജയലക്ഷ്മി കൊണ്ടു വന്ന ടൂവീലർ മാത്രം കണ്ടെത്തി. മറ്റേതെങ്കിലും ക്ഷേത്രത്തിൽ പോയതാണെന്ന് കരുതി വീട്ടുകാർ മടങ്ങി പോയി. എന്നാൽ 9 മണിയോടെ ക്ഷേത്രക്കുളത്തിൽ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിജയ ലക്ഷ്മിയുടെ ഭർത്താവ് താമരക്കുളം സ്വദേശി പ്രദീപ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. വിവാഹ ശേഷമാണ് ഇയാൾ മോഷണക്കേസിൽ പൊലീസ് പിടിയിലാകുന്നത്. ഇതോടെയാണ് വിജയലക്ഷ്മിയും വീട്ടുകാരും ഇയാൾ മോഷ്ടാവാണെന്ന് അറിയുന്നത്. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം തന്നെ പൊലീസ് കുടുക്കിയതാണ് എന്ന വാദം ഉന്നയിച്ച് പ്രശ്നം ലഘൂകരിച്ചിരുന്നു. എന്നാൽ വീണ്ടും പൊലീസ് പിടിയിലായതോടെ കാര്യങ്ങളെല്ലാം വിജയ ലക്ഷ്മിക്ക് മനസ്സിലായി.

പക്ഷേ അപ്പോഴേക്കും വൈകിപ്പോയി. ഇരപവർക്കും രണ്ടു കുട്ടികൾ ആയിരുന്നു. പതുക്കെ പ്രദീപിനെ മാറ്റിയെടുക്കാമെന്ന ഉദ്ദേശത്തോടെ ബംഗളൂരുവിലേക്ക് കൊണ്ടു പോകുകയും അവിടെ കച്ചവടം തുടങ്ങുകയുമായിരുന്നു. എന്നാൽ അവിടെയും ഇയാൾ മോഷണം തുടർന്നതോടെ തിരികെ നാട്ടിലേക്ക് പോരുകയായിരുന്നു. അടുത്തിടെ ഇയാൾ മറ്റൊരു മോഷണക്കേസിൽപെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. അതിനിടയിലാണ് യുവതി ആത്മഹത്യ ചെയ്തത്.

പഠിക്കാൻ മിടുക്കിയായിരുന്ന വിജയ ലക്ഷ്മി ആയാട്ട കോഴ്സ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പ്രദീപിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായപ്പോൾ വീട്ടിൽ വിവാഹ കാര്യം അവതരിപ്പിച്ചു. എന്നാൽ പ്രദീപിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാൽ ആദ്യം വിസമ്മതിച്ചു. എന്നാൽ വിജയലക്ഷ്മിയുടെ സമ്മർദ്ദം മൂലം ഒടുവിൽ സമ്മതിക്കുകയായിരുന്നു. 2007 ലാണ് വിവാഹം നടന്നത്.

വിവാഹ ശേഷം വിജയലക്ഷ്മിയുടെ വീട്ടുകാരുമായി വലിയ അടുപ്പത്തിലായിരുന്നു. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ബിസിനസാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. എന്തിനും പണം എത്ര വേണമെങ്കിലും ചെലവാക്കാൻ ഇയാൾക്ക് മടിയില്ലായിരുന്നു. ഒടുവിൽ മോഷണം നടത്തിയാണ് പണം സമ്പാദിച്ചതെന്ന് അറിഞ്ഞപ്പോൾ എല്ലാവരും നടുങ്ങിപ്പോയി.

വിജയ ലക്ഷ്മി ഏറെ നാൾ സ്വന്തം വീട്ടിൽ നിൽക്കുകയായിരുന്നു. 12 ഉം 9 ഉം വയസ്സുള്ള കുട്ടികളെ ഓർത്ത് വീണ്ടും പ്രദീപിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ മോഷണക്കേസിൽ വീണ്ടും അറസ്റ്റിലായപ്പോൾ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു വിജയലക്ഷ്മി എന്ന് സഹോദരി മറുനാടനോട് പറഞ്ഞു. മിടുക്കിയായിരുന്നു അവൾ. വിവാഹ ശേഷം ഭർത്താവിന്റെ ദുഃസ്വഭാവം അറിഞ്ഞതോടെ ഏറെ തകർന്നു പോയി. താങ്ങാനാവാത്ത വിഷമം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാട്ടിയിരുന്നില്ല. അവസാനം അവൾ ഏറെ തകർന്നതു കൊണ്ടാവാം ആത്മഹത്യ ചെയ്തത് എന്ന് സഹോദരി പറയുന്നു.

പാവുമ്പ ചിറക്കൽ ക്ഷേത്രക്കുളം അറിയപ്പെടുന്നത് 'മരണച്ചിറ' എന്നാണ്. നാട്ടുകാരും ഇതര ജില്ലക്കാരും ആത്മഹത്യ ചെയ്യാനായി തിരഞ്ഞെടുക്കുന്നത് ഈ ക്ഷേത്രക്കുളമാണ്. ഏകദേശം ഇരപതോളം പേർ ഈ കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജല ലഭ്യത് ഉറപ്പു വരുത്താനായി ആഴത്തിൽ കുഴിച്ചിരിക്കുന്ന കുളമാണ്. അതിനാൽ കുളത്തിൽ മുങ്ങിപ്പോകുന്നവരാരും ജീവനോടെ തിരികെ എത്തിയിട്ടില്ല.

ചിറക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതുകൊല്ലം ജില്ലയിലാണെങ്കിലും ക്ഷേത്രക്കുളം ആലപ്പുഴ ജില്ലയിലാണ്. അതിനാൽ നൂറനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടപ്പോണിലെ ജോസ്‌കോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.