മുംബൈ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വാട്സ്ആപ്പിന്റെ വെബ് പതിപ്പിലും വീഡിയോ, വോയ്സ് കോളുകൾ ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ച് കമ്പനി. ലാപ്പ്ടോപ്പ്, ഡെസ്‌ക്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പിന്റെ വെബ് പതിപ്പ് തുറന്ന് വോയ്സ്, വീഡിയോ കോൾ സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്. നീണ്ടക്കാലമായി ഈ സൗകര്യം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.

വെബ് ക്യാമറ, മൈക്രോ ഫോൺ സംവിധാനങ്ങൾ ഉണ്ടെങ്കിൽ വാട്സ്ആപ്പ് വെബ് വഴി വീഡിയോ, വോയ്സ് കോളുകൾ ചെയ്യാൻ സാധിക്കും. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെബ് പതിപ്പിൽ എൻഡ്- ടു- എൻഡ് എൻക്രിപ്റ്റഡ് വോയ്സ്, വീഡിയോ കോളുകൾക്കുള്ള സേവനം ആരംഭിച്ചതായാണ് വാട്സ്ആപ്പ് അറിയിച്ചത്. ഇതിനായി ലാപ്പ്ടോപ്പ്, ഡെസ്‌ക്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് വെബ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കമ്പനി അറിയിച്ചു.