ന്യൂയോർക്ക്: മൃഗശാലയിലാണെങ്കിലും വന്യജീവി സങ്കേതങ്ങളിലാണെങ്കിലും വന്യമൃഗങ്ങൾ അപകടകാരികൾ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇവടങ്ങളിലൊക്കെത്തന്നെയും സന്ദർശകർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നതും. എന്നാൽ ഇതൊന്നും തനിക്ക്
ബാധകമല്ലെന്ന് പറഞ്ഞ് മൃഗശാലയിലെ സിംഹക്കൂട്ടിൽ കയറിയ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.ന്യുയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെത്തിയ ഒരു യുവതിയാണ് നിർദേശങ്ങളൊക്കെ അവഗണിച്ച് കയറിയത് ഒരു സിംഹക്കൂട്ടിൽ കയറിയത്. സിംഹത്തോടുള്ള സ്‌നേഹം മൂലം അതിനെ അടുത്തു കാണുന്നതിനായിരുന്നു യുവതിയുടെ സാഹസം.

സന്ദർശകരിൽ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോസാപ്പൂക്കൾകൊണ്ട് ഉണ്ടാക്കിയ രണ്ടു ബൊക്കെകളും കൈയിൽ കരുതിയായിരുന്നു യുവതി സിംഹക്കൂടിനുള്ളിൽ കയറിയത്. വേലിക്കുള്ളിൽ കയറിയശേഷം ദൃശ്യങ്ങൾ പകർത്തിയിരുന്ന വ്യക്തിയോട് 'താൻ ഇവനെ ഏറെ മിസ്സ് ചെയ്തു' എന്ന് യുവതി പറയുകയും ചെയ്യുന്നുണ്ട്. കുറച്ചകലെയായി സിംഹം നിൽക്കുന്നതും വിഡിയോയിൽ കാണാം.

കാഴ്ചകണ്ടു നിന്നവരെ കൈവീശി കാണിച്ചശേഷം യുവതി സിംഹത്തിനോട് 'ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നും, നിനക്കായി മാത്രമാണ് ഞാൻ തിരികെ എത്തിയതെന്നും പറഞ്ഞു. അതിനുശേഷം അല്പസമയം കൂടിനുള്ളിൽ നിന്ന് നൃത്തം ചെയ്ത യുവതി ബൊക്കെകളും ഒരു ഡോളറിന്റെ നോട്ടുകളും സിംഹത്തിന് നേരെ എറിഞ്ഞു കൊടുത്തു. കൂടിനുള്ളിൽ മനുഷ്യനെ കണ്ടിട്ടും സിംഹം ആക്രമിക്കാൻ ശ്രമിച്ചില്ല. അതുകൊണ്ട് മാത്രമാണ് യുവതി ജീവനോടെ പുറത്ത്കടന്നത്. അല്പനേരം യുവതിയെ നോക്കി നിന്ന ശേഷം സിംഹം അതേ സ്ഥാനത്ത് തന്നെ കിടക്കുകയായിരുന്നു.

സംഭവം കണ്ടുകൊണ്ടിരുന്ന മറ്റു സന്ദർശകർ ഉടൻ തന്നെ വിവരം മൃഗശാല അധികൃതരെ അറിയിച്ചു. എന്നാൽ അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും യുവതി സിംഹക്കൂടിനുള്ളിൽ നിന്നും സ്ഥലം വിട്ടിരുന്നു.യുവതിയുടെ പേരോ വിവരങ്ങളോ വ്യക്തമല്ല. 2019ലും മൃഗശാലയിൽ സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. മ്യാ ഓട്രി എന്ന യുവതിയാണ് അന്ന് സിംഹത്തെ പാർപ്പിച്ച കൂടിനുള്ളിൽ കയറിയത്. തനിക്ക് മനുഷ്യരെയും മൃഗങ്ങളെയും ഭയമില്ലെന്നും സിംഹത്തിന് തന്നോട് സ്‌നേഹമാണെന്നുമാണ് മ്യാ ഓട്രി അന്ന് പറഞ്ഞത്. സംഭവത്തെതുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. അതെ യുവതി തന്നെയാണ് ഇത്തവണയും സിംഹക്കൂടിനുള്ളിൽ കയറിയതെന്ന് ദൃക്‌സാക്ഷികളിലൊരാൾ പറയുന്നു.