സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്ന വീഡിയോകൾ വ്യാപകമായി പ്രചരിക്കാറുണ്ട്. ചില മൃ​ഗങ്ങളുടെയും പക്ഷികളുടെയും പെരുമാറ്റം നമ്മെ നന്നായി രസിപ്പിക്കുകയും ചെയ്യും. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടിവി കണ്ടിരിക്കുന്ന കുഞ്ഞിനെ പോരിന് വിളിക്കുന്ന പൂച്ചക്കുട്ടിയാണ് 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലെ താരം.

'hey tiny human... wanna fight me ? എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കുട്ടി ടി.വി. കണ്ടിരിക്കുന്നത് കാണാം. തൊട്ടടുത്ത് ഒരു പൂച്ചക്കുട്ടിയും ഉണ്ട്. തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ആ പൂച്ചക്കുട്ടി ടി വി കണ്ടിരിക്കുന്ന കുട്ടിയുടെ തോൾഭാഗത്തേക്ക് കയറി കൈകൊണ്ട് ഒന്നു തട്ടുന്നു. പക്ഷേ കുട്ടി അറിഞ്ഞ ഭാവം കാണിക്കുന്നില്ല. എന്നാൽ പൂച്ചക്കുട്ടി ഒരു പോരാട്ടത്തിന് ഒരുങ്ങിനിൽക്കുന്ന പോലെ ശരീരമാകെ കുലുക്കുകയും പേടിച്ച് പേടിച്ച് കുട്ടിയുടെ അടുത്തേക്ക് എത്തുകയും തിരിച്ചുപോകുകയുമൊക്കെ ചെയ്യുന്നു.

മുൻകാലുകൾ രണ്ടും പൊന്തിച്ചും ആക്രമിക്കാൻ വരുന്ന മട്ടിൽ നിൽക്കുകയുമൊക്കെ ചെയ്യുന്ന പൂച്ചക്കുട്ടി കാഴ്ചക്കാരിൽ ചിരി നിറയ്ക്കുമെന്നതിൽ സംശയമില്ല. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു. 'കളിക്കാനുള്ള വിളി'യാണെന്നും അത് ബ്ലാക്ക്-ബെൽറ്റ് നേടിയ പൂച്ചയാണെന്നുമൊക്കെയാണ് ചില കമന്റുകൾ. ട്വിറ്ററിലെ ദി ഫീൽ ഗുഡ് പേജ് ഇത്തരത്തിലുള്ള നിരവധി വീഡിയോദൃശ്യങ്ങൾ കാഴ്ചക്കാർക്ക് സമ്മാനിക്കാറുണ്ട്. ഇപ്പോൾ ഇതാ ഒരു ചെറിയ കുട്ടിയുടേയും പൂച്ചക്കുട്ടിയുടെയും രസകരവും ചിരിയുണർത്തുന്നതുമായ നിമിഷങ്ങളെ പങ്കുവെച്ചിരിക്കുകയാണ്.