കൊച്ചി: യുഎഇ കോൺസുലേറ്റിലേക്കു കൊച്ചി തുറമുഖം വഴി കപ്പലിലെത്തിച്ച കുപ്പിവെള്ളം അടങ്ങിയ നയതന്ത്ര പാഴ്‌സൽ കസ്റ്റംസ് പരിശോധിച്ചാൽ കോൺസുലേറ്റിലെ ജോലി തനിക്കു നഷ്ടപ്പെടുമെന്നു സ്വപ്ന സുരേഷ് എന്തുകൊണ്ടാണു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു സന്ദേശമയച്ചത്? പല തവണ ചോദ്യം ചെയ്തിട്ടും കൃത്യമായി ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന്റെ പിന്നാലെയാണു കേന്ദ്ര ഏജൻസികൾ. കൂടുതൽ സ്വർണം കേരളത്തിലേക്ക് എത്തിയെന്ന നിഗമനത്തിലാണ് അവർ.

കഴിഞ്ഞ ഏപ്രിൽ 2നു കൊച്ചിയിലെത്തിയ കാർഗോ പരിശോധന ഒഴിവാക്കി വിട്ടുകൊടുക്കാൻ ശിവശങ്കർ നേരിട്ടു ബന്ധപ്പെട്ടെന്ന മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൊഴി അന്വേഷണ ഏജൻസികൾക്ക് കിട്ടിക്കഴിഞ്ഞു. അതായത് കസ്റ്റംസ് പരിശോധിച്ചാൽ എന്തു കൊണ്ട് സ്വപ്‌നയ്ക്ക് ജോലി നഷ്ടമാകുമെന്ന കാര്യം ശിവശങ്കറിനും അറിയാമെന്ന വിലയിരുത്തലിലാണ് കേന്ദ്ര ഏജൻസികൾ. ശിവശങ്കർ ഇടപെട്ടതോടെ പരിശോധന ഒഴിവാക്കി കസ്റ്റംസ് പാഴ്‌സൽ വിട്ടുനൽകി. ഈന്തപ്പഴത്തിന്റേയും ഖുറാന്റേയും മറവിൽ മാത്രമല്ല കുപ്പിവെള്ളമായി പോലും കടത്തു നടന്നു എന്നതാണ് ആശ്ചര്യകരം.

സംഭവം വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. സ്വപ്നയുടെ നിർദേശ പ്രകാരം നയതന്ത്ര പാഴ്‌സലുകൾ വിട്ടുകൊടുക്കാൻ ശിവശങ്കർ പതിവായി കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നു എന്നതാണ് വിലയിരുത്തൽ. സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ അതിനിർണ്ണായകമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടു വിളിക്കുമ്പോൾ എങ്ങനെ തള്ളിക്കളയും എന്ന മറു ചോദ്യമാണു ചില കസ്റ്റംസ് ഉദ്യോഗസ്ഥർ ഇഡി സംഘത്തോടു ചോദിച്ചത്. ഇനിയും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യും.

കേരളത്തിൽ കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും ഇത് പോലും വലിയ തോതിൽ യുഎഇയിൽ നിന്നു കൊണ്ടു വന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതും സ്വർണ്ണ കടത്തിന് വേണ്ടിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ മറ്റ് വിശദാംശങ്ങളും ഇന്ന് പരിശോധിക്കും. സ്വർണക്കടത്തിൽ കൂടുതൽ വിദേശികൾ പങ്കാളിയാണെന്ന് സ്വപ്നയുടെ മൊഴിയെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് പുറമേയാണിത്. ഇതെല്ലാം വ്യക്തമാക്കുന്ന സ്വപ്നാ സുരേഷിന്റെ മൊഴിയാണ് അന്വേഷണസംഘം മുദ്രവെച്ച കവറിൽ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നു.

നവംബർ 27-നാണ് സ്വപ്നാ സുരേഷ് കസ്റ്റംസിനോട് പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇവയെല്ലാം അതിഗൗരവസ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വർണക്കടത്ത് മാത്രമല്ല ഡോളർക്കടത്തും മൊഴികളിൽ കടന്നുവരുന്നുണ്ട്. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്. എന്നാൽ, പേരുകളൊന്നും വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. കോടതിയുടെ ഉത്തരവിലും ഈ പേരുകളൊന്നും പരാമർശിച്ചിട്ടില്ല. എന്നാൽ, മൊഴി വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

സ്വപ്നയ്‌ക്കൊപ്പം പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും മുദ്രവെച്ച കവറിൽ കൈമാറിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ പിന്തുണയ്ക്കുന്ന പല വിവരങ്ങളും ഇതിലുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നവംബർ 28, 29 തീയതികളിലാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പ്രതികളുടെ കസ്റ്റഡി മൂന്നുദിവസത്തേക്കുകൂടി നീട്ടിയത്. വിദേശ പൗരന്മാരുടെ പങ്കാളിത്തമെന്ന വെളിപ്പെടുത്തൽ എൻ.ഐ.എ.യുടെ അന്വേഷണപരിധിയിൽ വരുന്നതാണ്. ഇവർ സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തേക്കും.