കൽപ്പറ്റ: തെരഞ്ഞെടുപ്പു അടുത്തതോടെ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളിൽ നടത്തുന്നത്. എന്നാൽ, ഇങ്ങനെ പ്രഖ്യാപനം നടത്തുമ്പോൾ അത് എത്രത്തോളം ആധികാരികമാണ് എന്നത് പരിശോധിക്കുമ്പോഴാണ് ഇതിലെ പൊള്ളത്തരം പുറത്തുവരിക. നേരത്തെ സ്വപ്‌ന പദ്ധതിയെന്ന വിധത്തിൽ സർ്ക്കാർ പ്രഖ്യാപിച്ച പദ്ധതി ഒരു പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും പുറത്തുവന്നു.

വയനാട് തുരങ്ക പാതയുടെ ലോഞ്ചിങ്ങ് നടത്തിയത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നൽകാതെയാണെന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. തുരങ്ക പാത സംബന്ധിച്ച് പാരിസ്ഥിതിക അനുമതിക്ക് ഇതുവരെ അപേക്ഷ നൽകിയില്ലെന്ന വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.

വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സർക്കാർ കൊട്ടിഘോഷിച്ച സ്വപ്ന പദ്ധതി. ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത, 900 കോടി രൂപ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. വനത്തിലൂടെയാണ് 8 കിലോ മീറ്റർ തുരങ്കം. അതുകൊണ്ട് ആദ്യം ലഭിക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ്. എന്നാൽ, പദ്ധതി ലോഞ്ചിങ് മുഖ്യമന്ത്രി നിർവ്വഹിച്ച് ഒരു മാസം പിന്നിടുമ്പോഴും പരിസ്ഥിതി അനുമതിക്ക് അപേക്ഷ നൽകിയില്ലെന്നാണ് സംസ്ഥാന വനംവകുപ്പ് അറിയിക്കുന്നത്.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ നിന്ന് ഈ മാസം 2 ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇതിനായി അപേക്ഷകളൊന്നും ലഭിച്ചില്ലെന്ന് വ്യക്തമായിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയവുമായി കത്തിടപാടുകൾ നടന്നിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. പദ്ധതി ഗിമ്മിക്ക് ആണെന്നത് ശരിവെക്കുന്നതാണ് മറുപടിയെന്ന് പരിസ്ഥിതി പ്രവർത്തകർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിലാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ തുരങ്ക പ്രധാന പ്രചാരണ വിഷയമായിരിക്കുമ്പോഴാണ് പരിസ്ഥിതി അനുമതി അപേക്ഷ സമർപ്പിച്ചില്ലെന്ന വിവരം പുറത്ത് വരുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു സർക്കാർ തട്ടിക്കൂട്ടിയ പദ്ധതികളുടെ കൂട്ടത്തിലാണ് ഈ തുരങ്കപാതയും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രൊജക്ട് ഉദ്ഘാടനം നടത്തിയപ്പോഴും സർക്കാറിന് ഇക്കാര്യത്തിൽ എത്രകണ്ട് ആത്മാർത്ഥയുണ്ട് എന്ന കാര്യത്തിൽ സംശയം ശക്തമാണ്. നാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ, പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് എത്രകണ്ട് ആത്മാർത്ഥത പദ്ധതിയുടെ കാര്യത്തിൽ ഇല്ലെന്നാണ് വിവരാവകാശ രേഖ പുറത്തുവരുമ്പോൾ വ്യക്തമാകുക.

പരിസ്ഥിതി ദുർബല പ്രദേശമായ പശ്ചിമഘട്ടം തുരന്നു കൊണ്ടുള്ള തുരങ്കപാത നിർമ്മിക്കുമ്പോൾ അതിന് ആദ്യം വേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം അനുമതിയാണ്. വനമേഖല ഉൾപ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്. വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ വാങ്ങാൻ അപേക്ഷ പോലും നൽകായാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. വടക്കാഞ്ചേരിയിലെ കുതിരാനിലെ തുരങ്ക പാത പോലും ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാറിന്റെ നടപടി വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന ആക്ഷേപം ശക്തമാണ്.

അതേസമയം ഗൗരവമായ പഠനം നടത്തിയതിനു ശേഷമാണ് വനഭൂമിക്കടിയിൽ പാറ തുരന്ന് 7 കിമി ദൂരമുള്ള തുരങ്ക പാത നിർമ്മിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. രാജ്യത്തിലെ തന്നെ മൂന്നാമത്തെ ദൈർഘ്യമേറിയ തുരങ്കപാതയാണിത്. വൈദഗ്ധ്യം ഉള്ള കൊങ്കൺ റെയിൽവേ കോർപ്പേറേഷനെയാണ് പദ്ധതി ഏൽപിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ തുരങ്കപാത പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതേസമയം മുഖ്യമന്ത്രി പറഞ്ഞത് ഗൗരവമായ പഠനം നടത്തിയത് ആരാണ് എന്ന ചോദ്യമാണ് പരിസ്ഥിതി പ്രവർത്തകർ ചോദിക്കുന്നത്.

ഇതിൽ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഡ്വ. ഹരീഷ് വാസുദേവൻ അടക്കമുള്ളവർ രംഗത്തുവന്നു കഴിഞ്ഞു. ആരാണ് ഇതിന്റെ ഫീസിബിലിറ്റി പഠിച്ചത്? എവിടെ പഠനറിപ്പോർട്ട്? പരിസ്ഥിതികമായ എന്തൊക്കെ ആഘാതം ഉണ്ടാകും? മണ്ണിടിച്ചിൽ പ്രദേശമാണോ? ഇത്രയധികം പണം ചെലവിട്ടു നിർമ്മിക്കേണ്ട പ്രയോറിറ്റി എന്താണ്? തുടങ്ങിയ ചോദ്യങ്ങലാണ് ഹരീഷ് ഉന്നയിക്കുന്നത്. പദ്ധതി വേണമെന്ന് ആദ്യം തീരുമാനിച്ചിട്ടു അതിന്റെ ആഘാതം പേരിന് പഠിക്കുന്നതിന്റെ നാശമാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നിലെന്ന സംശയവും ഹരീഷ് വാസുദേവൻ ഉന്നയിക്കുന്നു. മലയിടിഞ്ഞു പാതി വഴിയിൽ നിർത്തി പോയാലും കൊങ്കൺ കമ്പനിയെ മുന്നിൽ നിർത്തി സബ്കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷൻ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോൾ ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പു ഫണ്ടും ലഭിക്കാമന്നുമുള്ള നിരീക്ഷണങ്ങളും ഹരീഷ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.