ഗുവാഹത്തി: അയൽരാജ്യങ്ങളായ ചൈനക്കും പാക്കിസ്ഥാനും എതിരെ രൂക്ഷ വിമർശനവുമായി സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത്. കശ്മീർ താഴ് വരയുടെ സമാധാനം നശിപ്പിക്കാൻ പാക്കിസ്ഥാനും ചൈനയും ശ്രമിക്കുകയാണെന്ന് വിപിൻ റാവത്ത് പറഞ്ഞു.

ഇരുരാജ്യങ്ങളും ഇന്ത്യയുമായി നിഴൽ യുദ്ധം നടത്തുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം ജനങ്ങൾക്കും സേനക്കും ആത്മവിശ്വാസമേകി. ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ സേന സജ്ജമെന്നും വിപിൻ റാവത്ത് കുറ്റപ്പെടുത്തി.

'അഫ്ഗാനിസ്താനിൽ എന്താണ് സംഭവിക്കുന്നതെന്നും അതിന്റെ പ്രതിഫലനം ജമ്മു കശ്മീരിൽ സംഭവിക്കുമെന്നും നമ്മൾക്കറിയാം. നമ്മൾ അതിനായി തയ്യാറെടുക്കണം. നമ്മുടെ അതിർത്തികൾ അടക്കണം. നിരീക്ഷണം വളരെ പ്രധാനമാണ്. പുറത്തുനിന്നുള്ളവർ ആരൊക്കെയുണ്ടെന്ന് നോക്കണമെന്നും അതിന് പരിശോധന നടത്തണമെന്നും' വിപിൻ റാവത്ത് ചൂണ്ടിക്കാട്ടി.

ആഭ്യന്തര സുരക്ഷയെ കുറിച്ചും വിപിൻ റാവത്ത് പ്രതികരിച്ചു. സാധാരണക്കാരും വിനോദ സഞ്ചാരികളും കനത്ത പരിശോധനയുടെ ഭാരം നേരിടേണ്ടിവരും. അത് അവരുടെ സുരക്ഷക്ക് വേണ്ടിയാണെന്ന് മനസിലാക്കണം. ഇതേകുറിച്ച് ഓരോ പൗരനും ബോധവൽക്കരണം നടത്തണമെന്നും വിപിൻ റാവത്ത് ആവശ്യപ്പെട്ടു.

ആരും നമ്മുടെ പ്രതിരോധത്തിന് വരില്ല, നമ്മൾ സ്വയം പ്രതിരോധിക്കണം. നമ്മുടെ ആളുകളെയും നമ്മുടെ സ്വത്തും സംരക്ഷിക്കണം. ആഭ്യന്തര സുരക്ഷ വളരെ വലുതാണെന്നും വിപിൻ റാവത്ത് പറഞ്ഞു.