കൊൽക്കത്ത: ശക്തമായ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ പശ്ചിമ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 292 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തുടർഭരണം ഉറപ്പിച്ചേക്കുമെന്ന ഫലസൂചനകൾ.

വോട്ടെണ്ണലിന്റെ ആരംഭം മുതൽ ബിജെപിയെ പിന്നിലാക്കിയാണ് നിലവിൽ തൃണമൂൽ മുന്നേറുന്നത്. 292 സീറ്റുകളിലെ ഫലസൂചനകളിൽ 203 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപിക്ക് 86 സീറ്റുകളിൽ ലീഡുണ്ട്. കോൺഗ്രസ് ഇടത് സഖ്യത്തിന് രണ്ടു സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്.

കഴിഞ്ഞ തവണത്തേക്കാൾ 40 മണ്ഡലങ്ങളിലാണ് തൃണമൂൽ മുന്നേറുന്നത്. അതേസമയം, ബംഗാളിലെ നന്ദിഗ്രാമിൽ മമത ബാനർജി തിരിച്ചുവരവിന്റെ പാതയിലാണ്. തന്റെ പഴയ വിശ്വസ്തൻ സുവേന്ദു അധികാരിക്കെതിരെ 8106 വോട്ടിനു പിന്നിലായിരുന്ന മമത, ഇപ്പോൾ സുവേന്ദുവിന്റെ ലീഡ് 4000 താഴെ വോട്ടുകൾക്കാണ് പിന്നിട്ടു നിൽക്കുന്നത്.



പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ ബിജെപിയും, മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരടിച്ച തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ഫലം ഇരു കൂട്ടർക്കും ഒരുപോലെ നിർണായകം.

ഇവർക്കൊപ്പം പരാമവധി സീറ്റു സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതു പാർട്ടികളും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യവുമുണ്ട്. ആകെ 294 സീറ്റുകളുള്ള ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രിൽ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്.

അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളിൽ 200ൽ അധികം സീറ്റുകൾ നേടി വൻ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്.

ഭരണം പിടിക്കാൻ ബിജെപി നടത്തുന്ന പരിശ്രമങ്ങളെ നേരിടാൻ മമതാ ബാനർജി നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ബംഗാൾ തിരഞ്ഞെടുപ്പിനെ ഇക്കുറി കൂടുതൽ ശ്രദ്ധേയാക്കിയത്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒറ്റയ്ക്ക് നയിക്കുന്നുവെന്ന് മാത്രമല്ല, പഴയ വിശ്വസ്തൻ ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ കടുത്ത മത്സരത്തിന് സ്വയം വിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു.

തൃണമൂലിൽനിന്ന് തെറ്റിപ്പിരിഞ്ഞ സുവേന്ദു അധികാരിയുടെ തട്ടകമാണ് നന്ദിഗ്രാം ഉൾപ്പെടുന്ന നാല് ജില്ലകൾ. ഇവിടെ ബിജെപി. സ്ഥാനാർത്ഥിയായ സുവേന്ദുവിനെതിരെ വിജയമുറപ്പില്ലാത്ത മത്സരത്തിനിറങ്ങുകയും മറ്റൊരിടത്ത് സുരക്ഷിത മണ്ഡലമൊരുക്കാതെ പോരാടുകയും ചെയ്യുന്നു എന്നതിലൂടെ തന്നെ മമത ചരിത്രമെഴുതിക്കഴിഞ്ഞു.

നന്ദിഗ്രാമിൽ താൻ മത്സരിക്കാനിറങ്ങിയില്ലെങ്കിൽ നാൽപതോളം മണ്ഡലങ്ങളിൽ ടി.എം.സിയുടെ നില പരുങ്ങലിലാകുമെന്ന് തിരിച്ചറിഞ്ഞതിന്റെ രാഷ്ട്രീയസാമർഥ്യമാണ് മമത പ്രയോഗിച്ചത്. പത്തുവർഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള പ്രചരണത്തോടൊപ്പം കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനങ്ങളുമായിരുന്നു മമതയുടെ രാഷ്ട്രീയായുധങ്ങൾ. ഇതോടൊപ്പം സ്ഥിരം വോട്ട് ബാങ്കുകളായ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, പാവപ്പെട്ടവർ, ഇടത്തരക്കാർ, ഹിന്ദുക്കളിൽ ഒരു വിഭാഗം തുടങ്ങിയവരെ ഒപ്പം നിർത്താനും മമത ശ്രദ്ധിച്ചു.