കൊല്ലം: ശാസ്താം നടയിലെ ചന്ദ്രവിലാസത്തിൽ ഞായറാഴ്ച രാത്രി നടന്നതെല്ലാം ദുരൂഹതകൾ നിറഞ്ഞ സംഭവങ്ങൾ. വിസ്മയെ മരണത്തിന് എറിഞ്ഞു കൊടുത്തതിൽ മകന് പങ്കില്ലെന്ന് പറയാൻ സദാശിവൻപിള്ളയും ചന്ദ്രമതിയമ്മയും നടത്തുന്ന ശ്രമങ്ങളിലുള്ളതും സംശയങ്ങൾ ശക്തിപ്പെടുത്തുന്ന വസ്തുതകൾ. ചന്ദ്രവിലാസം പോരുവഴിയിലെത്തി സദാശിവൻ പിള്ളയും ചന്ദ്രമതിയുമായി മറുനാടൻ വിശദമായി സംസാരിച്ചു. വിസ്മയയും കിരൺ കുമാറും തമ്മിൽ പ്രശ്‌നമില്ലെന്ന് വരുത്താനായിരുന്നു റേഷൻ കടക്കാരൻ സദാശിവൻ പിള്ളയുടേയും ഭാര്യയുടേയും ശ്രമം. എന്നാൽ പറയുന്നതെല്ലാം കള്ളമാണെന്ന് ആർക്കും വ്യക്തമാകുകയും ചെയ്യും.

സ്ത്രീധനത്തിന്റെ പേരിൽ മകനും മരുമകളും തമ്മിൽ വഴക്കേ ഉണ്ടായിട്ടില്ലെന്ന് സദാശിവൻ പിള്ളയും ഭാര്യയും മറുനാടനോട് പറഞ്ഞു. അന്ന് രാത്രി എട്ടു മണിക്ക് രണ്ടു പേരും ചെടിക്ക് വെള്ളമൊഴിക്കുന്നതും കണ്ടു. അടി നടന്നുവെന്നത് ഇവരും കണ്ടതുമില്ല. എന്നാൽ അന്ന് അർദ്ധ രാത്രി രണ്ടു മണിയോടെ വലിയ ശബ്ദം കേട്ടു. ചെന്നു നോക്കുമ്പോൾ കരയുന്ന മരുമകൾ. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. ഇതു കണ്ട് താഴത്തെ മുറിയിൽ ചെന്നു കിടക്കാൻ മരുമകളെ ഉപദേശിച്ച് അവർ മടങ്ങി. പിന്നീട് വീണ്ടും ബഹളം. വന്നപ്പോൾ കണ്ടത് മരുമകളെ പിടിച്ച് കരയുന്ന മകനേയും.

അതായത് വിസ്മയ തൂങ്ങി നിൽക്കുന്നത് ഇവരും കണ്ടിട്ടില്ല. ബാത്ത് റൂമിലെ വെന്റിലേറ്ററിന് അടുത്ത് ഷാളിൽ കെട്ടി തൂങ്ങി മരിച്ചു എന്ന് സദാശിവൻ പിള്ളയും ഭാര്യയും പറയുന്നു. ഇതേ മുറിയിൽ മകനും ഉണ്ടായിരുന്നു. ഉടനെ ഒരു ബന്ധുവിനെ വിളിച്ചു വരുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോൾ മരുമകൾക്ക് ശ്വാസമുണ്ടായിരുന്നുവെന്ന് സദാശിവൻ പിള്ള പറയുന്നു. എന്നാൽ ജീവനുണ്ടായിരുന്നില്ലെന്ന് ചന്ദ്രമതിയും. അങ്ങനെ മറുനാടനോട് പല പരസ്പര വിരുദ്ധ കാര്യങ്ങളും അച്ഛനും അമ്മയും പങ്കുവച്ചുവെന്നതാണ് യാഥാർത്ഥ്യം. കൊലപാതക സാധ്യതകൾക്ക് വരിൽ ചൂണ്ടുന്ന പലതും അതിലുണ്ട്.

മൊബൈൽ ഫോൺ മകൻ പിടിച്ചു വാങ്ങിയെന്ന് വിലപിക്കുന്ന മരുമകളെ കുറിച്ച് അവർ പറയുന്നുണ്ട്. ഈ ഫോണിൽ നിന്നാണ് തന്നെ ഭർത്താവ് അടിച്ചു പതം വരുത്തിയ ഫോട്ടോയും മറ്റ് സന്ദേശങ്ങളും വിസ്മയ കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തത്. അതായത് ഫോണിൽ നിന്ന് തെളിവുകൾ പുറത്തു പോയത് കിരൺ മനസ്സിലാക്കിയിരുന്നു. ഇതിന്റെ പകയിലായിരുന്നു അർദ്ധ രാത്രിയിലെ ബെഡ് റൂം കലാപം. ഈ കലാപത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സമർത്ഥിക്കാൻ അച്ഛനും അമ്മയും ശ്രമിക്കുമ്പോഴും മകന് നേരെ കൊലപാതാക കുറ്റം ചുമത്താനുള്ള സാധ്യതകൾ മാത്രമാണുള്ളത്.

