കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെഎൻ സുജിത് മുമ്പാകെ സാക്ഷിവിസ്താരം മൂന്നാംദിവസവും പുരോഗമിക്കുന്നു. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ കഴിഞ്ഞദിവസം ഒന്നാം സാക്ഷിയായി വിസ്തരിച്ചിരുന്നു.

മാട്രിമോണിയൽ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകൾക്ക് താൻ 101 പവൻ സ്ത്രീധനം നൽകിയെന്നും നിങ്ങൾ എന്ത് നൽകുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും ഒരു കാറും നൽകാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. എന്നാൽ കോവിഡ് കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താൻ വാങ്ങി നൽകിയതെന്നും കോടതിയിൽ വെളിപ്പെടുത്തി.

വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാർ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാർ വാങ്ങി നൽകാമെന്ന് വിവാഹ ദിവസം തന്നെ താൻ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ സ്വർണം ലോക്കറിൽ വയ്ക്കാനായി തൂക്കി നോക്കിയപ്പോൾ അളവിൽ കുറവ് കണ്ടതിനെ തുടർന്ന് കിരൺ വിസ്മയയെ ഉപദ്രവിച്ചതായും ഫോണിൽ കിരൺ വിളിച്ചപ്പോൾ മകൾ കരഞ്ഞുകൊണ്ട് തന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമൻ നായർ മൊഴി നൽകി.

ഓണ സമയത്ത് കാറിൽ സഞ്ചരിക്കവെ ഇക്കാര്യം പറഞ്ഞ് കിരൺ ഉപദ്രവിച്ചതിനെ തുടർന്ന് വിസ്മയ കാറിൽ നിന്നിറങ്ങി ചിറ്റുമലയിലെ ഒരു വീട്ടിൽ അഭയം തേടി. ഇക്കാര്യം കിരണിനോട് ചോദിച്ചപ്പോൾ തന്നോട് കിരൺ മോശമായി സംസാരിച്ചു. അന്ന് താനും ഭാര്യയും കൂടി കിരണിന്റെ വീട്ടിൽ ചെന്നിരുന്നു. കൊടുക്കാമെന്ന് പറഞ്ഞത് മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്‌നമേയുള്ളൂവെന്നും കിരൺ പറഞ്ഞതായി സാക്ഷി വെളിപ്പെടുത്തി. പിന്നീട് ജനുവരി മൂന്നിന് രാവിലെ മകൻ വിജിത്തിന്റെ നിലവിളി കേട്ട് താഴെ വന്നപ്പോൾ വിസ്മയ കരഞ്ഞുകൊണ്ട് നിൽക്കുന്നതും കിരൺ മകനെ ആക്രമിക്കുന്നതും കണ്ടു. കാര്യം ചോദിച്ചപ്പോൾ പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെയെന്ന് പറഞ്ഞ്, വിസ്മയ ഇട്ട മാല ഊരി തന്റെ മുഖത്തെറിഞ്ഞശേഷം കിരൺ ഇറങ്ങിപ്പോയി.

മകന്റെ പരിക്കുകൾ ഗുരുതരമാകയാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയിൽ നിന്ന് അറിയിച്ചു. ചികിത്സയ്ക്ക് ശേഷം തിരികെ വന്നപ്പോൾ കിരണിന്റെ പിതാവും അളിയനും രണ്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാൽ താൻ കേസിൽ നിന്ന് പിന്മാറിയെന്നും സാക്ഷി വെളിപ്പെടുത്തി.

പിറ്റേദിവസം പരീക്ഷയുടെ ഹാൾ ടിക്കറ്റെടുക്കാൻ താനും വിസ്മയയും കൂടി കിരണിന്റെ വീട്ടിൽ പോയി. അവിടെ ചെന്നശേഷം അവിടെ നിന്നുകൊള്ളാമെന്ന് വിസ്മയ പറഞ്ഞു. ജ്യേഷ്ഠൻ വിജിത്തിന്റെ വിവാഹസമയത്ത് താൻ വീട്ടിൽ നിൽക്കുന്നത് നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതിയാണ് നിന്നതെന്ന് വിസ്മയ തന്നോട് പറഞ്ഞിരുന്നു. ജനുവരി 11ന് മകന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്ന് മനസ്സിലാക്കി തങ്ങൾ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നു.

