കൊച്ചി: എറണാകുളം കോതമംഗംലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ കാട്ടാന വീണു. പിണവൂർകുടിയിലെ ഗോപാലകൃഷ്ണൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പുലർച്ചെയാണ് കാട്ടാന അകപ്പെട്ടത്. അലർച്ച കേട്ട് നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. ഇവിടുത്തെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലൊന്ന് കാൽതെറ്റി വീണെന്നാണ് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി.

എന്നാൽ രക്ഷാ പ്രവർത്തനം തുടങ്ങുന്നതിനിടെ പ്രതിഷേധവുമായി പ്രദേശവാസികളെത്തി. കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് രക്ഷാപ്രവർത്തനത്തിനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു. ആനശല്യം തടയാൻ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. നഷ്ടപരിഹാരം നൽകിയതിനുശേഷം മാത്രമെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കൂ എന്നും ഇവർ നിലാപാടെടുത്തു.

ഒടുവിൽ ഡിഎഫ്ഒ ഇടപെട്ട് നാട്ടുകാരെ ശാന്തമാക്കിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയത്.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം ഇടിച്ചു നിരത്തി ആനയ്ക്ക് കര കയറാനുള്ള വഴിയൊരുക്കി. മണിക്കൂറുകളായി കിണറിനുള്ള നടത്തിയ പരാക്രമത്തിനൊടുവിൽ ആന ഒടുവിൽ കാട്ടിലേക്ക് മടങ്ങി.