കണ്ണുർ: കേരളത്തിൽ നിന്നും ബംഗ്‌ളൂരിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകാൻ പുതുവഴി തെളിയുന്നു. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തുനിന്ന് തുടങ്ങി ഹോൾനരസിപ്പുർ-അർക്കൽഗുഡ്-കൊഡലുപേട്ട-മടിക്കേരി-വീരാജ്പേട്ട മാക്കൂട്ടം ചുരംപാത വഴി കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത് '. കേന്ദ്ര ഇതു സംബന്ധിച്ച്‌റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കുടക് എംപി. പ്രതാപ് സിംഹ, വീരാജ്പേട്ട എംഎ‍ൽഎ. കെ.ജി. ബൊപ്പയ്യ എന്നിവർ നിവേദനം നൽകി. കേന്ദ്ര സർക്കാർ ഈക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് നിവേദകസംഘത്തിലുണ്ടായ വർ പറഞ്ഞു.

പദ്ധതി തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും ഇതിന്റെ വിശദമായ പദ്ധതിരേഖയും റിപ്പോർട്ടും കേന്ദ്രമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും കർണാടക എം .പി അറിയിച്ചു. 183 കിലോമീറ്റർ വരുന്നതാണ് പാത. 20 കിലോമീറ്ററോളം റോഡ് ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്. 1600 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. കർണാടക, കേരളം സംസ്ഥാനങ്ങളിലെ ടൂറിസം പദ്ധതികൾക്ക് പാത ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

കർണാടകയിലെ കാശ്മീർ എന്നറിയപ്പെടുന്ന കുടകിനെ ആഭ്യന്തര-അന്തർദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാൻ ഇതിലൂടെ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. കാപ്പി, കുരുമുളക് പോലുള്ള നാണ്യവിളകൾ ഇവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങൾക്കും പരിഹാരമാകും. കണ്ണൂർ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും ഈ പാത ഏറെ സഹായകമാകുമെന്ന അനുകൂല ഘടകവുമുണ്ട്.

കുടക്, ഹാസൻ മേഖലകളിൽനിന്ന് നിരവധി ചരക്കുവാഹനങ്ങളാണ് നിത്യവും മാക്കൂട്ടം ചുരംപാത വഴി കേരളത്തിലേക്കെത്തുന്നത്. വീതികുറഞ്ഞതും വളവുകളും തിരിവുകളും കയറ്റവും ഇറക്കവുമുള്ള റോഡിൽ ഇപ്പോൾ യാത്ര ഏറെ ദുസ്സഹമാണ്. കൂട്ടുപുഴയിൽനിന്ന് മാക്കൂട്ടം വഴി പെരുമ്പാടിവരെ നീളുന്ന 16 കിലോമീറ്റർ കാനനപാത അപകടങ്ങളുടെ ഹബ്ബാണ്. കേരളത്തിൽനിന്ന് കർണാടക മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.