കൊല്ലം: ലോട്ടറിയിലെ നമ്പർ തിരുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ ഷാജി ചെറുകിട ലോട്ടറി കച്ചവടക്കാരെ സ്ഥിരമായി പറ്റിച്ചിരുന്ന ആളെന്ന് പൊലീസ്. കൊല്ലം ജില്ലയിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് വ്യാപകമായി ഇയാൾ പണം തട്ടിയെടുത്തിരുന്നു. മാറനാട് മലയിൽ രതീഷ് വിലാസത്തിൽ രതീഷ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വെഞ്ചേമ്പ് ബ്ലാത്തൂർ ഹൗസിൽ ഷാജി( 51) പൊലീസിന്റെ പിടിയിലാകുന്നത്. മാറനാട് എൽപി സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രതീഷ് കുമാറിൽ നിന്നും ഇയാൾ ഏഴായിരം രൂപയും മൂവായിരം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റും തട്ടിയെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് കൊല്ലം കരിക്കോട്ടെ ലോട്ടറി ഏജൻസിയിൽ നിന്ന് ഷാജിയെ അറസ്റ്റ് ചെയതത്.

വയോധികരായ ചെറുകിട ലോട്ടറി കച്ചവടക്കാരെ കേന്ദ്രീകരിച്ചായിരുന്നു ഷാജിയുടെ തട്ടിപ്പ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളിലെ എട്ട് എന്ന അക്കം മൂന്ന് എന്ന് തിരുത്തി ഷാജി കൊല്ലം ,തിരുവനന്തപുരം മേഖലകളിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് തട്ടിയെടുത്തത് ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ. ഓരോ തവണ തട്ടിപ്പു നടത്തുമ്പോഴും ഷാജി തന്റെ ഇരുചക്രവാഹനത്തിന്റെ നമ്പരും മാറ്റിക്കൊണ്ടേയിരുന്നു.

ഒടുവിൽ മാറനാട് സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ എഴുകോൺ പൊലീസിന്റെ പിടിവീണു. എഴുകോൺ ഇൻസ്പെക്ടർ ടിഎസ് ശിവപ്രസാദ്, എസ്ഐമാരായ ബാബു കുറുപ്പ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ബിനിൽ മോഹൻ എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കോട്ടെ ലോട്ടറി ഏജൻസിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം 14ന് ആയിരുന്നു ഷാജിയുടെ തട്ടിപ്പിന് രതീഷ്കുമാർ ഇരയായത്. സ്കൂട്ടറിലെത്തിയ ഷാജി നമ്പർ തിരുത്തിയ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് രതീഷിനെ എൽപിക്കുകയായിരുന്നു. അവസാനത്തെ 8 എന്ന അക്കം 3 എന്ന് തിരുത്തിയ ടിക്കറ്റാണ് നൽകിയത്. നൽകിയ നമ്പരിന് 1000 രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചപ്പോൾ 10 ടിക്കറ്റും ബാക്കി 600 രൂപ പണമായും കൈപ്പറ്റുകയും ചെയ്തു. പിന്നീട് ലോട്ടറി മൊത്ത വിതരണ ഏജൻസിയെ സമീപിച്ചപ്പോഴാണ് രതീഷിനു തട്ടിപ്പ് മനസ്സിലായത്. ഇതോടെ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു.