കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില പതിമൂന്നു രൂപയായി നിശ്ചയിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെള്ളത്തിനു വിലയിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയിൽ ഉൾപ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. വെള്ളത്തിനു വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടു തേടി.

തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.