കൊച്ചി: നടിയെ ബലാത്സംഗംചെയ്‌തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഉരാക്കുടുക്കിൽ. വിജയ് ബാബു ദുബായിൽ ഉണ്ടെന്ന് പറയുന്നതും കളവാണെന്ന് പൊലീസ് കരുതുന്നു. ഇന്ത്യയിൽ തന്നെ വിജയ് ബാബു ഉണ്ടെന്നാണ് നിഗമനം. ദുബായിലാണുണ്ടെന്ന് തെറ്റിധാരണ പരത്തിയത് കേസിൽ അനുകൂലാവസ്ഥ ഉണ്ടാക്കാനാണെന്നാണ് വിലയിരുത്തൽ. ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകുന്നതിന് മുമ്പ് തന്നെ വിജയ് ബോബു ഇന്ത്യയിലേക്ക് മടങ്ങി എത്തിയെന്നാണ് സൂചന. അല്ലാത്ത പക്ഷം കേസിൽ തിരിച്ചടിയുണ്ടാകുമെന്ന് അഭിഭാഷകൻ ഉപദേശിച്ചതാണ് ഇതിന് കാരണം. അതുകൊണ്ടു കൂടിയാണ് വിജയ് ബാബുവിനെ പിടിക്കാൻ ഇന്റർപോൾ സഹായം തേടാത്തതും. ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണ് വിജയ് ബാബുവിനുണ്ടായത്.

മുൻകൂർ ജാമ്യ ഹർജി വേനലവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി വയ്ക്കുകയാണ് കോടതി ചെയ്തത്. അറസ്റ്റ് ഒഴിവാക്കാനുള്ള ഉത്തരവും ഇറക്കിയില്ല. അതുകൊണ്ട് തന്നെ കേസിൽ സുപ്രീംകോടതി അപ്പീലിന് പോലും സാധ്യതയുണ്ട്. ദുബായിലാണുള്ളതെങ്കിൽ മൂന്നാഴ്ച എങ്കിലും അവിടെ കഴിയേണ്ടി വരും. ഇന്റർ പോളിന്റെ സാഹായത്തോടെ അകത്താക്കാൻ കഴിയും. ദുബായിലുണ്ടോ എന്ന് പരിശോധിക്കാൻ ശ്രമം സജീവമാണ്. ഇതിനിടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും സംശയത്തിലാകുന്നത്. പാസ് പോർട്ട് നമ്പർ പരിശോധിച്ച് ഇക്കാര്യം പൊലീസ് ഉറപ്പാക്കും. പാസ് പോർട്ട് റദ്ദാക്കാനും പൊലീസ് നടപടി തുടങ്ങി. അങ്ങനെ വന്നാൽ വിജയ് ബാബുവിന് ഊരാക്കുടുക്കാകും.

ഇരയുടെ പേര് വെളിപ്പെടുത്തിയതാണ് വിജയ് ബാബുവിന് വിനയാകുന്നത്. വിജയ് ബാബുവിന്റെ സുഹൃത്ത് ടോളിനേയും പൊലീസ് ചോദ്യം ചെയ്യും. ടോളിനിൽ നിന്ന് നിർണ്ണായക വിരവങ്ങൾ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഏതറ്റം വരേയും പോകാനാണ് നീക്കം. അതിനിടെ പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്‌ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചലച്ചിത്രമേഖലയിൽനിന്നുള്ളവരുടെയും ഹോട്ടൽ ജീവനക്കാരുടെയുമടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. ഇതും വിജയ് ബാബുവിന് തിരിച്ചടിയാണ്.

കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ളാറ്റുകളിലുമടക്കം അഞ്ചു സ്ഥലങ്ങളിൽ ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് വിജയ്ബാബു തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഹോട്ടലിലും ഫ്‌ളാറ്റുകളിലുമെത്തി തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഉറപ്പിച്ചിട്ടുണ്ട്.

വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. 24-നാണ് വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതാണെന്ന് ഓരോനിമിഷവും തെളിയുന്നതായും കമ്മിഷണർ പറഞ്ഞു. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വരുന്നതിന് മുമ്പ് ദുബായിൽ നിന്ന് രാജ്യത്ത് തിരിച്ചെത്താനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ വിജയ് ബാബു ലൈംഗികാതിക്രമത്തിന് മുതിർന്നതായി സിനിമാരംഗത്തുനിന്ന് മറ്റൊരു യുവതിയുടെ പരാതിയും സോഷ്യൽ മീഡിയയിൽ എത്തി. 'വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്'എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. പൊലീസിന് പരാതി നൽകിയിട്ടില്ല. ജോലിയുടെ കാര്യത്തിന് വിജയ് ബാബുവിന്റെ ഓഫീസിലെത്തിയ തന്നെ ചുംബിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മാപ്പപേക്ഷിച്ചെന്നും യുവതി വെളിപ്പെടുത്തി. കഴിഞ്ഞ നവംബറിലാണ് സംഭവം.

മുറിയിൽ മറ്റാരും ഇല്ലാത്ത സമയത്ത് മദ്യപിച്ച വിജയ് ബാബു തനിക്ക് മദ്യം വാഗ്ദാനംചെയ്തതായും യുവതി കുറിക്കുന്നു. പരാതി കിട്ടിയാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.