ദുബായ്: ട്വന്റി 20 ടീമിന്റെ നായക സ്ഥാനത്തു നിന്നുള്ള വിരാട് കോലിയുടെ പടിയിറക്കത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിൽ അധികാര തർക്കം രൂക്ഷമായിരുന്നതായി റിപ്പോർട്ട്. രോഹിത്ത് ശർമയെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കാൻ സെലക്ഷൻ കമ്മറ്റിയോട് നായകൻ വിരാട് കോലി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിന്റെ സമയത്ത് അടക്കം ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഒട്ടും രസകരമല്ലാത്ത കാര്യങ്ങൾ പുറത്തുവരുന്നത്.

''ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് കെ എൽ രാഹുലിനെ കൊണ്ടുവരണം. അതോടൊപ്പം ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനവും രാഹുലിനെ ഏൽപ്പിക്കണം. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് സ്ഥാനമേൽക്കണം. രോഹിത്തിന് ഇപ്പോൾ 34 വയസായി. ടീമിന്റെ ഭാവി കണക്കിലെടുക്കുമ്പോൾ ദീർഘകാലത്തേക്ക് ആ പദവിയിൽ തുടരാൻ അനുവദിക്കുന്നിൽ അർത്ഥമില്ല.'' കോലി സെലക്ഷൻ കമ്മറ്റിക്ക് മുമ്പാകെ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

രോഹിത്തിനെ നീക്കാൻ കോലി ആവശ്യപ്പെട്ടത് ബിസിസിഐയിൽ ഭിന്നതയ്ക്കിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കോലിയുടെ ഉദ്ദേശ്യശുദ്ധിയിൽ ബിസിസിഐക്ക് സംശയം ഉയർന്നിരുന്നു. എന്നാൽ ട്വന്റി 20 ലോകകപ്പിന് ശേഷം കോലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നീക്കാൻ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻകൂട്ടി കണ്ടാണ് കോലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായത്.



ഏകദിനത്തിലും ട്വന്റി 20യിലും ബാറ്റ്‌സ്മാൻ എന്ന നിലയിലും വൈസ് ക്യാപ്റ്റൻ എന്ന നിലയിലും നിർണായക സ്വാധീനം ചെലുത്തുവാൻ രോഹിതിന് കഴിഞ്ഞതായാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തൽ. ബിസിസിഐ രോഹിത്തിനെ പിന്താങ്ങുമെന്ന് സെക്രട്ടറി ജെയ് ഷായുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. ഇന്ത്യൻ നായകന്റെ ജോലിഭാരത്തെ കുറിച്ച് ആറ് മാസമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് ജെയ് ഷാ പറഞ്ഞിരുന്നു. മൂന്ന് ഫോർമാറ്റിലും കോലി തന്നെ നായകനാകണമെന്ന നിർബന്ധം ബിസിസിഐക്ക് ഇല്ലെന്ന സൂചന കൂടിയാണ് അദ്ദേഹം നൽകിയത്.

മാത്രമല്ല, രോഹിത് ശർമയ്ക്ക് ഡ്രസിങ് റൂമിൽ കൃത്യമായി ഇടമുണ്ടായി. നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധിച്ചിരുന്ന രോഹിത് ഇപ്പോൾ ടെസ്റ്റ് ടീമിൽ എത്തിയതോടെയാണ് ടീമിൽ അദ്ദേഹത്തിന് സ്വാധീനം ചെലുത്താനായത്. യുവതാരങ്ങളുമായി അദ്ദേഹത്തിന് രോഹിത്തിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ രോഹിത് ശർമയുടെ അഭിപ്രായം സെലക്ടമാർ തേടിയതും. 

ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോർഡാണുള്ളത്. കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 15 വിജയങ്ങൾ സമ്മാനിച്ചു. ഇതിനു പുറമേ 2018ലെ നിദാഹാസ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കി.

ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് രോഹിത് ശർമയ്ക്കുള്ളത്. രോഹിത്തിനു കീഴിലാണ് 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളായത്.

അതേ സമയം വിരാട് കോലി നായകനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 132 മത്സരങ്ങൾ നയിച്ചപ്പോൾ 60 മത്സരങ്ങളിൽ ജയംനേടാനായി. 65 മത്സരങ്ങളിൽ പരാജയം നേരിട്ടു. നാല് മത്സരങ്ങൾ ഫലം കാണാതെ പോയി. ഒരിക്കൽ പോലും ഐപിഎൽ കിരീടം നേടാൻ ബാംഗ്ലൂരിനായില്ല എന്നത് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വിരാട് കോലി ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം താരം സ്ഥാനമൊഴിയും. പിന്നാലെ ആര് ക്യാപ്റ്റനാകുമെന്നുള്ള ചർച്ചകളാണ് കൊഴുക്കുന്നത്. പ്രാധാന്യം കൽപ്പിക്കപ്പെടുന്നതിൽ ഒരാളാണ് സീനിയർ താരമായ രോഹിത് ശർമ. യുവാക്കൾക്ക് നേതൃസ്ഥാനം നൽകാൻ തീരുമാനിച്ചാൽ കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരിൽ ആർക്കെങ്കിലും നറുക്ക് വീഴും.