ശാസ്താംകോട്ട: കൊല്ലത്തെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ സ്വദേശിനി വിസ്മയയെ ഭർത്താവ് എസ്. കിരൺകുമാർ അതിക്രൂരനെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. സ്ത്രീധനത്തോട് ആർത്തി മൂത്ത കിരൺ കുമാർ വിസ്മയയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഒരിക്കൽ കാറിൽ വെച്ചും അതിക്രൂരമായി മർദ്ദിക്കുകയാണ് ഉണ്ടായത്. ഈ സംഭവത്തിൽ കാറിൽ നിന്നും ചാടി മറ്റൊരു വീട്ടിലേക്ക് ഓടിക്കയറേണ്ടി വന്നു വിസ്മയക്ക്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിയുന്നത്.

വീട്ടിൽ വെച്ചു മർദ്ദിച്ചതിന് പുറമേയാണ് ഒപ്പം യാത്ര ചെയ്ത വേളയിൽ നിസ്സാര കാര്യങ്ങൾക്ക് പോലും കുറ്റങ്ങൾ കണ്ടെത്തി വിസ്മയയെ കിരൺ മർദ്ദിച്ചത്. മുൻപ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകൾ കിരൺ അടിച്ചു തകർത്തിരുന്നു. കാറിനെ ചൊല്ലിയുള്ള തർക്കം വാക്കേറ്റമായപ്പോഴായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ അതേ ദിവസം രാത്രിയിൽ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരൺ മർദിച്ചു.

താൻ കൊല്ലപ്പെടുമെന്ന് പോലും വിസമയക്ക് അപ്പോൾ തോന്നിയിരുന്നു. ഇതോടെ മർദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോർ തുറന്നു പുറത്തേക്ക് ചാടിയാണ് ജീവൻ രക്ഷിച്ചത്. കാറിന് പുറത്തുചാടിയ അവൾ അടുത്തു ഹോംഗാർഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടുകയായിരുന്നു. പ്രകോപനവുമായി കിരണും പിന്നാലെയെത്തുകയാണ് ഉണ്ടായത്.

ഈ സംഭവം നടന്ന സ്ഥലത്ത് അടക്കം കിരണുമായി പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തുകയുണ്ടായി. വിസ്മയയുടെ വീട്, കിരണിന്റെ വീട്, കാർ, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുർവേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മർദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും ഒന്നിച്ചു കാറിൽ യാത്ര ചെയ്ത മിക്ക സന്ദർഭങ്ങളിലും സ്ത്രീധനം കുറഞ്ഞുപോയതിന്റെയും കാറിന്റെയും പേരിൽ മർദനവും പരിഹാസവും ഭീഷണിയും പതിവായിരുന്നു.

ഇന്നലെ ഉച്ചയോടെ ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 3 ദിവസത്തേക്കാണ് കിരണിനെ കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കിരണിനെ 3 ദിവസത്തിനു ശേഷം കോടതിയിൽ ഹാജരാക്കുമ്പോൾ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 3 ദിവസത്തിനുള്ളിൽ മതിയായ തെളിവുകൾ ശേഖരിക്കാനാകില്ല. മാതാപിതാക്കൾ, സഹോദരി, സഹോദരിയുടെ ഭർത്താവ്, സുഹൃത്തുക്കൾ എന്നിവരോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്.

കിരണിന്റെ അടുത്ത സുഹൃത്തുക്കളായ അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. കുറഞ്ഞ കാറാണ് സ്ത്രീധനമായി കിട്ടിയതെന്ന പേരിൽ ഇവരിൽ ചിലർ കളിയാക്കിയതാണ് കിരണിന്റെ പ്രകോപനത്തിനു കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. തെളിവു ശേഖരണം, മൊഴിയെടുക്കൽ തുടങ്ങി കേസുമായി ബന്ധപ്പെട്ട് വിവിധ ജോലികൾക്കായി പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കുറ്റപത്രം തയാറാക്കുന്നതിന്റെ പ്രാരംഭ ജോലികളും ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പോരുവഴി ശാസ്താംനടയിലെ കിരൺകുമാറിന്റെ വീട്ടിലെത്തി ഇന്നു പരിശോധന നടത്തും. വിസ്മയ ആത്മഹത്യ ചെയ്തതാണെന്ന വാദങ്ങൾ എത്രകണ്ട് ശരിയാണ് എന്ന് പരിശോധിക്കുകയാണ് അന്വേഷണം സംഘം. പൊലീസ് കസ്റ്റഡിയിലുള്ള കിരണിനെയും ഇതേ സമയം സ്ഥലത്ത് എത്തിക്കും. വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരാഴ്ച കഴിഞ്ഞെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. കൊലപാതകമാണെന്ന സംശയം ശക്തമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

21നു പുലർച്ചെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയിൽ തറ നിരപ്പിൽ നിന്നും 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ 19 സെന്റിമീറ്റർ മാത്രം ഉയരമുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങി മരിക്കുമെന്ന സംശയം ഉത്തരമില്ലാതെ തുടരുകയാണ്.

ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടത് കിരൺ മാത്രമാണ്. പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാ ണെങ്കിലും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് മെഡിക്കൽ സംഘം എത്തുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.