ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിൻ സ്വീകരിച്ചതാണ് ഇന്നത്തെ ഏറ്റവും വലിയ ദേശീയ വാർത്ത. പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചതിലൂടെ മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്‌സിൻ വിതരണത്തിലേക്കും രാജ്യം കടന്നു കഴിഞ്ഞു. മോദിക്ക് കോവിഡ് വാക്‌സിന് കുത്തിവെച്ച സംഘത്തിൽ ഉണ്ടായിരുന്നത് മലയാളി നഴ്‌സുമാർ അടക്കമുള്ളവരരായിരുന്നു.

പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത് പുതുച്ചേരി സ്വദേശി സിസ്റ്റർ നിവേദയാണ്. വാക്സിൻ നൽകിയ സംഘത്തിൽ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിൽ ആണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി എയിംസിൽ നിന്ന് കോവിഡ് വാക്സിനായ കോവാക്‌സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തിൽ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.

മൂന്ന് വർഷമായി എയിംസിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് നിവേദ. 'പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കാൻ എത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും നിവേദ പ്രതികരിച്ചു. ഞങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞു'. കുത്തിവെപ്പെടുത്തുകഴിഞ്ഞപ്പോൾ തനിക്ക് അനുഭവപ്പെട്ടതുപോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കാൻ വരുന്നുവെന്നത് സർപ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ റോസമ്മ പ്രതികരിച്ചത്. തൊടുപുഴ സ്വദേശിനിയാണ് റോസമ്മ. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിൻ സ്വീകരിച്ചത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതൽ വാക്‌സിൻ കുത്തിവെയ്‌പ്പ് ആരംഭിക്കുന്നത്.

അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മോദി വാക്സിൻ സ്വീകരിച്ചതിന് ശേഷം ട്വിറ്ററിൽ കുറിച്ചു. 'എയിംസിൽ നിന്ന് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' മോദി ട്വീറ്റ് ചെയ്തു.

കോവിഡ് വാക്‌സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള പ്രത്യേക രോഗാവസ്ഥകളുള്ളവർക്കും വാക്‌സിൻ വിതരണം തുടങ്ങുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ വാക്‌സിൻ സ്വീകരണം.

'ഇന്ന് കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് എയിംസിൽ നിന്ന് സ്വീകരിച്ചു. കോവിഡ് 19നെതിരെ ഇത്ര വേഗത്തിൽ പോരാട്ടം ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടർമാർക്ക് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. ' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. വാക്‌സിൻ സ്വീകരിക്കാൻ യോഗ്യതയുള്ള എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ കോവിഡ് മുക്തമാക്കാൻ ഒരുമിച്ച് പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 27 കോടിയോളം ആളുകൾക്ക് വാക്‌സിൻ നൽകാനുള്ള രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ യജ്ഞം ഇന്ന് ആരംഭിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് രജിസ്‌ട്രേഷൻ തുടങ്ങുന്നത്. കൊവിൻ 2.0 പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വാക്‌സിൻ ലഭിക്കാനായി രജിസ്റ്റർ ചെയ്യുകയും കുത്തിവെയ്‌പ്പ് സ്വീകരിക്കാനായി സമയവും തീയതിയും സ്ഥലവും ബുക്ക് ചെയ്യുകയും ചെയ്യാം.

കൊവിൻ പ്ലാറ്റ് ഫോമിനു പുറമെ ആരോഗ്യസേതു ഉൾപ്പെടെയുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും രജിസ്‌ട്രേഷൻ സാധ്യമാകും. പ്രായമായവർക്കും രോഗികൾക്കുമാണ് ഈ ഘട്ടത്തിൽ മുൻഗണന. ജനുവരി 16നായിരുന്നു രാജ്യവ്യാപകമായി കോവിഡ് 19 വാക്‌സിനേഷൻ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കായിരുന്നു ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകിയത്. ഫെബ്രുവരി രണ്ട് മുതൽ രണ്ട് കോടിയോളം വരുന്ന മുൻനിര പ്രവർത്തകർക്കും വാക്‌സിൻ നൽകിത്തുടങ്ങി.