തിരുവനന്തപുരം: നിയമസഭയിലേക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചതോടെ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. പാർട്ടിയിലെ തലമുറ മാറ്റത്തിലൂടെ സിപിഎം വേരുകൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ആലോചനയിലാണ് സിപിഎം. മത്സരിക്കാനുള്ള സ്ഥാനാർത്ഥിപ്പട്ടികയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയത് തന്നെ കേരളം ബംഗാൾ ആകാതിരിക്കാനുള്ള മുൻകരുതൽ നടപടി ആയിരുന്നു. മന്ത്രിസഭയിലും ഈ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ സിപിഎമ്മിന് ഭാവി കൂടുതൽ ശോഭനമാകുമെന്ന വിലയിരുത്തലാണുള്ളത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപവത്കരിക്കുമ്പോൾ മുമ്പുണ്ടായിരുന്ന പ്രമുഖർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും. മന്ത്രിമാരിൽ മുഖ്യമന്ത്രിക്കുപുറമേ കെ.കെ. ശൈലജയ്ക്ക് മാത്രമായിരിക്കും രണ്ടാമൂഴം നൽകാൻ സാധ്യത ഉള്ളത് എന്നാണ് പുരത്തുവരുന്ന സൂചനകൾ. ഇത് സംബന്ധിച്ച ധാരണ പിബി അംഗങ്ങൾക്കിടയിൽ ഉടലെടുത്തെന്നും സൂചനയുണ്ട്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിലാകും ഇക്കാര്യം ചർച്ച ചെയ്യുക.

പുതുമുഖങ്ങൾക്ക് ഊന്നൽ നൽകിയാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് ഇടംകിട്ടാതെ പോകാം. ഇടതുസ്വതന്ത്രനായി മത്സരിച്ച കെ.ടി. ജലീലിന് പാർട്ടിനിബന്ധന ബാധകമാക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മന്ത്രിസ്ഥാനമില്ലെങ്കിൽ സ്പീക്കർപദവിയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും. കടകംപള്ളിയും സ്പീക്കർസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരിലുണ്ട്. മന്ത്രിസ്ഥാനത്തേക്ക് ജലിലീനെ പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്.

ശൈലജയ്ക്കുപുറമേ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവർക്കുപുറമേ മന്ത്രിമാരാകാൻ സാധ്യതയുള്ളവരിൽ വി.എൻ. വാസവൻ, എം.ബി. രാജേഷ്, വീണാ ജോർജ്, വി. ശിവൻകുട്ടി, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. ചിത്തരഞ്ജൻ അല്ലെങ്കിൽ സജി ചെറിയാൻ, ഇവരിലൊരാളെ എന്തായാലും പരിഗണിക്കും. മത്സ്യത്തൊഴിലാളിമേഖലയിൽ ചിത്തരഞ്ജനുള്ള പ്രാധാന്യമാണ് അദ്ദേഹത്തിനുള്ള മുൻതൂക്കം.

മന്ത്രിമാരിൽ മുസ്ലിം പ്രാതിനിധ്യത്തിനുള്ള സാധ്യതയാണ് കെ.ടി. ജലീലിനുള്ള മുൻതൂക്കം. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും പ്രധാനമാണ്. ജലീൽ ഇല്ലെങ്കിൽ, താനൂരിൽനിന്ന് രണ്ടാംതവണയും ഇടതുസ്വതന്ത്രനായി ജയിച്ച വി. അബ്ദുറഹ്മാനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വകുപ്പുകളിൽ ചിലമാറ്റങ്ങൾ വരുത്തിയാകും പുതിയ വിഭജനം. കെ.കെ. ശൈലജയ്ക്ക് ആരോഗ്യംതന്നെ നൽകും. കോവിഡ് കാലം കണക്കിലെടുത്തു കൂടിയാകും ഈ തുമാനം. മറ്റേതെങ്കിലും അധികവകുപ്പുകൂടി അവർക്ക് അനുവദിക്കാൻ സാധ്യതയുണ്ട്. ധനകാര്യം പി. രാജീവിനെ ഏൽപ്പിക്കാനാണ് സാധ്യത. അല്ലെങ്കിൽ ബാലഗോപാലിനെ. ധനകാര്യമില്ലെങ്കിൽ രാജീവിന് വിദ്യാഭ്യാസവും ബാലഗോപാലിന് പൊതുമരാമത്തും നൽകാൻ സാധ്യതയുണ്ട്.