ദുരൂഹ സാഹചര്യത്തിൽ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന് ആവർത്തിച്ച് കുടുംബം രംഗത്തുണ്ട്. മൃതദേഹത്തിലെ പാടുകൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി അച്ഛൻ ത്രിവിക്രമൻ പിള്ളയും മകൻ വിജിത്തും പറഞ്ഞു. 'മൂന്ന് മാസം മുൻപ് പരീക്ഷയ്ക്ക് പോയപ്പോ ബാഗോ വസ്ത്രങ്ങളോ ഒന്നും എടുത്തിരുന്നില്ല. വൈകീട്ട് മൂന്ന് മണിക്ക് അമ്മയെ വിളിച്ച് കിരണിന്റെ വീട്ടില് പോയെന്ന് പറഞ്ഞു. അവിടെ നിൽക്കുകയാണെന്ന് പറഞ്ഞു. അതിന് ശേഷം മോളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല,' എന്നായിരുന്നു ത്രിവിക്രമൻ പിള്ളയുടെ പ്രതികരണം.

'തന്നെയോ വിജിത്തിനെയോ ഫോൺ വിളിച്ച് സംസാരിക്കാൻ കിരൺ സമ്മതിക്കില്ലായിരുന്നു. തന്നോട് ചോദിക്കാതെ പോയതിൽ തനിക്കും ഇത്തിരി വാശിയുണ്ടായിരുന്നു. എന്റെ മോളെ എനിക്ക് നഷ്ടപ്പെട്ടു. അതിലെനിക്ക് കുറ്റബോധം ഉണ്ട്. സ്ത്രീധനം എന്ന സംവിധാനത്തിന് താൻ നിൽക്കാൻ പാടില്ലായിരുന്നു. താനും അതിനെതിരായിരുന്നു. എന്നാൽ നേരിട്ട് വന്നപ്പോൾ ചെയ്യാതിരിക്കാൻ കഴിയാതെയായിപ്പോയി. ഈ വർഷം ജനുവരി മാസം മുതലാണ് വണ്ടിയുടെ പേരിൽ പ്രശ്‌നം വന്നത്. വണ്ടിക്ക് പെട്രോൾ കിട്ടുന്നില്ല. മൈലേജ് ഇല്ലെന്നായിരുന്നു പരാതി. വണ്ടി വിറ്റ് അതിന്റെ പൈസ തരണം എന്ന് പറഞ്ഞു. സിസി ഇട്ട് എടുത്ത വണ്ടിയാണ് വിൽക്കാൻ പറ്റില്ലെന്ന് താൻ പറഞ്ഞു.

അതിന് ശേഷം അവൻ എന്റെ മോളെ ഉപദ്രവിക്കാൻ തുടങ്ങി. ഈയൊരു കാർ മാത്രമേയുള്ളൂ പ്രശ്‌നം. ഇവിടെ വന്ന് വണ്ടിയെടുത്ത് ഇടിക്കുകയും എന്റെ മോനെ അടിക്കുകയും പൊലീസിനെ അടിക്കുകയും ഒക്കെ ചെയ്തു. താലൂക്കാശുപത്രിയിൽ വച്ച് 85 ശതമാനമാണ് ആൽക്കഹോൾ ലെവലെന്ന് കണ്ടെത്തി. അതിന് ശേഷം അവന്റെ അച്ഛനും അമ്മയും സഹപ്രവർത്തകരും അളിയനും ഒക്കെ ഇവിടെയെത്തി. മേലാൽ ആവർത്തിക്കില്ലെന്ന് പറഞ്ഞു,' എന്നും അച്ഛൻ പറയുന്നു. എന്നാൽ ഈ കേസും തങ്ങൾ അറിഞ്ഞിട്ടില്ലെന്നത് പോലെയാണ് മറുനാടനോട് കിരൺ കുമാറിന്റെ അച്ഛനും അമ്മയും പ്രതികരിച്ചത്.

'തൂങ്ങിമരണം നടന്നാൽ കൈ ശരീരത്തിൽ എവിടെയെങ്കിലും മാന്തുകയോ വസ്ത്രങ്ങളിൽ മുറുകിപ്പിടിക്കുകയോ ചെയ്യും, അതൊന്നും ഉണ്ടായിരുന്നില്ല,' എന്നായിരുന്നു വിസ്മയയുടെ വിജിത്തിന്റെ പ്രതികരണം. മലമോ മൂത്രമോ പോയിട്ടില്ല. കുരുക്ക് മുറുകിയ പാട് കഴുത്തിന്റെ താഴെ ഭാഗത്തായാണ് കിടക്കുന്നത്. തൂങ്ങിമരിക്കുന്ന ഒരാളിന്റെ കഴുത്തിന് മുകളിലാണ് പാട് ഉണ്ടാകേണ്ടത്. ഇടത് കൈത്തണ്ടയിൽ മുറിവുണ്ട്. അതിന്റെ രക്തക്കറ വലത് തുടയിലേക്ക് എങ്ങിനെ വന്നു? മരിച്ച് രണ്ട് മണിക്കൂറിന് ശേഷം ആശുപത്രിയിലെത്തിച്ച് വന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്. അച്ഛൻ മൃതദേഹം കണ്ടിട്ടില്ല. ബോധപൂർവം ചെയ്ത കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു-വിജിത്ത് പറയുന്നു.