കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമബംഗാളിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ജഗ്ദീപ് ധൻഖർ. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ഗവർണർ വിളിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് വിശദീകരണം നൽകാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാനും ചീഫ് സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര അക്രമസംഭവങ്ങളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഗവർണർ തന്റെ ട്വീറ്റിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യങ്ങൾ തിരിച്ചറിയുകയോ വേണ്ട നടപടികൾ കൈക്കൊള്ളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിനും വിമർശനമുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ ഇരയായവരുടെ പുനരധിവാസത്തിനായി കൽക്കട്ട ഹൈക്കോടതി ഒരു സമിതിക്ക് രൂപം നൽകിയിരുന്നു.അക്രമസംഭവങ്ങളിൽ തങ്ങളുടെ ഒമ്പത് പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് ബിജെപി. ആരോപിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.