ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൻസ് കണ്ണന്താനം. മത്സരിക്കാനില്ലെന്നും തന്നെ നിർബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ പാർട്ടിയിലെ ന്യൂനപക്ഷ മുഖമായ അൽഫോൻസ് കണ്ണന്താനവും മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാന ഘടകത്തിനും ഇതേ നിലപാടാണ്.

എന്നാൽ താൻ ഇത്തവണ മത്സരിക്കാനില്ലെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ നേരിട്ടറിയിച്ചിരിക്കുകയാണ് കണ്ണന്താനം. മുൻ അനുഭവങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിൽ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് സൂചന. സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പള്ളി ലഭിച്ചാലും മത്സരിത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഗ്രഹിച്ച മണ്ഡലങ്ങളിൽ മത്സരിക്കാൻ കണ്ണന്താനത്തിനായിരുന്നില്ല. ചാലക്കുടി, ഇടുക്കി, പത്തനംതിട്ട തുടങ്ങിയിലേതിലെങ്കിലും മത്സരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ എറണാകുളം സീറ്റാണ് അദ്ദേഹത്തിന് ലഭിച്ചത്. പാർട്ടി ഘടകങ്ങൾ തനിക്കായി വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.