ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, മുടിക്കയം പ്രദേശങ്ങളിൽ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. നരിമറ്റം ജോസഫ്, ബിജു, ചാക്കോ പാലക്കുന്നേൽ, പുതുപറമ്പിൽ അജു, വലിയമറ്റം ജോസഫ് എന്നിവരുടെ കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.

അടുത്ത ആഴ്ചകളിലായി നിരവധി തവണയാണ് കാട്ടാനക്കൂട്ടം എത്തി മേഖലയിൽ കാർഷിക വിളകൾക്ക് നാശം വരുത്തുന്നത്. രണ്ടാഴ്ച മുൻപ് കാട്ടാനയുടെ അക്രമത്തിൽ ഒരു കർഷകന് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ വനപാലകരെ തടഞ്ഞുവെച്ച സംഭവവുമുണ്ടായി.

കർണ്ണാടകയുടെ അധീനതയിലുള്ള ബ്രഹ്മഗരി വനമേഖലകളിൽ നിന്നുമാണ് ആനക്കൂട്ടം ബാരാപ്പോൾ പുഴ അതിരിട്ടുനിൽക്കുന്ന അയ്യങ്കുന്നിലെ കച്ചേരിക്കടവ്, മുടിക്കയം മേഖലകളിൽ എത്തിച്ചേരുന്നത്.പുഴയിൽ വെള്ളം കുറവായതിനാൽ പുഴകടന്നു നേരെ ജനവാസമേഖലകളിലേക്കു ഇവ പ്രവേശിക്കുകയാണ്.

മേഖലയിൽ ആന പ്രതിരോധ മാർഗ്ഗങ്ങൾ ഒന്നുമില്ല. ഇവിടങ്ങളിൽ കാട്ടാന പ്രതിരോധ സംവിധാനം ഉണ്ടാക്കണമെന്നാവശ്യം ഇതുവരെ നടപ്പായിട്ടില്ല. കഴിഞ്ഞ താലൂക്ക് സഭയിൽ പഞ്ചായത്തു പ്രസിഡന്റ് ഈ വിഷയം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് കാടുമൂടികിടക്കുന്ന ഏക്കറുകളോളം സ്ഥലം ഉണ്ട്.

ഇവിടങ്ങളിലാണ് ആനക്കൂട്ടം പകൽ സമയങ്ങളിൽ താവളമാക്കുന്നത്. വർഷങ്ങളായി കാടുകയറി കിടക്കുന്ന ഭൂമി വനം വകുപ്പ് ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോസഫ് മുണ്ടംപ്ലാക്കൽ, ബിജോയി പ്ലാത്തോട്ടം എന്നിവർ സ്ഥലം സന്ദർശിച്ചു.