തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം സ്വർണവുമായി കടന്ന പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത് വെറും ഒരു മണിക്കൂറിനുള്ളിൽ. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള സൈബർസെല്ലിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ കഴക്കൂട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.

പിടിയിലായ അൽഅമീൻ പൊലീസിനോട് കൊലപാതകം താൻ തനിച്ചാണ് ചെയ്തത് എന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇന്നലെ രാത്രിയോടെ വിഴിഞ്ഞം മുല്ലൂർ കലുങ്ക്‌നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സമീപത്ത് സമീപത്ത് പിഎസ്‌സി പഠിക്കാൻ എത്തിയ വാടക വീടിന്റെ ഉടമസ്ഥന്റെ മകൻ വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ഉള്ളിൽ കയറി നോക്കവെയാണ് തട്ടിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകം ആണെന്ന് മനസ്സിലായി.

വീട്ടിൽ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ മരിച്ചത് റഫീക്കയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തി. തുടർന്ന് വാടക വീട്ടിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറി. തുടർന്ന നടന്ന അന്വേഷണത്തിൽ പ്രതികൾ കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ കയറിയതായി കണ്ടെത്തി. സൈബർ സെൽ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ കഴക്കൂട്ടം ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കിയതിനെ തുടർന്ന് വിവരം ഉടൻ തന്നെ കഴക്കൂട്ടം പൊലീസിന് കൈമാറി. കഴക്കൂട്ടം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ രക്ഷപെടുകയായിരുന്ന പ്രതികൾ പിടിയിലായത്.

വിഴിഞ്ഞം എസ്‌ഐ. കെ.എൽ.സമ്പത്തുൾപ്പെട്ട പൊലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശിനി റഫീഖ ബീവി (48), മകൻ ഷഫീഖ് (25) റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരാണ് അറസ്റ്റിലായത്.

കോവളം തീരത്ത് ജോലിക്കെത്തിയ അൽഅമീൻ ഷഫീഖുമായി സൗഹൃദത്തിൽ ആകുകയും തുടർന്ന് റഫീഖയെ പരിചയപ്പെടുകയും ഇവർക്ക് ഒപ്പം മുല്ലൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപ് റഫീഖയും അൽഅമീനും തമ്മിൽ വഴക്കിടുകയും തുടർന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകൾ വരുത്തിയിരുന്നു. ഇതോടെ വീട്ടുടമ ഇവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ കൊല്ലപ്പെട്ട ശാന്തകുമാരിക്ക് റഫീഖ വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിൽ എത്തിയ ശാന്തകുമാരിയെ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം.

സംഭവ ശേഷം ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മൽ, മോതിരം എന്നിവ പ്രതികൾ കൈക്കലാക്കിയ പ്രതികൾ മൃതദേഹം വീടിന്റെ മച്ചിനു മുകളിൽ ഒളിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്നു ശാന്തകുമാരി താമസിച്ചിരുന്നത്.

മോഷ്ടിച്ച സ്വർണം പ്രതികൾ വിറ്റു എന്നാണ് പൊലീസ് പറയുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ശനിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സനൽകുമാർ, ശിവകല എന്നിവരാണ് മരിച്ച ശാന്തകുമാരിയുടെ മക്കൾ.