പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ കേരളവും തയ്യാറെടുക്കുന്നു. തിങ്കളാഴ്ച മുതൽ വാളയാർ അതിർത്തിയിൽ കേരളവും കോവിഡ് പരിശോധന തുടങ്ങും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

രാജ്യത്തിന് പുറത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് വാളയാർ അതിർത്തിയിൽ നാളെ മുതൽ പരിശോധന തുടങ്ങാൻ തീരുമാനിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. 48 മണിക്കൂർ മുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

വാക്‌സിനെടുത്തവർക്കും പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ ക്വാറന്റൈൻ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലെ 12 റോഡുകൾ തമിഴ്‌നാട് അടച്ചിരുന്നു.. കേരളം ആവശ്യപ്പെട്ടിട്ടും ഇടറോഡുകളിൽ ഒന്നുപോലും തുറന്നില്ല. പനച്ചമൂട് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡ് മണ്ണിറക്കി അടച്ചതോടെ നാട്ടുകാർ ദുരിതത്തിലായി.

കളിയിക്കാവിള മാർക്കറ്റ് റോഡാണ് അടച്ചതിൽ ഏറ്റവും വലിയ റോഡ്. പരിശോധനയ്ക്ക് പൊലീസ് ഇല്ലാത്ത കാരക്കോണംരാമവർമൻചിറ പോലെയുള്ള റോഡുകളാണ് പൂർണമായി ബാരിക്കേഡുകൾ വച്ച് അടച്ചത്. തുറന്നുകിടക്കുന്ന റോഡുകളിൽ കർശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളു.

പനച്ചമൂട് നിന്ന് തമിഴ്‌നാട്ടിലെ കുളപ്പാറയ്ക്ക് പോകുന്ന ഇടറോഡിൽ വേലി കെട്ടിയതിന് പിന്നാലെ ടിപ്പറിൽ മണ്ണിറക്കി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.. അതിർത്തിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന് കന്യാകുമാരി ജില്ലാ ഭരണകൂടം ആലോചിക്കുന്നെന്നും സൂചനയുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി പത്ത് മുതൽ പുലർച്ചെനാലു വരെ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.

ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രാത്രി 9ന് മുമ്പ് കടകൾ അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.