ദേവസ്വം, സഹകരണം എന്നിവ ഒരുമന്ത്രിക്ക് കീഴിലായിരുന്നത് മാറാനിടയുണ്ട്. ശിവൻകുട്ടി മന്ത്രിസ്ഥാനത്തേക്ക് വന്നാൽ ദേവസ്വം, തൊഴിൽ വകുപ്പായിരിക്കും ലഭിക്കാനിടയുള്ളത്. വാസവൻ വന്നാൽ സഹകരണം, എക്‌സൈസ് വകുപ്പുകൾ ലഭിച്ചേക്കും. കെ. രാധാകൃഷ്ണന് പിന്നാക്കക്ഷേമത്തിനുപുറമേ മറ്റേതെങ്കിലും പ്രധാന വകുപ്പുകൂടി നൽകും. എം.ബി. രാജേഷ്, വീണാ ജോർജ് എന്നിവരാണെങ്കിൽ വിദ്യാഭ്യാസവകുപ്പിലായിരിക്കും പരിഗണിക്കുക.

അതേസമയം എംഎ‍ൽഎ.മാരുടെ എണ്ണം പരിഗണിക്കാതെ എല്ലാ ഘടകകക്ഷികൾക്കും പരിഗണന നൽകാനും സിപിഎം തയ്യാറായേക്കും. അതനുസരിച്ച് ഏക അംഗങ്ങളുള്ള ചില പാർട്ടികൾക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാൽ, എല്ലാ കക്ഷികൾക്കും മന്ത്രിസ്ഥാനമെന്ന നിലപാടായിരിക്കില്ല ഇക്കാര്യത്തിൽ ഉണ്ടാകുക. മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പിലും സിപിഐ.യും സിപിഎമ്മും വിട്ടുവീഴ്ച ചെയ്താൽ മാത്രമാണ് ഇത് സാധ്യമാകുക. അതിനായി, സിപിഐ.യു.മായി ചർച്ച നടത്തി ധാരണയുണ്ടാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഏക അംഗങ്ങളുള്ള അഞ്ച് ഘടകകക്ഷികൾ മുന്നണിയിലുണ്ട്. എൽ.ജെ.ഡി., ഐ.എൻ.എൽ., ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ്(ബി), കേരള കോൺഗ്രസ് (എസ്) എന്നിവയാണിത്. ഇതിനുപുറമേ, ഘടകകക്ഷിയല്ലെങ്കിലും മുന്നണിയുമായി സഹകരിക്കുന്ന ആർ.എസ്‌പി. ലെനിനിസ്റ്റിനും ഒരു എംഎ‍ൽഎ.യുണ്ട്. വി എസ്. സർക്കാരിന്റെ കാലം മുതൽ ഒറ്റ അംഗമുള്ള കോൺഗ്രസ് എസിന് മന്ത്രിസ്ഥാനം നൽകിയിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മന്ത്രിയായിരുന്നത്. അതിനാൽ, ഇത്തവണ അദ്ദേഹത്തിന് അവസരം നൽകാനിടയില്ല.

കെ.പി. മോഹനനു മാത്രാണ് എൽ.ജെ.ഡി.യിൽനിന്നു ജയിക്കാനായത്. ഒരംഗം എന്ന നിലയിലുള്ളതിനെക്കാൾ രാഷ്ട്രീയ പരിഗണന എൽ.ജെ.ഡി.ക്ക് നൽകണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതിനാൽ, ഒരു മന്ത്രിസ്ഥാനം എൽ.ജെ.ഡി.ക്കു നൽകാനിടയുണ്ട്. കേരള കോൺഗ്രസ് (ബി)യുടെ കാര്യത്തിലും ഈ പരിഗണനയുണ്ടാകും. ഐ.എൻ.എൽ., ജനാധിപത്യ കേരള കോൺഗ്രസ് എന്നിവയ്ക്ക് മന്ത്രിസ്ഥാനം നൽകുമോയെന്ന കാര്യം ഉറപ്പില്ല. അർഹമായ മറ്റ് പദവികളെങ്കിലും ഇവർക്കു നൽകിയേക്കും.

മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിൽനിന്നും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും സിപിഐ.യിൽനിന്നുമാണ് ഉണ്ടാകാറുള്ളത്. ഇതിൽ വിട്ടുവീഴ്ച വരുത്തിയാലേ മറ്റു കക്ഷികൾക്ക് പരിഗണന നൽകാനാകൂ. കേരള കോൺഗ്രസ് എം, എൻ.സി.പി., ജനതാദൾ(എസ്) എന്നിവയ്ക്കും മന്ത്രിസ്ഥാനം നൽകണം. ആദ്യം സിപിഐ.യുമായി ധാരണയുണ്ടാക്കും. ആറു കാബിനറ്റ് പദവി എന്ന കണക്കിൽ സിപിഐ. കുറവുവരുത്തേണ്ടിവരും. വകുപ്പുകളുടെ കാര്യത്തിലും മാറ്റമുണ്ടാകാനിടയുണ്ട്. കൃഷിവകുപ്പ് സിപിഎം. ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. കേരളകോൺഗ്രസിന് നൽകുന്ന വകുപ്പുകൾ ഏതൊക്കെയാണെന്ന് അനുസരിച്ചാകും ഈ മാറ്റങ്ങൾ.