കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. പൊലീസ് ഡമ്മി ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. പ്രതി കിരൺകുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതും ഇതിനുശേഷം കിരൺകുമാർ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം.

വാതിൽ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരൺകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിച്ചുകാണിച്ചു. ഇതെല്ലാം പൊലീസ് സംഘം ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. പൊലീസ് സർജനും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ കിരൺകുമാറുമായി പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലാണ് പൊലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 42 പവന്റെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയയും കിരണും ഒരുമിച്ചെത്തിയാണ് സ്വർണം ലോക്കറിൽവെച്ചത്. ഇതിനുശേഷം സ്വർണം ലോക്കറിൽനിന്നെടുത്തിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

ബാങ്കിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് കിരൺകുമാറിന്റെ വീട്ടിൽ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയും നടത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതിനുവേണ്ടിയാണ് ശാസ്ത്രീയപരിശോധനകൾ നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കിരണിനെ പന്തളത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. വിവാഹത്തിന് മുമ്പ് ഇവിടെവെച്ച് കിരൺ വിസ്മയയെ മർദിച്ചിരുന്നതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് കിരൺ മൊഴി നൽകിയിരുന്നെങ്കിലും ഇവിടെയും തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചത്.

അതിനിടെ, വിസ്മയയെ താൻ അഞ്ച് തവണ മർദിച്ചതായി കിരൺകുമാർ മൊഴി നൽകിയിട്ടുണ്ട്. വിസ്മയ മരിച്ചദിവസം മർദിച്ചിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. തികച്ചും നിർവികാരനായാണ് പ്രതി സ്വന്തം വീട്ടിലടക്കം തെളിവെടുപ്പിനെത്തിയത്.

മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.

ഇതിനിടെ നടുറോഡിൽ പട്ടാപ്പകൽ പോലും വിസ്മയക്ക് കിരണിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി ചിറ്റുമല സ്വദേശിയായ ഹോം ഗാർഡും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ വിസ്മയയുടെ വീട്ടിൽ നിന്ന് പോരുവഴിയിലെ കിരണിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മർദ്ദനം.

അടിയേറ്റ വിസ്മയ കാറിൽ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാർഡായ ആൾഡ്രിന്റെ വീട്ടിലാണ്. ആളുകൂടിയതോടെ കിരൺ കാർ റോഡിൽ ഉപേക്ഷിച്ച് വിസ്മയയെ കൂട്ടാതെ മറ്റൊരു വാഹനത്തിൽ കടന്നു കളഞ്ഞെന്നാണ് ആൾഡ്രിന്റെയും കുടുംബത്തിന്റെയും മൊഴി. കിരണിനെ ഈ സ്ഥലത്ത് എത്തിച്ചും തെളിവെടുത്തിട്ടുണ്ട്.

ബുധനാഴ്ച വരെയാണ് കിരണിന്റെ കസ്റ്റഡി കാലാവധി. കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടുദിവസം കൂടി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.