സൂററ്റ്: ​ഗുജറാത്തിലെ വനിതാ സബ് ഇൻസ്പെക്ടറുടെ മരണത്തിൽ ​ദുരൂഹത ഒഴിയുന്നില്ല. കഴിഞ്ഞ ​ദിവസം വീടിനുള്ളിൽ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഗുജറാത്ത് പൊലീസ് സബ് ഇൻസ്പെക്ടർ എ.പി.ജോഷി (32)യുടെ മരണത്തിലാണ് ​ദുരൂഹത തുടരുന്നത്. സർവീസ് പിസ്റ്റൽ ഉപയോഗിച്ച് സ്വയം വെടിവെച്ചതാണ് എന്ന പ്രാഥമിക നി​ഗമനം എങ്കിലും വളരെ സമർത്ഥയായ ഉദ്യോ​ഗസ്ഥ എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യമാണ് അന്വേഷണ സംഘത്തെയും കുഴയ്ക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഫൽസാവാദിയിലെ പൊലീസ് കോളനിയിലെ വീട്ടിൽ ജോഷിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവർ വീട്ടിൽ തനിച്ചായിരുന്നു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ജോഷി, ശനിയാഴ്ച രാവിലെയാണ് വീട്ടിൽ മടങ്ങിയെത്തിയത്. വളരെ മിടുക്കിയായ ഉദ്യോഗസ്ഥ എന്നാണ് സഹപ്രവർത്തകർ ഇവരെക്കുറിച്ച് പറയുന്നത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും 12.45നും ഇടയ്ക്കാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. വയറ്റിലേക്ക് വെടിയുതിർത്തതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മരിക്കുന്നതിന് കുറച്ച് സമയം മുൻപ് ജോഷി, പൊലീസ് ഡ്രൈവറായ ഭർത്താവ് വൈഭവിനോട് ഫോണിൽ സംസാരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ആത്മഹത്യ. ഇത്തരമൊരു കടുംകൈ ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ജോഷിയുടെ ഭർത്താവ് വൈഭവും നാലുവയസുകാരനായ മകനും മാതാപിതാക്കൾക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ജോഷിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസിൽ 'മിസ് യു' എന്ന സന്ദേശം കണ്ട വൈഭവ്, ഭാര്യയെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ബന്ധുവിനെ വിളിച്ച് വീട്ടിൽപ്പോയി തിരക്കി വരാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തി പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറിപ്പോഴാണ് ജോഷിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

യുവതിയുടെ മുറിയിൽ നിന്നും ഒരു ഡയറിയും പൊലീസ് കണ്ടെത്തിയിരുന്നു. 'ജീവിക്കാനും മരിക്കാനും ബുദ്ധിമുട്ടാണ്. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നാണ് ഡയറിയിൽ കുറിച്ചിരുന്നത്. എന്നാൽ ഇത് ജോഷിയുടെ ആത്മഹത്യാക്കുറിപ്പ് ആണോയെന്ന കാര്യവും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. റിപ്പോർട്ട് വന്നശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുകയുള്ളു. 'വെടിയൊച്ച ആരും കേട്ടിരുന്നില്ല. കുറച്ച് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജോഷിയുടെ കുടുംബം മടങ്ങി വന്നശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാൻ കഴിയു'. പൊലീസ് വ്യക്തമാക്കി.