കൽപ്പറ്റ: വയനാട് കമ്പളക്കാട്ട് നെൽവയലിൽ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

സംഭവം നടന്ന സ്ഥലത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികൾ. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തങ്ങൾ കാട്ടുപന്നിയെ വേട്ടയാടാൻ പോയതാണെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. അപ്പോഴാണ് കാവലിരുന്ന രണ്ടുപേർക്ക് വെടിയേറ്റത്. കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ജയനോടൊപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാലംഗ സംഘം കോട്ടത്തറയിൽ നിന്ന് വണ്ടിയാമ്പറ്റയിലെത്തി ഇവരുടെ നെൽവയലിൽ കൃഷിക്ക് കാവലിരിക്കുകയായിരുന്നു. ആ സമയത്താണ് ഇവർക്ക് വെടിയേറ്റത്.

അപകടം നടന്നയുടനെ പരിക്കേറ്റ ജയനെയും ഷരുണിനെയും ആശുപത്രിയിലെത്തിക്കാൻ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെയും വിളിച്ചിരുന്നില്ല. മെച്ചനയിൽനിന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവരുടെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾതന്നെ ജയൻ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.

രാത്രിതന്നെ പൊലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് മുന്നോടിയായി പൊലീസുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. ചൊവ്വാഴ്ച രാവിലെ പൊലീസ്, ഫൊറൻസിക്, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ദ്ധർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വർഷങ്ങളായി പ്രദേശത്ത് കൃഷിചെയ്യുന്നതിനാൽ ഷരുൺ നാട്ടുകാർക്കു സുപരിചിതനാണ്. എന്നാൽ അപകടവിവരം ആരെയും അറിയിക്കാതെ മെച്ചനയിൽനിന്ന് ബന്ധുക്കളെ വരുത്തി ആശുപത്രിയിൽപോയത് എന്തിനെന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. കള്ളത്തോക്കിൽനിന്നാണ് വെടിയേറ്റതെന്നാണ് പൊലീസും സംശയിക്കുന്നത്. എന്നാൽ തോക്ക് കണ്ടെത്താനായിട്ടില്ല.

പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടുപന്നിയും കുരങ്ങും മയിലുമെല്ലാം കൃഷിനശിപ്പിക്കാനെത്തുന്നുണ്ട്. അതിൽതന്നെ കാട്ടുപന്നി, കുരങ്ങു ശല്യമാണ് അസഹനീയം. അതിനാൽതന്നെ വയലുകളിൽ രാത്രി കാവൽ പതിവാണ്. വിവിധ ആളുകളുടേതായി പത്തേക്കറിലധികം പ്രദേശത്ത് നെൽക്കൃഷിയുണ്ട്. സാധാരണ പടക്കമെറിഞ്ഞാണ് വന്യമൃഗങ്ങളെ ഓടിക്കുന്നത്. രാത്രിയിൽ ശബ്ദം കേട്ടപ്പോഴും പതിവുപോലെ പടക്കമെറിഞ്ഞതാണെന്ന് മാത്രമേ നാട്ടുകാരും പ്രതീക്ഷിച്ചുള്ളൂ.