കൊല്ലം: 'അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ..പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ല.. അമ്മയെ വിളിച്ച് അവൾ അവസാനം പറഞ്ഞത് ഇതാണ്. ഞാൻ അത് ഇപ്പോഴാണ് അറിയുന്നേ. എന്റെ പെങ്ങൾക്ക് വന്നത് ഇനി ആർക്കും വരരുത്. അവൻ ഒരു സൈക്കോയാണ്. നീതി വേണം. കേരളവും മാധ്യമങ്ങളും പൊലീസും ഒപ്പം നിൽക്കണം. ' വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വെളിപ്പെടുത്തലാണ് ഇത്. ഈ വാക്കുകളാണ് വിസ്മയുടേത് ആത്മഹത്യ അല്ല കൊലപാതകമാണെന്ന് കുടുംബം ഉഖച്ചു വിശ്വസിക്കാൻ കാരണം.

യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്.കിരൺകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കിരണിന്റെ ഭാര്യ വിസ്മയയെ തിങ്കളാഴ്ച പുലർച്ചെയാണു ശൂരനാട് പോരുവഴിയിലെ കിരണിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരൺ. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ വർഷം മെയ്‌ 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. കാക്കിയിട്ട നീതി പാലകൻ. വീട്ടിലെത്തിയാൽ ഇവർ ക്രിമിനലായിരുന്നു. ഭാര്യയെ പീഡിപ്പിച്ച് ക്രൂരത കണ്ടെത്തെത്തിയ വില്ലൻ.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് വിസ്മയയ്ക്ക് ഏൽക്കേണ്ടി വന്നത്. തിങ്കളാഴ്ച പുലർച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതു കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വിസ്മയുടെ കുടുംബം കരുതുന്നു. ഇതിന് കാരണം കിരണിന്റെ ക്രൂരത മുൻകൂട്ടി കണ്ടിട്ടുള്ളത് മുൻ പരിചയമാണ്.

വിസ്മയയുമായി വിവാഹബന്ധത്തിനു കിരൺകുമാറെത്തിയതു സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞാണെന്നു സൂചന. സ്ത്രീധനമല്ല, സ്ത്രീയാണു ധനമെന്ന തത്വം ഉയർത്തിപ്പിടിച്ചാണു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ കിരണും കുടുംബവും വിവാഹാലോചനയുമായി എത്തിയതെന്നു ബന്ധുക്കൾ പറയുന്നു. മകൾക്കായി 100 പവൻ സ്വർണവും ഒരേക്കറിലധികം ഭൂമിയും 10 ലക്ഷം വില വരുന്ന കാറുമാണു വിസ്മയയുടെ കുടുംബം നൽകിയത്. വിവാഹം കഴിഞ്ഞതോടെ കിരണിന്റെ യഥാർഥ മുഖം പുറത്തുവന്നു.

'ഒരു ദിവസം രാത്രി കാർ വീട്ടിൽ കൊണ്ടുവന്ന ശേഷം എന്റെ പെങ്ങളെ കിരൺ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാൻ ചെന്ന എന്നെയും തല്ലി. അതു പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്‌ഐയെയും തല്ലാൻ പോയി. അദ്ദേഹത്തിന്റെ ഷർട്ട് ഇവൻ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോൾ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.

പെങ്ങളുടെ ഭാവിയാണ്, ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ലെന്ന് എഴുതി തന്നു. അതിൽ ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്. ജനുവരിയിലായിരുന്നു ഈ സംഭവം. അന്ന് കേസെടുത്ത എസ് ഐ സ്റ്റേഷനിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു ഈ ഒത്തുതീർപ്പുണ്ടായത്. അന്ന് എസ് ഐ ഫോണിൽ വിളിച്ച് കേസ് ഒതുക്കി തീർത്തതിലെ പരിഭവം അറിയിച്ചു. തെറ്റു തിരുത്താനായിരുന്നു അങ്ങനെ കേസ് ഒതുക്കി തീർത്തത്.

പിന്നീട് എന്റെ പെങ്ങൾ രണ്ടുമാസം വീട്ടിൽ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി. കോളജിൽ ചെന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നെ അവൾ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത്‌ െകാണ്ടാകും അവൾ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റെയും അച്ഛന്റെയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഞാൻ വാങ്ങിക്കൊടുത്ത ഫോൺ എറിഞ്ഞുപൊട്ടിച്ചു. അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോൾ പരീക്ഷയെഴുതാൻ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവൾ ചോദിച്ചതായി അമ്മ ഇപ്പോഴാണു പറയുന്നത്.

എത്ര കിട്ടിയാലും പഠിക്കാത്തവരാണ്. ഇനി ആർക്കും ഈ ഗതി വരരുത്. തിങ്കളാഴ്ച രാവിലെ 5 മണിക്കാണ് അവിടെനിന്ന് വിളിച്ചിട്ട് ആശുപത്രിയിലെത്താൻ പറയുന്നത്. ആശുപത്രിയിൽ വിളിച്ച് ചോദിച്ചപ്പോൾ പെങ്ങൾ മരിച്ചെന്നും രണ്ടു മണിക്കൂർ ആയെന്നും പറഞ്ഞു. ആ രണ്ടു മണിക്കൂറിൽ എന്ത് സംഭവിച്ചു. അവൾ ആത്മഹത്യ ചെയ്യില്ല. െകാന്നതാണ് അവൻ. അവനെ പിടികൂടണം. നീതി വേണം.. കേരളം ഒപ്പം വേണം. സർക്കാർ ജോലിക്കാരെ മാത്രം തേടി പോകുന്ന എല്ലാവരോടുമാണ് ഞാൻ ഈ പറയുന്നേ. ദയവായി കേൾക്കണം' വിജിത് മനോരമയിലെ ചാനൽ ചർച്ചയിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞു.