ധാക്ക: തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യകാല സമരങ്ങളിലൊന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യദിനഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരം തന്റെ രാഷ്ട്രീയ ജീവിതത്തിലും നിർണായക സംഭവമായിരുന്നെന്ന് മോദി പറഞ്ഞു.

 'ഞാനും എന്റെ സഹപ്രവർത്തകരും ഇന്ത്യയിൽ ഒരു സത്യാഗ്രഹം നടത്തിയിരുന്നു.. ഞാൻ എന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സത്യാഗ്രഹ വേളയിൽ എനിക്ക് ജയിലിൽ പോകേണ്ടിയും വന്നു.' നരേന്ദ്ര മോദി പറഞ്ഞു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനോടുള്ള ആദര സൂചകമായി 'മുജീബ് ജാക്കറ്റ്' അണിഞ്ഞെത്തിയ മോദി, 1971ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ പങ്കിനെ അനുസ്മരിച്ചു.

'എന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽ ഒന്നാണിത്. ഈ പരിപാടിയിൽ ബംഗ്ലാദേശ് എന്നെ ഉൾപ്പെടുത്തിയതിൽ നന്ദിയുണ്ട്. ഈ മഹത്തായ രാജ്യത്തെ സൈനികരും അവരുടെ ഒപ്പംനിന്ന ഇന്ത്യക്കാരും ചെയ്ത ത്യാഗം ഞങ്ങൾ ഒരിക്കലും മറക്കില്ല.' മോദി പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും എക്കാലവും ജനാധിപത്യത്തിനു വേണ്ടിയാണ് നിലകൊണ്ടതെന്നും അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും ഒരുമിച്ചു മുന്നേറണ്ടത് അത്യാവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോവിഡിനുശേഷം ആദ്യമായാണ് മോദി വിദേശയാത്ര നടത്തുന്നത്. അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ ബംഗ്ലാദേശിൽ നടന്ന പ്രതിഷേധത്തിൽ 4 പേർ മരിച്ചു.