കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടന്നത് വലിയ ഗൂഢാലോചനയെന്ന നിഗമനത്തിലേക്ക് പൊലീസ്. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ സ്വാധീനിക്കാൻ കെബി ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി വിളിച്ചതായി വ്യക്തമായി. ഇതോടെയാണ് ഇതിന് പിന്നിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീളുന്നത്. സിനിമാക്കാർക്ക് ഇതുമായി ബന്ധമുണ്ടോ എന്നതാണ് പരിശോധനാ വിഷയം. എന്നാൽ ഗണേശ് കുമാർ ഇടത് എംഎൽഎയാണ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോഹൻലാലിന്റെ നേതൃത്വത്തിൽ 2020 ജനുവരിയിൽ ദിലീപ് അടക്കമുള്ള താരങ്ങൾ ഒത്തുകൂടിയിരുന്നു. അതിന് ശേഷമാണ് സാക്ഷിയെ സ്വാധീനിക്കാൻ ഗണേശിന്റെ സെക്രട്ടറിയുടെ ശ്രമം. അതുകൊണ്ട് തന്നെ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനാകും ശ്രമം. കേസിലെ പ്രതികളുമായി ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്ക് നേരിട്ട് ബന്ധമില്ല. അതുകൊണ്ട് തന്നെ മറ്റാരുടേയോ നിർദ്ദേശം ഇക്കാര്യത്തിൽ പാലിച്ചുവെന്നാണ് വിലയിരുത്തൽ.

വിപിൻ ലാലിനെ വിളിക്കാൻ മാത്രമായി സിം കാർഡ് എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് സിം കാർഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് വിപിൻ ലാലിനെ മാത്രമാണ് വിളിച്ചത്. ജനുവരി 28നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോൺവിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിപിൻലാൽ ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജനുവരി 23ന് പ്രദീപ് കുമാർ കാഞ്ഞങ്ങാടെത്തി വിപിൻ ലാലിന്റെ അമ്മാവന്റെ ഫോണിൽ നിന്ന് ബിബിനെ വിളിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെയാണ് മറ്റൊരു സിം കാർഡിൽ നിന്ന് ജനുവരി 28ന് വിപിനെ വിളിച്ചത്. ഇതിന്റെ ടവർ ലൊക്കേഷൻ പത്തനാപുരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ദിവസങ്ങളാണ് പ്രധാനം.

കാഞ്ഞങ്ങാടെത്തി വിപിനെ വിളിച്ചതിനു ശേഷം സ്വന്തം ഫോണുപയോഗിച്ച് രണ്ട് പ്രധാന വ്യക്തികളെ കൂടി പ്രദീപ് കുമാർ വിളിച്ചിട്ടുണ്ട്. കേസിൽ ഉന്നതരുൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്. ഉണ്ണി മുകുന്ദൻ 2020 ജനുവരിയിൽ പങ്കുവച്ച ഫോട്ടോയാണ് സംശയങ്ങൾക്ക ഇടനൽകുന്നത്. സിദ്ദിഖ്, ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകന്ദൻ എന്നിവരായിരുന്നു ആ സെൽഫിയിൽ ഉണ്ടായിരുന്നത്. അത്താഴത്തിന് മുമ്പുള്ള സെൽഫിയെന്നായിരുന്നു അടിക്കുറിപ്പ്.

ദിലീപ് പ്രതിയായ കേസിലെ രണ്ട് സാക്ഷികൾ ഈ ഫോട്ടോയിൽ എത്തിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്ന വിലയിരുത്തലുമെത്തി. ജനുവരിയിലെ ഈ പാർട്ടിക്ക് പിന്നാലെയാണ് താര സംഘടനയായ അമ്മയിലെ ഭാരവാഹി കൂടിയായ ഗണേശിന്റെ സെക്രട്ടറിയുടെ ഇടപെടൽ. അതുകൊണ്ട് തന്നെ സാക്ഷിയെ സ്വാധീനിക്കലിന് പിന്നിൽ സിനിമാ ഗൂഢാലോചനയുണ്ടെന്നാണ് പൊതുവിൽ ഉയരുന്ന വിലയിരുത്തൽ.

സാക്ഷിയെ സ്വാധീനിക്കാൻ എത്തിയപ്പോൾ കാഞ്ഞങ്ങാടെ ഹോട്ടലിൽ തങ്ങിയപ്പോൾ നൽകിയ മേൽവിലാസം പ്രദീപ് കുമാറിന്റേതാണ്. അടുത്തദിവസം ഓട്ടോ പിടിച്ച് ബേക്കലിലെത്തി വിപിൻ ലാലിന്റെ അമ്മാവൻ ഗിരീഷ് കുമാർ ജോലി ചെയ്യുന്ന ജൂവലറിയിൽ എത്തി. അമ്മാവൻ ജോലി ചെയ്യുന്ന വാച്ച് സെക്ഷനിലെത്തി 6000 രൂപ മുടക്കി വാച്ച് വാങ്ങി. എന്നാൽ ഇതിന്റെ ബില്ലിൽ മറ്റൊരു പേരാണ് നൽകിയത്. ഇത് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമം നടന്നുവെന്ന് കാണിച്ച് വിപിൻ ലാൽ പൊലീസിൽ പരാതി നൽകിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഫോൺകോൾ സംബന്ധിച്ച വിവരങ്ങളും ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി.

കെപിസിസി ജന.സെക്രട്ടറി ജ്യോതികുമാർ ചാമക്കലയും പ്രദീപ് കുമാർ ബേക്കലിലെ ജൂവലറിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. 'മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് എത്തുന്ന ദൃശ്യങ്ങൾ ആണിത്. ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജൂവലറിയിൽ എത്തിയത്. ഗണേശ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം എന്താണെന്ന് സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം' ചാമക്കാല ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

പത്തനാപുരത്ത് ഗണേശിനെതിരെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്ന പേരുകളിൽ ഒന്നാണ് ചാമക്കാലയുടേത്. പത്തനാപുരം കേന്ദ്രീകരിച്ചാണ് ചാമക്കാലയുടേയും പ്രവർത്തനം.