മകന്റെ വിവാഹത്തിനുപോലും കിരണോ ബന്ധുക്കളോ വന്നില്ല. വിവാഹശേഷം മരുമകളോട് വിസ്മയ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. ഇതേ തുടർന്ന് വിവാഹ ബന്ധം ഒഴിയുന്നിതിനുള്ള നീക്കം തുടങ്ങി. അപ്രകാരം ചർച്ചകൾ നടക്കവെ മാർച്ച് 17ന് വിസ്മയ കിരണിനൊപ്പം വീട്ടിലേയ്ക്ക് പോയി. കിരൺ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയത് സ്‌നേഹം കൊണ്ടല്ല, കേസ് ഒഴിവാക്കാനാണെന്ന് പറഞ്ഞുവെന്നും ത്രിവിക്രമൻ നായർ മൊഴി നൽകി. അതിനുശേഷം തന്റെയും മകന്റെയും ഫോണും ഫേസ്‌ബുക്കും കിരൺ ബ്ലോക്ക് ചെയ്തു.

പിന്നീട് ജൂൺ 21ന് കിരണിന്റെ അച്ഛനാണ് വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞത്. ആശുപത്രിയിലേയ്ക്ക് പോകുന്നവഴി മരണവിവരം അറിഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ചെന്ന് മൊഴി നൽകിയെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.

കേസിൽ എതിർവിചാരണ ആരംഭിച്ചതോടെയാണ് വാദങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞത്. വിസ്മയയുടെ അച്ഛന്റെ എതിർവിചാരണ പന്ത്രണ്ടാം തീയത് വൈകുന്നേരം ആറ് മണി വരെ നീണ്ടു. ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തിൽ വിസ്മയയെ ഉപദേശിച്ചിരുന്നതായും ത്രിവിക്രമൻ നായർ പ്രതിഭാഗം വിചാരണയിൽ സമ്മതിച്ചു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്പോൾ വിസ്മയ കാറിൽ നിന്നും ചാടാൻ ശ്രമിച്ചതായി കിരൺ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനെ അറിയിച്ചു.

അക്കാലത്ത് കിരണും ത്രിവിക്രമൻ നായരും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതിൽ കിരണിന് എതിർപ്പുണ്ടായിരുന്നെന്നും അതിനാൽ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമൻ നായർക്ക് സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മിൽ ഫോൺസംഭാഷണങ്ങൾ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നൽകാൻ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. താനുമായി കിരൺ നടത്തിയ ഫോൺ സംഭാഷണം ത്രിവിക്രമൻ നായർ കോടതിയിൽ തിരിച്ചറിഞ്ഞു. അമ്മയുടെ അനുമതിയോടെയാണ് വിസ്മയ കിരണിന്റെ വീട്ടിലേയ്ക്ക് വന്നതെന്നും പ്രതിഭാഗം വാദിച്ചു. അതിന് ശേഷം വിസ്മയയുമായി ബന്ധപ്പെടാൻ അച്ഛനും സഹോദരനും തയ്യാറായിട്ടില്ലെന്നും ത്രിവിക്രമൻ നായർ കോടതിയിൽ സമ്മതിച്ചു.

ജനുവരി മൂന്നിന് കിരണും വിജിത്തും തമ്മിലാണ് പിടിവലി ഉണ്ടായതെന്നും കിരൺ തന്നെ ആക്രമിച്ചെന്ന് വിസ്മയ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും ത്രിവിക്രമൻ നായർ കോടതിയിൽ പറഞ്ഞു. വിസ്മയയുടെ മരണത്തിന് തൊട്ടടുത്ത ദിവസം കിരണിന്റെ അമ്മയെ കുറിച്ച് ത്രിവിക്രമൻ നായർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. തെളിവായി മറുനാടൻ മലയാളിയുടെ വീഡിയോ അടക്കം രണ്ട് മാധ്യമങ്ങളുടെ വീഡിയോ കോടതിയുടെ മുമ്പിൽ പ്രദർശിപ്പിച്ചു.

ഇന്നലെ വിജിത്തിന്റെ ഭാര്യ രേവതിയെ കോടതിയിൽ വിസ്തരിച്ചു. വിസ്മയ രേവതിക്ക് അയച്ച മെസേജിന്റെ സ്‌ക്രീൻഷോട്ട് കോടതിയിൽ ഹാജരാക്കിയെങ്കിലും അതിന്റെ ആധികാരികത തെളിയിക്കാൻ വാദിഭാഗത്തിന് കഴിഞ്ഞില്ല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജി മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി അഖിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പ്രതാപചന്ദ്രൻപിള്ള, പിആർ വിഭു, ഷൈൻ എസ് മൺട്രോതുരുത്ത്, ബിജുലാൽ പി ആയൂർ, അനന്തകൃഷ്ണൻ എ എന്നിവർ ഹാജരായി.