ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് വാട്‌സ് വ്യക്തമാക്കി. ഐ ടി നിയമത്തിലെ ഈ ചട്ടം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അവരുടെ വാദം. വാട്‌സ് ആപ്പ് സന്ദേശങ്ങൾ പരിശോധിക്കുക എന്നു പറഞ്ഞാൽ അത് സ്വകാര്യതയുടെ ലംഘനമാണ്. ഇത് വിരടലയാളം പരിശഓധിക്കുന്നത് പോലെയാണെന്നും വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ നിയമം ഏറ്റവും അധികം പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് വാട്‌സ്ആപ്പിനെയാണ്. സ്വകാര്യ വ്യക്തികളുടെ സന്ദേശം സർക്കാർ പരിശോധിക്കുന്ന അവസ്ഥ വന്നാൽ വാട്‌സ് ആപ്പിൽ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്കാകും ഉണ്ടാകുക.

അതേസമയം ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുന്നത് സംബന്ധിച്ച് പ്രതികരിക്കാൻ വാട്സാപ്പ് വാക്താവ് തയ്യാറായില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാൻ സാധിക്കാത്തത്. അതിനാൽ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എൻക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്. 

അതസമയം ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങളിൽ ചില കാര്യങ്ങളോടാണ് ഫേസ്‌ബുക്കിന് എതിർപ്പ് ഉയരുന്നത്. സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ സമയപരിധി അവസാനിക്കും മുമ്പ് കേന്ദ്രവുമായി ഒരുമിച്ചു പോകാനാണ് താൽപ്പര്യമെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ കൂടുതൽ ഇടപെടൽ വേണ്ട ചില വിഷയങ്ങളിൽ ആഴത്തിൽ ചർച്ച ആവശ്യമാണെന്നും ഫേസ്‌ബുക് പ്രസ്താവനയിൽ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

'ഐടി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ശ്രമിക്കും. ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ സുരക്ഷിതമായും സ്വതന്ത്രമായും പ്രകടിപ്പിക്കാനുള്ള ഇടമായിത്തന്നെ നിലകൊള്ളുന്നതിൽ ഫെയ്‌സബുക് പ്രതിജ്ഞാബദ്ധരാണ്' ഫേസ്‌ബുക് വ്യക്തമാക്കി.

ഇന്ത്യയിൽ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയത്. സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. പുതിയ നിർദ്ദേശങ്ങൾ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകൾ.

നിയമങ്ങൾ പാലിക്കാത്തതിനാൽ ക്രിമിനൽ നിയമ നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയിൽനിന്ന് കംപ്ലയിൻസ് ഓഫിസർമാരെ നിയമിക്കണമെന്നായിരുന്നു സർക്കാർ മുന്നോട്ടുവച്ച പ്രധാന നിർദ്ദേശം. ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാൽ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നൽകും. സമൂഹ മാധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ലാറ്റ്ഫോമുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

കേന്ദ്രവൃത്തങ്ങൾ പറയുന്നത് പ്രകാരം ചട്ടങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആശയ വിനിമയത്തിന്റെ ഇടനിലക്കാർ എന്ന തരത്തിലുള്ള നിയമ പരിരക്ഷ ഈ സോഷ്യൽ മീഡിയ കമ്പനികൾക്ക് നഷ്ടപ്പെടുകയും ക്രിമിനൽ കേസ് വരെ എടുക്കാനും നിരോധനമേർപ്പെടുത്താനും സാധിക്കും. എന്നാൽ എന്താണ് സർക്കാർ എടുക്കാൻ പോകുന്ന നടപടി എന്നത് വ്യക്തമല്ല. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെടുമോ എന്നതും വ്യക്തമല്ല.

കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാത്രമല്ല, ഒ ടി ടികൾക്കും ഇത് ബാധകമാണ്.

പ്രമുഖ സോഷ്യൽ മീഡിയ കമ്പനികളും, സർക്കാരും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഉലച്ചിലുകൾ സംഭവിച്ചതായി കഴിഞ്ഞകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ടികിടോക്, പബ്ജി നിരോധനത്തിൽ യാതൊരു ഇളവും നൽകാത്ത് കേന്ദ്രം ഇതിലെന്ത് തീരുമനമെടുക്കുമെന്നതും ആശങ്കയുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ നയം അംഗീകരിക്കണം എന്ന് കേന്ദ്രം സോഷ്യൽ മീഡിയ കമ്പനികൾക്ക് മുമ്പും നിർദ്ദേശം നൽകിയിട്ടുണ്ട്.